COVID 19KeralaLatest NewsNews

മതനിരപേക്ഷ രാഷ്ട്രീയത്തിനോടുള്ള വെല്ലുവിളി : മുസ്ലീം ലീഗ്‌ തീരുമാനത്തിനെതിരെ സി.പി.ഐ (എം)

തിരുവനന്തപുരം • വെല്‍ഫെയര്‍ പാര്‍ടിയും എസ്‌.ഡി.പി.ഐയും ഉള്‍പ്പെടെയുള്ള സംഘടനകളുമായി സഖ്യമുണ്ടാക്കാനുള്ള മുസ്ലീം ലീഗ്‌ തീരുമാനം മതനിരപേക്ഷ രാഷ്ട്രീയത്തിനോടുള്ള വെല്ലുവിളിയാണെന്ന് സി.പി.ഐ (എം). തദ്ദേശസ്വയംഭരണസ്ഥാപന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ നേരിടുന്നതിന്‌ ഇന്നത്തെ യു.ഡി.എഫിന്‌ കഴിയില്ലെന്ന തിരിച്ചറിവില്‍ എങ്ങനെയെങ്കിലും പിടിച്ചു നില്‍ക്കാനുള്ള പരിഭ്രാന്തിയാണ്‌ ലീഗിന്റെ തീരുമാനത്തിന്‌ പുറകിലുള്ളതെന്ന്‌ വ്യക്തം. കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ അറിവോടെയും പിന്തുണയോടെയുമാണ്‌ ഈ നീക്കമെന്നു വ്യക്തമാക്കുന്നതാണ്‌ അവരുടെ മൗനം. താല്‍ക്കാലികമായി എന്തെങ്കിലും സങ്കുചിത രാഷട്രീയ നേട്ടമുണ്ടാക്കാനുള്ള വ്യാമോഹമാണ്‌ ഇത്തരം നീക്കങ്ങളിലേക്ക്‌ നയിക്കുന്നത്‌.

മതനിരപേക്ഷ രാഷ്ട്രീയം ശക്തിപ്പെട്ടുത്തലാണ്‌ ഇന്നത്തെ ഇന്ത്യയുടെ ആവശ്യം. ആക്രമണോത്സുകമായ രീതിയില്‍ ഭൂരിപക്ഷ വര്‍ഗ്ഗീയത കേന്ദ്രഭരണം മുന്നോട്ടു കൊണ്ടു പോകുമ്പോള്‍ വിശാലമായ മതനിരപേക്ഷ ഉള്ളടക്കത്തോടെ ഐക്യനിര ശക്തിപ്പെടുത്തേണ്ടതുണ്ട്‌. എന്നാല്‍, കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ രഷ്ട്രീയം മാത്രം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന കേരളത്തിലെ യു.ഡി.എഫ്‌ വര്‍ഗ്ഗീയ ശക്തികളോട്‌ വരെ ഐക്യപ്പെടുന്നു.

ഇസ്ലാമിക രാഷ്ട്രമെന്ന നിലപാടാണ്‌ ജമാത്തെ ഇസ്ലാമി പിന്തുടരുന്നത്‌. മതമൗലികവാദ സംഘടനയായ ഇവരുടെ രാഷ്ട്രീയ രൂപമായ വെല്‍ഫെയര്‍ പാര്‍ടിയും എസ്‌.ഡി.പി.ഐ പോലുള്ള തീവ്ര രാഷട്രീയ പ്രസ്‌ഥാനങ്ങളും യഥാര്‍ത്ഥത്തില്‍ ഭൂരിപക്ഷ വര്‍ഗ്ഗീയതയെ ശക്തിപ്പെടുത്തുകയാണ്‌ ചെയ്യുന്നത്‌. മുസ്ലീം ജനവിഭാഗങ്ങള്‍ക്കിടയില്‍ ഇവര്‍ ന്യൂനപക്ഷമായിരിക്കുന്നത്‌ അവര്‍ ഇവരെ തിരിച്ചറിയുന്നതിന്റെ ഭാഗമായാണ്‌. എന്നാല്‍, ജമാത്തെ ഇസ്ലാമിയെ ധൈഷണിക നേതൃത്വമായി പരോക്ഷമായി പ്രഖ്യാപിക്കുന്ന മുസ്ലീംലീഗിന്റെ നടപടി യഥാര്‍ത്ഥത്തില്‍ സമുദായ താല്‍പര്യത്തിന്‌ എതിരാണെന്ന്‌ മുസ്ലീംജനവിഭാഗം മനസ്സിലാക്കുന്നുണ്ട്‌. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തെ മുസ്ലീം പ്രതിഷേധമാക്കി പരിമിതപ്പെടുത്താന്‍ ഇക്കൂട്ടര്‍ ആസൂത്രിതമായി നടത്തിയ ശ്രമം, കേരളത്തിലെ എല്‍.ഡി.എഫ്‌ സര്‍ക്കാരും ഇടതുപക്ഷവും ജാഗ്രതയോടെ സ്വീകരിച്ച സമീപനം കൊണ്ട്‌ വിജയിച്ചില്ല.

ഇടതുപക്ഷജനാധിപത്യമുന്നണിക്ക്‌ ലഭിക്കുന്ന വര്‍ദ്ധിച്ച ജനപിന്തുണയില്‍ നിരാശപൂണ്ട്‌ ഒരുവശത്ത്‌ ബി.ജെ.പിക്കൊപ്പം നിലപാട്‌ സ്വീകരിക്കുന്ന കോണ്‍ഗ്രസ്‌ നേതൃത്വം മറുവശത്ത്‌ മുസ്ലീംലീഗ്‌ വഴി ന്യൂനപക്ഷ വര്‍ഗ്ഗീയ മൗലികവാദ സംഘടനകളുമായി കൈകോര്‍ക്കുന്നു. ഈ ഇരട്ടത്താപ്പിനെ തുറന്നു കാണിക്കാനും ഒറ്റപ്പെടുത്താനും മതനിരപേക്ഷ ശക്തികള്‍ക്ക്‌ കഴിയേണ്ടതുണ്ട്‌. യു.ഡി.എഫിനെ പിന്തുണച്ചിരുന്ന ജനവിഭാഗങ്ങളും ഈ തിരിച്ചറിവോടെ നിലപാട്‌ സ്വീകരിക്കണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നതായും സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പ്രസ്താവനയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button