COVID 19Latest NewsKeralaNews

വെള്ളിയാഴ്ചകളിലെ ജുമുഅ നിസ്‌കാരത്തിന് സാമൂഹിക അകലം പാലിച്ച് പരമാവധി 100 പേര്‍ക്ക് പങ്കെടുക്കാം

കാസര്‍ഗോഡ്‌ • കോവിഡ് നിര്‍വ്യാപനത്തിന്റെ ഭാഗമായി സാമൂഹിക അകലം ഉറപ്പുവരുത്തി വെള്ളിയാഴ്ചകളിലെ ജുമുഅ നിസ്‌കാരത്തിന് ഒറ്റത്തവണയായി പരാമാവധി 100 പേര്‍ക്കും സാധാരണ പ്രാര്‍ത്ഥനകളില്‍ 50 പേര്‍ക്കും മാത്രമേ പങ്കെടുക്കാന്‍ പാടുള്ളുവെന്ന് കാസര്‍ഗോഡ്‌ ജില്ലാതല കോറോണ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. കോവിഡ് നിര്‍വ്യാപനത്തിന് സര്‍ക്കാര്‍ നിശ്ചയിച്ച എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിച്ച് മാത്രമേ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാവുവെന്ന് കാസര്‍ഗോഡ്‌ ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബു അഭ്യര്‍ത്ഥിച്ചു. പ്രര്‍ത്ഥനയില്‍ പങ്കെടുക്കുന്നവര്‍ പ്രാര്‍ത്ഥനയ്ക്ക് വരുമ്പോഴും തിരികെ പോകുമ്പോഴും സാമൂഹിക അകലം പാലിക്കണം.

റൂം ക്വാറന്റൈയിനിലുള്ളവര്‍ പുറത്തിറങ്ങിയാല്‍ കേസെടുക്കും

റൂം ക്വാറന്റൈയിനിലുള്ളവര്‍ പുറത്തിറങ്ങിയാല്‍ പോലീസ് നടപടി ശക്തമാക്കും. റൂം ക്വാറന്റൈയിന്‍ നിബന്ധന പാലിക്കാത്തവര്‍ക്കെതിരെ കേരള പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സ് പ്രകാരം രണ്ട് വര്‍ഷം കഠിന തടവ് ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരം കേസെടുക്കും. കഴിഞ്ഞ ദിവസം റൂം ക്വാറന്റൈയിന്‍ ലംഘിച്ചതിന് ഒമ്പത് പേര്‍ക്കെതിരെ പകര്‍ച്ച വ്യാധി നിയന്ത്രണ നിയമപ്രകാരം പോലീസ് കേസ്സെടുത്തിട്ടുണ്ട്. ഇവരെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപന ക്വാറന്റൈയിനിലേക്ക് മാറ്റി. റൂം ക്വാറന്റൈയിന്‍ ലംഘിക്കുന്നവരെ കുറിച്ചുള്ള വിവരം വാര്‍ഡതല് ജാഗ്രതാസമിതികള്‍ പഞ്ചായത്ത്-മുനിസിപ്പല്‍ സെക്രട്ടറിമാരെ ഉടന്‍ അറിയിക്കണം. വാര്‍ഡ്തല ജാഗ്രത സമിതി ശക്തമായ ജാഗ്രത പാലിക്കണം. സമ്പര്‍ക്കം വഴിയുള്ള രോഗ വ്യാപനം തടയുന്നതിന് ഈ നടപടികള്‍ അനിവാര്യമാണ്.

സാമൂഹിക അകലം കര്‍ശനമായി പാലിക്കണം

സാമൂഹിക അകലം കര്‍ശന പാലിക്കണം. ആളുകള്‍ കൂട്ടം കൂടുന്നതായും പൊതു ഇടങ്ങളില്‍ സാമൂഹിക അകലം പാലിക്കുന്നത് കുറഞ്ഞുവരുന്നതായും ശ്രദ്ധയില്‍പ്പെട്ടതായി ജില്ലാതല കോറോണ കോര്‍ കമ്മിറ്റി യോഗം വിലയിരുത്തി. നിയന്ത്രണം പാലിക്കാതെയുള്ള കൂടിച്ചേരലുകള്‍ ഒഴിവാക്കണം. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ചിലര്‍ കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഒരു കാരണവശാലും ഇത് അനുവദിക്കില്ലെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു

തലപ്പാടി വരെ മുഴുവന്‍ ബസുകളും സര്‍വ്വീസ് നടത്തണം

മഞ്ചേശ്വരം വരെ സര്‍വ്വീസ് നടത്തുന്ന മുഴുവന്‍ ബസുകളും ഇനി മുതല്‍ തലപ്പാടി വരെ സര്‍വ്വീസ് നടത്തണം. തലപ്പാടി വരെ സര്‍വ്വീസ് നടത്തുന്ന ബസുകള്‍ക്ക് ഫോറസ്റ്റ് ചെക്ക് പോസ്റ്റ് വരെ ഓടാം. ബസ് തിരിച്ചു വരുമ്പോള്‍ തലപ്പാടി പോലീസ് ചെക്ക് പോസ്റ്റിനടുത്ത് നിന്ന് ആളെ കയറ്റി, ആരോഗ്യ പരിശോധന കേന്ദ്രത്തില്‍ നിന്ന് ആളുകളുടെ ആരോഗ്യ പരിശോധന നടത്തണം.

കല്ല്യാണ, മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് ഷോര്‍ട്ട് ടേം വിസ്റ്റില്‍ വരാം

കല്ല്യാണ ആവശ്യങ്ങള്‍ക്ക് അന്യസംസ്ഥാനത്ത് നിന്ന് ജില്ലയിലേക്ക് വരുന്നവര്‍ കോവിഡ് 19 ജാഗ്രത വെബ്സെറ്റില്‍ ഷോര്‍ട്ട് ടേം വിസ്റ്റ് എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്ത പാസുമായി വേണം വരാന്‍. മംഗലാപുരം ആശുപത്രികളില്‍ ചികിത്സ തേടുന്നതിന് അടിയന്തിര സാഹചര്യത്തില്‍ പോകുന്നവരും കോവിഡ് 19 ജാഗ്രത വെബ് പോര്‍ട്ടലില്‍ഷോര്‍ട്ട് ടേം വിസ്റ്റ് എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതില്‍ ചികിത്സ തേടുന്ന ആശുപത്രിയുടെ വിലാസം ഫ്രം എന്ന കോളത്തിലും രോഗിയുടെ വീട്ടുവിലാസം റ്റു എന്ന കോളത്തിലും രേഖപ്പെടുത്തണം.

അലഞ്ഞുതിരിയുന്നവരെ പിടികൂടി ക്വാറന്റൈനില്‍ പാര്‍പ്പിക്കുന്നതിനുള്ള സൗകര്യം കാസര്‍കോട്് നഗരസഭയിലെ ടി. ഉബൈദ് ലൈബ്രറിയില്‍ ഒരുക്കിയിട്ടുളളതായി മുനിസിപ്പല്‍ സെക്രട്ടറി യോഗത്തില്‍ അറിയിച്ചു. ക്വാറന്റൈയിന്‍ ലംഘിച്ചതിന് കേസെടുക്കുന്നവരെയും ഈ കേന്ദ്രത്തില്‍ പാര്‍പ്പിക്കുന്നതിന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.

കളക്ടറേറ്റില്‍ നടന്ന ജില്ലാതല കോറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി ഡി ശില്‍പ, സബ്കളക്ടര്‍ അരുണ്‍ കെ വിജയന്‍, എഡിഎം എന്‍ ദേവീദാസ്, ഡിഎംഒ ഡോ എ വി രാംദാസ്, കാസര്‍കോട് ആര്‍ ഡി ഒ ടി ആര്‍ അഹമ്മദ് കബീര്‍, എക്‌സ് സൈസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ അനില്‍ കുമാര്‍, ഫിനാന്‍സ് ഓഫീസര്‍ കെ സതീശന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ വി പുഷ്പ, ജില്ലാ സപ്ലൈ ഓഫീസര്‍ വി കെ ശശിധരന്‍, ജില്ലാ ലേബര്‍ ഓഫീസര്‍ എം കേശവന്‍, ഡി എം ഒ(ഐഎസ്എം) ഡോ സ്റ്റൈല്ല ഡേവിഡ്, ഡി എം ഒ(ഹോമിയോപ്പതി) ഡോ കെ രാമസുബ്രമണ്യം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

shortlink

Post Your Comments


Back to top button