Latest NewsNews

ഭീഷണിപെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസ് ; ഷംനയ്ക്ക് പിന്തുണയുമായി താര സംഘടന

കൊച്ചി: തെന്നിന്ത്യയിലെ മുന്‍നിര നായികയും നര്‍ത്തകിയുമായ ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ താരത്തിന് പൂര്‍ണ്ണ പിന്തുണയെന്ന് താരസംഘടന ‘അമ്മ’. നിയമനടപടികള്‍ക്ക് ആവശ്യമെങ്കില്‍ സഹായം നല്‍കുമെന്നും അമ്മ നേതൃത്വം അറിയിച്ചു. ഒരാഴ്ച മുമ്പ് വിവാഹാലോചനയുമായി എത്തിയവര്‍ കുടുംബവുമായി അടുപ്പത്തിലായ ശേഷം പണം തട്ടാന്‍ ശ്രമിക്കുകയായിരുന്നെന്ന് ഷംന കാസിം വ്യക്തമാക്കിയിരുന്നു.

നേരത്തെ, തട്ടിപ്പിന്റെ വിവരം നടി വെളിപ്പെടുത്തിയതിന് പിന്നാലെ കൂടുതല്‍ പെണ്‍കുട്ടികള്‍ പ്രതികള്‍ക്കെതിരെ രംഗത്ത് വന്നിരുന്നു. അതില്‍ മറ്റൊരു നടിയെയും ഒരു മോഡലിനെയും ഭീഷണിപെടുത്തിയതായാണ് വിവരം. ഇവരില്‍ നിന്ന് പ്രതികള്‍ പണവും സ്വര്‍ണവും തട്ടിയെടുത്തിട്ടുണ്ടെന്നാണ് അറിയാന്‍ സാധിക്കുന്നത്. ഇരുവരും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

തൃശൂരില്‍നിന്നു വന്ന വിവാഹാലോചനയില്‍ താല്‍പര്യം പ്രകടിപ്പിച്ചപ്പോള്‍ ഇവര്‍ പിതാവുമായും സഹോദരനുമായും ബന്ധപ്പെട്ടിരുന്നു. ഒന്നു രണ്ടു തവണ വരനായി എത്തിയ ആളോട് ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നെന്നും ഷംന കാസിം പറഞ്ഞു. എന്നാല്‍ ഈ ചുരുങ്ങിയ സമയം കൊണ്ട് ഇവര്‍ വീട്ടുകാരുമായി അടുപ്പമുണ്ടാക്കിയെടുത്തെന്നും ഇവര്‍ പറയുന്നു.

ഇതിനിടെ അന്‍വര്‍ എന്ന പേരില്‍ വരനായി വന്ന ആള്‍ ഷംനയെ ഫോണില്‍ വിളിച്ച് ഒരു ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.പൊലീസ് അറസ്റ്റ് ചെയ്ത റഫീഖ് ആണ് അന്‍വര്‍ ആയി അഭിനയിച്ചത്. ഇയാള്‍ രണ്ട് കുട്ടികളുടെ അച്ഛന്‍ ആണെന്ന് പൊലീസ് പറഞ്ഞു. ഒരു ലക്ഷം രൂപയുടെ ഷോര്‍ട്ടേജ് ഉണ്ടെന്നും അത്യാവശ്യമാണെന്നുമായിരുന്നു ഇയാള്‍ പറഞ്ഞത്. ഇത് കേട്ട് ആദ്യം സംശയമായപ്പോള്‍ അമ്മയോട് പറയാമെന്നു ഷംന പറഞ്ഞു. എന്നാല്‍ ആരേയും അറിയിക്കണ്ട, അവിടെ തന്റെ ഒരു സുഹൃത്ത് വരും, അയാളുടെ കയ്യില്‍ പണം നല്‍കിയാല്‍ മതിയെന്ന് വരനായി എത്തിയ ആള്‍ പറയുകയായിരുന്നു. ദുബായില്‍ സ്വര്‍ണ്ണക്കടയുണ്ടെന്ന് പ്രതികള്‍ പറഞ്ഞു. വീഡിയോ കോള്‍ വിളിക്കാന്‍ ഷംന ആവശ്യപ്പെട്ടതോടെ പ്രതി ഫോണ്‍ സ്വിച്ച് ഓഫ് ആക്കി.

എന്നാല്‍ പണം നല്‍കാതിരുന്നതോടെ പിറ്റേദിവസം പിതാവെന്ന് പറഞ്ഞയാളാണ് വിളിച്ചതെന്നും ഷംന പറയുന്നു. ഇതോടെ വീട്ടുകാരോട് വിവരം പറയുകയായിരുന്നു. ഇതേതുടര്‍ന്ന് വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വിവാഹാലോചനയുമായി എത്തിയവര്‍ തന്റെ വീടിന്റെയും പരിസരത്തിന്റെയും ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത് കണ്ടെത്തി. ഇതേതുടര്‍ന്നാണ് പിന്നീട് പൊലീസില്‍ വിവരമറിയിച്ചതെന്നും ഷംന കാസിം പറഞ്ഞു. അമ്മ തന്നെയാണ് പരാതി നല്‍കിയതെന്നും ഇവര്‍ വ്യക്തമാക്കി

സംഭവത്തില്‍ തൃശൂര്‍ സ്വദേശികളായ നാലുപേര്‍ അറസ്റ്റിലായി. വാടാനപ്പള്ളി സ്വദേശി റഫീഖ്, കൈപ്പമംഗലം സ്വദേശി ശരത്ത്, കടവന്നൂര്‍ സ്വദേശി രമേശ്, ചേറ്റുവ സ്വദേശി അഷ്‌റഫ് എന്നിവരാണ് പിടിയിലായത്. അതേസമയം മൂന്നു പേരെ കൂടി പിടികൂടാനുണ്ടെന്ന് മരട് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button