തൃശൂര്‍: സിഎസ്ബി ബാങ്കിന്‍റെ പ്രസിഡന്‍റ് (റീട്ടെയില്‍, എസ്എംഇ, ഓപറേഷന്‍സ്, ഐടി) ആയി പ്രലെയ് മൊണ്ടലിനെ നിയമിക്കാന്‍ ബോര്‍ഡ് തീരുമാനിച്ചു. ഈ വര്‍ഷം സെപ്റ്റംബറിലായിരിക്കും അദ്ദേഹം ചുമതലയേല്‍ക്കുകയെന്നു പ്രതീക്ഷിക്കുന്നു.
ആക്സിസ് ബാങ്കിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടറും റീട്ടെയില്‍ ബാങ്കിങ് മേധാവിയുമായി പ്രവര്‍ത്തിച്ചു വന്ന അദ്ദേഹം അടുത്തിടെയാണ് രാജി സമര്‍പ്പിച്ചത്. ബാങ്കിങ് മേഖലയില്‍ 30 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള അദ്ദേഹം റീട്ടെയില്‍ അസറ്റ്സ്, റീട്ടെയില്‍ ലയബിലിറ്റീസ്, ബിസിനസ് ബാങ്കിങ്, പ്രോഡക്ട്സ്, ടെക്നോളജി തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആക്സിസ് ബാങ്കിനു മുന്‍പ് യെസ് ബാങ്കിന്‍റെ സീനിയര്‍ ഗ്രൂപ് പ്രസിഡന്‍റും റീട്ടെയില്‍, ബിസിനസ് ബാങ്കിങ് വിഭാഗങ്ങളുടെ മേധാവിയുമായിരുന്നു. അവിടെ ബാങ്കിന്‍റെ റീട്ടെയില്‍ ഫ്രാഞ്ചൈസി സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കി.
ഇതിനു മുന്‍പ് 12 വര്‍ഷം എച്ച്ഡിഎഫ്സി ബാങ്കിലും പ്രവര്‍ത്തിച്ചിരുന്നു. സ്റ്റാന്‍ഡേഡ് ചാര്‍ട്ടേഡ് ബാങ്ക്, വിപ്രോ ഇന്‍ഫോ ടെക്, കോള്‍ഗേറ്റ് പാമോലീവ് തുടങ്ങിവയവുമായും അദ്ദേഹം ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നു.
സിഎസ്ബി ബാങ്കിന്‍റെ പ്രസിഡന്‍റ് (റീട്ടെയില്‍, എസ്എംഇ, ഓപറേഷന്‍സ്, ഐടി) ആയി മൊണ്ടല്‍ നിയമിതനാകുന്നത് ആഹ്ലാദകരമാണെന്ന് ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ വി ആര്‍ രാജേന്ദ്രന്‍ പറഞ്ഞു. ഈ മേഖലയില്‍ കഴിവു തെളിയിച്ച അദ്ദേഹം വാണിജ്യ ബാങ്കിങ് രംഗത്തെ അനുഭവ സമ്പത്തും വൈദഗ്ദ്ധ്യവുമാണ് സിഎസ്ബി ബാങ്കിലേക്കു കൊണ്ടു വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഐഐടി ഖരഗ്പൂരില്‍ നിന്നുള്ള എഞ്ചിനീയറായ മൊണ്ടല്‍ ഐഐഎം കോല്‍ക്കൊത്തയില്‍ നിന്നുള്ള മാനേജുമെന്‍റ് ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.
Post Your Comments