Latest NewsNewsHealth & Fitness

കാൻസർ മാറ്റാൻ യോഗയ്ക്ക് കഴിയുമോ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

നിങ്ങളുടെ ഊര്‍ജശരീരം പൂര്‍ണാരോഗ്യത്തിലും സന്തുലിതാവസ്ഥയിലും ആണെങ്കില്‍, ശരീരത്തിനോ മനസ്സിനോ അസുഖങ്ങള്‍ ഒന്നും ഉണ്ടാകില്ല

യോഗ ക്യാന്‍സറിനെ ഒരു രീതിയില്‍ മാത്രമേ കാണുന്നുള്ളു. ഇതിന്റെ മൂലകാരണം, പ്രാണമയ കോശത്തിന്റെ അഥവാ ഊര്‍ജ്ജ ശരീരത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നു എന്നതാണ്. ജീവിതശൈലി, ഭക്ഷണക്രമം, ജനിതകവും ശാരീരികവുമായ കാരണങ്ങള്‍, അങ്ങിനെ പലതിനെയും ആശ്രയിച്ചാണതിരിക്കുന്നത്. ഒരു പ്രത്യേക വ്യക്തിയില്‍ അത് എവിടെ എങ്ങിനെ പ്രകടമാകും എന്നത് പല ഘടങ്ങളെ ആശ്രയിച്ചിരിക്കും. യോഗയില്‍ ഒരു മനുഷ്യന്റെ ശരീരവ്യൂഹത്തെ അഞ്ചു വ്യത്യസ്ത തട്ടുകളാക്കി തരം തിരിച്ചിരിക്കുന്നു.

അതില്‍ ആദ്യത്തെ മൂന്നെണ്ണം ഏതൊക്കെയാണെന്ന് നോക്കാം. കാരണം ആദ്യത്തെ മൂന്നെണ്ണം മാത്രമാണ് ആരോഗ്യവുമായി ബന്ധപ്പെട്ടിട്ടുളളത്. ഒന്നാമത്തെ പാളിയുടെ പേര് അന്നമയകോശം എന്നാണ്, അഥവാ ഭക്ഷണ ശരീരം. നിങ്ങള്‍ കഴിക്കുന്ന ഭക്ഷണമാണല്ലോ ഈ ശരീരമായി തീരുന്നത്. അതുകൊണ്ട് ഭൗതിക ശരീരത്തിനെ അന്നമയകോശം എന്ന് വിളിക്കുന്നു. ഈ അടുത്തകാലം വരേയും, ആധുനിക വൈദ്യശാസ്ത്രം അന്നമയകോശവുമായി മാത്രമേ ഇടപ്പെട്ടിരുന്നുള്ളു. അണുബാധകളെ കൈകാര്യം ചെയ്താല്‍ എല്ലാമായെന്ന് അവര്‍ കരുതി. പക്ഷെ രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയ സ്ഥായി രോഗങ്ങളെ കൈകാര്യം ചെയ്യാന്‍ തങ്ങള്‍ക്കാകുന്നില്ലെന്ന് പിന്നീട് അവര്‍ മനസ്സിലാക്കി. ഇതിന് കാരണം അന്നമയകോശത്തെ മാത്രമേ അവര്‍ പരിഗണിച്ചിരുന്നുള്ളു എന്നതാണ്.

അതിനുള്ളില്‍ ഒരു മനോമയകോശമുണ്ട് ഒരു മന:ശരീരം. ഇന്ന് ആധുനിക വൈദ്യശാസ്ത്രം മനുഷ്യന്‍ Psychosoma ആണെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. അതായത് മനസ്സില്‍ എന്തു സംഭവിക്കുന്നുവോ അത് സ്വാഭാവികമായും ശരീരത്തിലും സംഭവിക്കുന്നു. ഉദാഹരണത്തിന്, നിങ്ങള്‍ക്ക് മാനസിക പിരിമുറുക്കം ഉണ്ടാവുകയാണെങ്കില്‍, നിങ്ങളുടെ രക്തസമ്മര്‍ദവും ഉയരും. അതുകൊണ്ട്, ഈ മനഃശരീരത്തിനെ നമ്മള്‍ നല്ല രീതിയില്‍ പരിപാലിക്കേണ്ടിയിരിക്കുന്നു. ഈ അന്നമയകോശവും, മനോമയകോശവും (ഭൗതിക ശരീരവും, മനഃശരീരവും) പ്രവര്‍ത്തിക്കുന്നത് ഊര്‍ജ്ജ ശരീരം (energy body) ഉള്ളതുകൊണ്ട് മാത്രമാണ്. ഈ ഊര്‍ജശരീരത്തെ പ്രാണമയകോശം എന്നു വിളിക്കുന്നു. യോഗ അടിസ്ഥാനപരമായി പ്രവര്‍ത്തിക്കുന്നത് ഈ പ്രാണമയകോശത്തില്‍ ആണ്. യോഗയുടെ കാഴ്ച്ചപ്പാടില്‍ ശരീരത്തിനുളളില്‍ നിന്നും ഉണ്ടാകുന്ന ക്യാന്‍സര്‍ പോലുളള അസുഖങ്ങള്‍, പ്രാണമയ കോശത്തിന്റെ, അഥവാ ഊര്‍ജശരീരത്തിന്റെ അസന്തുലിതാവസ്ഥ മൂലമാണ് സൃഷ്ടിക്കപ്പെടുന്നത്.

അര്‍ബുദ ബാധിത കോശങ്ങള്‍ (cancerous cells) എല്ലാവരുടെയും ശരീരത്തില്‍ ഉണ്ടാകും. അസംഘടിതമായി കിടക്കുന്ന ഏതാനും കാന്‍സര്‍ ബാധിത കോശങ്ങള്‍ക്ക് നിങ്ങളുടെ ജീവിതത്തെയോ ആരോഗ്യത്തെയോ ദോഷകരമായി ബാധിക്കാനാവില്ല. അതേസമയം, നിങ്ങള്‍ നിങ്ങളുടെ ശരീരത്തിനുളളില്‍ ചില പ്രത്യേക സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയാണെങ്കില്‍, അവ സ്വയം സംഘടിക്കും നിസ്സാരമായ കുറ്റകൃത്യങ്ങള്‍, സംഘടിതമായി വലിയ കുറ്റകൃത്യത്തിലേക്ക് വളരുന്നുപോലെ.

കാന്‍സര്‍ ബാധിത കോശങ്ങള്‍, അലസമായി കറങ്ങി നടക്കുകയാണെങ്കില്‍ കുഴപ്പമില്ല, പക്ഷെ അവ ഒരുമിച്ചു കൂടി ഒരിടത്ത് പ്രഹരമേല്‍പ്പിക്കുമ്പോള്‍, അതൊരു വലിയ പ്രശ്‌നമായി തീരുന്നു.

ഇന്ന് പലരും ഗര്‍ഭം ധരിക്കുന്നതേ ഇല്ല, ചിലര്‍ മുപ്പതിനോടടുക്കുമ്പോഴാണ് ഗര്‍ഭിണികളാകുന്നത്. പിന്നീടുള്ള പതിനഞ്ച് ഇരുപതു വര്‍ഷങ്ങള്‍ കൂടി ഒരു സ്ത്രീയ്ക്ക് പ്രസവം സാധ്യമാണ്. ഗര്‍ഭധാരണത്തിനു വേണ്ട ഹോര്‍മോണുകളും എന്‍സൈമുകളും അപ്പോളും അവരുടെ ശരീരം ഉല്‍പ്പാദിപ്പിക്കുന്നുണ്ട്, പക്ഷെ ഉപയോഗിക്കപ്പെടുന്നില്ല. അത് ഉപയോഗിക്കേണ്ട രീതിയില്‍ ഉപയോഗിക്കപ്പെടാത്തതു മൂലം, ആ ഭാഗത്തെ ഊര്‍ജനില താഴ്ന്നുപോകുന്നു. തന്മൂലം കാന്‍സര്‍ബാധിത കോശങ്ങള്‍ അവിടേക്ക് ആകര്‍ഷിക്കപ്പെടുകയും, അവ അവിടെ കുമിഞ്ഞുകൂടുകയും ചെയ്യുന്നു.

കൂടുതല്‍ പ്രത്യുല്പ്പാദനം നടത്തണം എന്നാണോ ഇതിനര്‍ത്ഥം? അതെന്തായാലും വേണ്ട. ലോകം ഇപ്പോള്‍ തന്നെ ജനപ്പെരുപ്പം കൊണ്ട് വീര്‍പ്പുമുട്ടുകയാണ്. ഇതിനു മറ്റു പോംവഴികള്‍ ഉണ്ട്. ശരീരത്തെ സന്തുലിതാവസ്ഥയിലാക്കുന്നതിലൂടെ നമുക്ക് ഈ പ്രശ്‌നം കൈകാര്യം ചെയ്യാവുന്നതാണ്. ചില പ്രത്യേക രീതിയിലുള്ള യോഗാഭ്യാസത്തിലൂടെ ശരീരത്തിലെ ഹോര്‍മോണുകളുടെ നില നിയന്ത്രിച്ച്, സ്ത്രീകള്‍ക്ക് ഇത്തരം പ്രശ്‌നങ്ങളില്‍ നിന്നും മോചിതരാകാവുന്നതാണ്. നിങ്ങളുടെ ഊര്‍ജശരീരം പൂര്‍ണാരോഗ്യത്തിലും സന്തുലിതാവസ്ഥയിലും ആണെങ്കില്‍, ശരീരത്തിനോ മനസ്സിനോ അസുഖങ്ങള്‍ ഒന്നും ഉണ്ടാകില്ല.

നിങ്ങളുടെ ഊര്‍ജശരീരം പൂര്‍ണാരോഗ്യത്തിലും സന്തുലിതാവസ്ഥയിലും ആണെങ്കില്‍, ശരീരത്തിനോ മനസ്സിനോ അസുഖങ്ങള്‍ ഒന്നും ഉണ്ടാകില്ല. ആസ്ത്മയുമായി വരുന്ന ആളുകള്‍, ചില പ്രത്യേക യോഗസാധനകള്‍ ചെയ്യുന്നതിലൂടെ ആസ്ത്മയില്‍ നിന്നും മോചിതരാകുന്നതു കാണാം. പ്രമേഹവുമായി വരുന്നവര്‍ക്കും ഇതേ യോഗസാധനകള്‍ തന്നെ നല്‍കുമ്പോള്‍, പ്രമേഹത്തില്‍നിന്നും അവര്‍ക്ക് മോചനം ലഭിക്കുന്നു. ഇതിനു കാരണം, അസുഖങ്ങളെയല്ല യോഗയില്‍കൂടി കൈകാര്യം ചെയ്യുന്നത് എന്നതാണ്. നേരത്തേ പറഞ്ഞ ഊര്‍ജശരീരത്തില്‍, അഥവാ പ്രാണമയകോശത്തില്‍ ഉണ്ടാകുന്ന അസ്വാസ്ഥ്യമാണ് മനസ്സിലും ശരീരത്തിലും ഒക്കെ അസുഖമായി പ്രത്യക്ഷപ്പെടുന്നത്.

അടിസ്ഥാനപരമായി ‘യോഗ’ എന്നത് ഒരു ചികിത്സാരീതിയല്ല. ഇത് നിങ്ങളുടെ ആന്തരിക ഊര്‍ജങ്ങളെ സമനിലയില്‍ കൊണ്ടുവരുന്നതിനുള്ള ഒരു മാര്‍ഗമാണ്. ആ അര്‍ത്ഥത്തില്‍, യോഗയില്‍ മനസ്സിനെയോ, ശരീരത്തെയോ ചികിത്സിക്കുക എന്ന ഒരു വിഷയമേ ഇല്ല. അസുഖം എന്തുതന്നെയായാലും, ഊര്‍ജശരീരത്തെ സന്തുലിതവും പ്രവര്‍ത്തനക്ഷമവുമാക്കുക എന്നത് മാത്രമാണ് യോഗയുടെ ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button