തൃശൂർ : ലോക്ഡൗണിൽ വീട്ടിലുളള ഇഷ്ടികയും മണലും ഉപയോഗിച്ച് സ്വന്തമായി പ്രകൃതിസൗഹൃദ ഫ്രിഡ്ജ് തയ്യാറാക്കിയിരിക്കുകയാണ് തൃശൂര്‍ വേലൂര്‍ സ്വദേശിയായ സിന്ധു എന്ന വീട്ടമ്മ. സിന്ധുവിന്‍റെ ഫ്രിഡ്ജില്‍ പച്ചക്കറിയും പാലുമൊക്കെ എത്ര ദിവസം വേണമെങ്കിലും കേടുകൂടാതെയിരിക്കും. മാത്രമല്ല വൈദ്യുതി വേണ്ട എന്നതാണ് ഈ ഫ്രിഡ്ജിന്റെ ഏറ്റവും വലിയ പ്രത്യേകത. രാവിലെയും വൈകിട്ടും ചുറ്റും നനച്ചു കൊടുത്താൽ മതി.
പ്രകൃതിയെ ഉപദ്രവിക്കാതെ ജീവിക്കണമെന്ന പക്ഷക്കാരാണ് സിന്ധുവും ഭര്‍ത്താവ് വേണുഗോപാലും. അതുകൊണ്ട് തന്നെ ഓസോണ്‍ പാളികള്‍ക്ക് ദോഷമുണ്ടാക്കുന്ന ഫ്രിഡ്ജും എസിയുമൊന്നും സിന്ധുവിന്‍റെ വീട്ടിലില്ല. വളരെ നാളുകൾക്ക് മുൻപ് മുതൽ തന്നെ വീട്ടമ്മയ്ക്കുള്ള ആഗ്രഹമാണ് പ്രകൃതി സൗഹൃദ ഫ്രിഡ്ജ് വേണമെന്നത്. എന്നാൽ ലോക്ഡൗണ്‍ സമയത്താണ് ഇവർ ഇതിനായി സമയം കണ്ടെത്തിയത്.
വീടുപണിക്കു ശേഷം ബാക്കി വന്ന ഇഷ്ടിക കൊണ്ടാണ് ഇതിനായി ഇവർ തറകെട്ടിയത്. ഇതിന് മുകളില്‍ ചുറ്റും ചുമര് പണിത് പെട്ടിയുണ്ടാക്കി. അതിന് ശേഷം നല്ല അടച്ചുറപ്പുളള ചട്ടക്കൂടും അതില്‍ ചണം കൊണ്ട് അടപ്പുമുണ്ടാക്കി. ഇതിനൊക്കെ കൂടി വേണ്ടിവന്നത് വെറും നാലു ദിവസം മാത്രമാണ്. പച്ചക്കറികളിൽ വെള്ളത്തിന്റെ അംശം കുടുതലുള്ളവ അധികം ഇതിൽ ഇരിക്കില്ല. എന്നാൽ പയർ. ചീര മുതലായ പച്ചക്കറികളൊക്കെ ഏകദേശം രണ്ടാഴ്ച വരെ കേട് കൂടാതെ ഇരിക്കും. പാൽ പതിനഞ്ച് മണിക്കൂറോളം ഇരിക്കുന്നുണ്ട്. ഇതിന്റെ മൂടിക്ക് മാത്രാമണ് ചെലവ് വന്നത്. ബാക്കി എല്ലാ വസ്തുക്കളും വീട്ടിൽ തന്നെ ഉണ്ടായിരുന്നതാണെന്നാണ് വീട്ടമ്മ പറയുന്നത്.
Post Your Comments