കല്‍പ്പറ്റ : വയനാട്ടിൽ വളര്‍ത്തുമൃഗങ്ങളെ വന്യജീവികള്‍ ആക്രമിക്കുന്നത് പതിവാകുന്നു.
വടക്കനാട്ടും പരിസര പ്രദേശങ്ങളിലുമാണ് വന്യജീവി ആക്രമണം രൂക്ഷമായിരിക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ടു പശുക്കളെയാണ് കടുവ ഇവിടെ നിന്നും പിടിച്ചത്. ഏറ്റവുമൊടുവില്‍ ആനക്കല്ലിങ്കല്‍ ഗോപിയുടെ പൂര്‍ണ ഗര്‍ഭിണിയായ പശുവിനെയാണ് കടുവ കൊന്നുതിന്നത്.
കഴിഞ്ഞ ദിവസം ചെമ്പരത്തിമൂല ഭാഗത്തുവെച്ചാണ് കടുവയുടെ ആക്രമണമുണ്ടായത്. വനാതിര്‍ത്തിയില്‍ പശുക്കളെ തീറ്റിയ ശേഷം വീട്ടിലേക്ക് തിരിച്ചു പോകുന്നതിനിടെയായിരുന്നു സംഭവം. മുന്നില്‍ ഓടിപ്പോയ പശുക്കിടാവിനെ വീട്ടിലേക്ക് തെളിച്ചുവിട്ട ശേഷം, ഗോപി തിരിച്ചുചെന്നപ്പോള്‍ പശുവിനെ കാണാനില്ലായിന്നു. തുടര്‍ന്ന് രാത്രി വരെ പരിസരത്ത് തിരച്ചില്‍ നടത്തിയെങ്കിലും പശുവിനെ കണ്ടെത്താനായില്ല. തൊട്ടടുത്ത ദിവസം രാവിലെ കുടുംബാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ വനത്തിനുള്ളില്‍നിന്ന് പശുവിന്റെ ജഡം കണ്ടെത്തുകയായിരുന്നു. വിവരമറിയിച്ചതിനെത്തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
ഒരാഴ്ചമുമ്പ് ഇവിടെ നിന്നും രാജൻ എന്ന വ്യക്തയുടെ പശുവിനെയും കടുവ കൊന്നിരുന്നു. വടക്കനാടും പരിസരഗ്രാമങ്ങളിലും സ്ഥിരമായി കടുവയുടെ സാന്നിധ്യമുള്ളതായി നാട്ടുകാര്‍ പറഞ്ഞു. പലരും കടുവയെ ഇവിടെ നേരില്‍ കണ്ടിട്ടുണ്ട് . കഴിഞ്ഞ ഡിസംബര്‍ 24-ന് വിറക് ശേഖരിക്കാന്‍ പോയ വടക്കനാട് പച്ചാടി കാട്ടുനായ്ക്ക കോളനിയിലെ ജഡയനെ കടുവ കൊന്നുതിന്നിരുന്നു. ഇതിനുശേഷവും കടുവയെ നാലാംവയല്‍, വള്ളുവാടി, പച്ചാടി, വീട്ടിക്കുറ്റി, താമരക്കുളം, പുല്‍പള്ളി-ബത്തേരി റോഡ് എന്നിവിടങ്ങളിലെല്ലാം കണ്ടിരുന്നു. ഈ വനമേഖലയില്‍ ഒന്നിലധികം കടുവകളുണ്ടെന്ന് മുമ്പ് വനംവകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ പതിഞ്ഞ ചിത്രങ്ങളില്‍നിന്നു വ്യക്തമായിരുന്നു.
ജഡയനെ കൊലപ്പെടുത്തിയതിന് ശേഷമാണ് കടുവ വളര്‍ത്തുമൃഗങ്ങളെ സ്ഥിരമായി ആക്രമിക്കാന്‍ തുടങ്ങിയതെന്നും നാട്ടുകാര്‍ പറയുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കടുവയെ പിടികൂടുന്നതിനായി വനംവകുപ്പ് പെപ്പര്‍യാഡ് വനഭാഗത്ത് കൂട് സ്ഥാപിച്ചിരുന്നു. പക്ഷേ, കടുവയെ പിടികൂടാനായിട്ടില്ല. കടുവ ആക്രമണം ഭയന്ന് ഇരുട്ട് വീണാല്‍ വീടിന് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത സ്ഥിയാണ് ഇവിടെയൊന്നും നാട്ടുകാര്‍ പറഞ്ഞു.
Post Your Comments