ബാഴ്‌സയില്‍ നിന്ന് ഒന്നാം സ്ഥാനം തട്ടിയെടുത്ത് റയല്‍ മാഡ്രിഡ്. ലാലിഗയില്‍ വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ സെവ്വിയ്യയുമായി സമനിലയില്‍ ആയതാണ് ബാഴ്‌സയ്ക്ക് തിരിച്ചടിയായത്. ഇന്നു നടന്ന മത്സരത്തില്‍ ബാഴ്‌സയുടെ സമനില മുതലെടുത്ത് റയല്‍ സോസിഡാസിനെ പരാജയപ്പെടുത്തിയതോടെയാണ് സിദാന്റെ പുലിക്കുട്ടികള്‍ പോയ്ന്റ് ടേബിളില്‍ ഒന്നാമതെത്തിയത്.
റയല്‍ സോസിഡാസിന്റെ ഹോം ഗ്രൗണ്ടില്‍ വച്ച് നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡ് വിജയിച്ചത്. കോവിഡ് പ്രതിസന്ധികള്‍ക്ക് വിരാമമിട്ട് ഫുട്‌ബോള്‍ പുനരാരംഭിച്ചതിനു ശേഷമുള്ള റയലിന്റെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്. ക്യാപ്റ്റന്‍ റാമോസും ബെന്‍സീമയുമാണ് റയലിന് വേണ്ടി ഗോളുകള്‍ നേടിയത്.
ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു കളിയിലെ മൂന്നു ഗോളുകളും പിറന്നത്. മത്സരത്തിന്റെ 50ആം മിനുട്ടില്‍ ആയിരുന്നു റയലിന്റെ ആദ്യ ഗോള്‍. വിനീഷ്യസ് ജൂനിയറിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തില്‍ എത്തിച്ച് റാമോസ് ആണ് റയലിനെ മുന്നില്‍ എത്തിച്ചത്. പിന്നാലെ 70ആം മിനുട്ടില്‍ ബെന്‍സീമ റയലിന്റെ മൂന്ന് പോയന്റ് ഉറപ്പിച്ച രണ്ടാം ഗോളും നേടി. ഇതിനിടയില്‍ സോസിഡാഡ് ഒരു ഗോള്‍ നേടി. എന്നാല്‍ വാര്‍ സംവിധാനത്തില്‍ പുനപരിശോധിച്ചപ്പോള്‍ ഓഫ്‌സൈഡ് വിളിച്ചത് ഏറെ വിവാദമുണ്ടാക്കി. പിന്നീട് മെറീനോ സോസിഡാഡിന് വേണ്ടി ആശ്വാസഗോള്‍ നേടി.
ഈ വിജയത്തോടെ റയല്‍ മാഡ്രിഡിന് 30 മത്സരങ്ങളില്‍ 65 പോയ്ന്റായി. ഇത്രതന്നെ മത്രങ്ങളില്‍ നിന്നും ബാഴ്‌സലോണക്കും 65 പോയ്ന്റാണ് ഉള്ളത്. എന്നാല്‍ ഹെഡ് ടു ഹെഡ് മികവ് റയലിനെ ഒന്നാമത് നിര്‍ത്തും. 2012 മുതല്‍ ഒരു ലാ ലിഗാ കിരീടം മാത്രം നേടിയ മാഡ്രിഡ് ഇപ്പോള്‍ ലീഗ് നേടുന്നതില്‍ നിന്ന് എട്ട് വിജയങ്ങള്‍ അകലെയാണ്.
Post Your Comments