കൊല്ലം • കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തിലെ 23-ാം വാര്‍ഡില്‍ കണ്ടെയിന്മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ നിലനിര്‍ത്തിയും മറ്റ് കണ്ടെയിന്മെന്റ് സോണുകളായിരുന്ന 20, 21, 22 വാര്‍ഡുകളെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഉത്തരവായി.
നിലവില്‍ കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള പന്മന ഗ്രാമപഞ്ചായത്തിലെ 10, 11 വാര്‍ഡുകളും പുനലൂര്‍ മുനിസിപ്പാലിറ്റിയിലെ 12-ാം വാര്‍ഡും ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 15, 17 വാര്‍ഡുകളിലും ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ അതേപടി തുടരും. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലെ ഇ എസ് എം കോളനി(വാര്‍ഡ് 4), റോസ് മല(5), അമ്പതേക്കര്‍(6), അമ്പലം(7), ചോഴിയക്കോട്(8), ആര്യങ്കാവ് ഗ്രാമപഞ്ചായത്തിലെ അച്ചന്‍കോവില്‍ ക്ഷേത്രം(1), അച്ചന്‍കോവില്‍(2), ആര്യങ്കാവ്(4), ആര്യങ്കാവ് ക്ഷേത്രം(5) എന്നീ വാര്‍ഡുകളില്‍ താഴെ പറയുന്ന ഹോട്ട് സ്പോട്ട് നിയന്ത്രണങ്ങള്‍ തുടരും.
ഈ പ്രദേശങ്ങളില്‍ പൊതുസ്ഥലങ്ങളിലും പൊതുസ്ഥലങ്ങളുടെ നിര്‍വചനത്തില്‍ വരുന്ന സ്ഥലങ്ങളിലും മൂന്ന് പേരില്‍ കൂടുതല്‍ കൂട്ടം കൂടാന്‍ പാടില്ല. പൊതു സ്ഥലങ്ങളില്‍ വ്യക്തികള്‍ തമ്മില്‍ കുറഞ്ഞത് ഒരു മീറ്ററെങ്കിലും അകലം പാലിക്കണം. വ്യാപാര സ്ഥാപനങ്ങളില്‍ ഒരേ സമയം രണ്ട് ഉപഭോക്താക്കളില്‍ കൂടുതല്‍ പേരെ പ്രവേശിപ്പിക്കാന്‍ പാടുള്ളതല്ല. വഴിയോര കച്ചവടം, ചായക്കടകള്‍, ജ്യൂസ് സ്റ്റാളുകള്‍ എന്നിവ ഒഴികെ മറ്റ് അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴുവരെ പ്രവര്‍ത്തിക്കാം. പ്ലാന്റേഷന്, നിര്‍മാണ മേഖലകളില്‍ അന്യ സംസ്ഥാന തൊഴിലാളികളെ ജോലിക്കായി കൊണ്ടുവരാന്‍ പാടില്ല. വീടുകള്‍ തോറും കയറി ഇറങ്ങിയുള്ള കച്ചവടം നിരോധിച്ചു.
Post Your Comments