കൊല്ലം : വള്ളിക്കാവ് അമൃതാനന്ദമയി മഠത്തിലെ കെട്ടിടത്തിൽനിന്നു നിന്നു ചാടി വിദേശ വനിത ആത്മഹത്യ ചെയ്തു. ബ്രിട്ടീഷുകാരി സ്റ്റെഫേഡ് ഫിയോന (45)യാണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. പ്രധാന ഫ്ലാറ്റിന്റെ ഏഴാം നിലയിൽനിന്നാണ് ഫിയോന താഴേക്ക് ചാടിയത്.
കഴിഞ്ഞ ജനുവരിയിൽ ടൂറിസ്റ്റ് വിസയിലാണ് സ്റ്റെഫേഡ് ആശ്രമത്തിൽ എത്തിയത്. ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതോടെ നാട്ടിലേക്കുള്ള തിരികെ പോക്ക് മുടങ്ങിയതിന്റെ മനോവിഷമത്തിലായിരുന്നു ഇവരെന്നും മഠം അധികൃതർ പറഞ്ഞു. ബുധനാഴ്ച രാവിലെ കായലിൽ ചാടി ആത്മഹത്യാശ്രമവും ഇവർ നടത്തിയിരുന്നു. എന്നാൽ പൊലീസ് എത്തി ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു.
മാനസിക പ്രശ്നം പ്രകടിപ്പിച്ചിരുന്ന ഇവരെ തിരികെ അയക്കുന്നതിന് ശ്രമം നടത്തിവരികയായിരുന്നെന്നും മഠം അധികൃതർ പറഞ്ഞു. മൃതദേഹം കരുനാഗപ്പള്ളി താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
Post Your Comments