Latest NewsKeralaNews

ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കലിനെതിരെ ഹിന്ദു ഐക്യവേദി

പത്തനംതിട്ട • പാട്ടകാലാവധി കഴിഞ്ഞ ചെറുവള്ളി എസ്റ്റേറ്റ് കോടതിയിൽ പണം കെട്ടിവെച്ച് ഏറ്റെടുക്കാനുള്ള സർക്കാർ തീരുമാനം പുന:പരിശോധിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ. എസ് ബിജു ആവശ്യപ്പെട്ടു.

പാട്ടത്തിനു നൽകിയ ഭൂമി വ്യാജ ആധാരം നിർമിച്ചാണ് ബിലീവേഴ്സ്ചർച്ചിന് കൈമാറിയത്. പാട്ടത്തിനെടുത്ത ഭൂമി കൈമാറ്റം ചെയ്യാൻ പാടില്ലെന്നിരിക്കെ കെ. പി യോഹന്നാന് ഭൂമി കൈമാറിയത് അനധികൃതമായിട്ടാണ്.

പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി സർക്കാരിന്റേതാണെന്നിരിക്കെ പണം കെട്ടിവെച്ച് ചെറുവള്ളി തോട്ടം ഭൂമി ഏറ്റെടുക്കുന്നത് നീതികരിക്കാൻ കഴിയില്ല.

ബിലീവേഴ്സ് ചർച്ചിന് ഭൂമി കൈമാറിയത് അനധികൃതമായിട്ടാണെന്ന ഡോക്ടർ രാജമാണിക്യം ഐ.എ.എസ് റിപ്പോർട്ടിലെ കണ്ടെത്തലും, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി നിവേദിത പി ഹരൻ റിപ്പോർട്ടിലെ പരാമർശവും, തെളിവുകളും ദുർബലപ്പെടുത്തുകയും ഭൂമി സർക്കാരിന്റേതാണെന്ന വാദത്തെ അപ്രസക്തമാക്കുന്നതുമാണ് സർക്കാർ നടപടി. സർക്കാർ പാട്ടത്തിന് നൽകിയ ഭൂമി പണം കെട്ടിവെച്ച് ഏറ്റെടുക്കുന്നതോടെ ഭൂമി സർക്കാരിന്റേതാ ണെന്ന വാദത്തിൽ നിന്നും സ്വയം പിന്തിരിയുകയാണെന്ന സംശയത്തിന് ഇട നൽകുന്നതാണ്.

ചെറുവള്ളി തോട്ടഭൂമി നിരുപാധികം ഏറ്റെടുത്ത് വിമാനത്താവളത്തിന് ആവശ്യമുള്ള 1200 ഏക്കർ ഒഴിച്ചുള്ള ഭൂമി ഭൂരഹിത സമൂഹത്തിന് കൃഷിക്കും, പാർപ്പിടത്തിനുമായി വിനിയോഗിക്കണം. കാഞ്ഞിരപ്പള്ളി തഹസിൽദാർ റിപ്പോർട്ടിൽ കണ്ടെത്തിയ 52 ഏക്കർ ക്ഷേത്രഭൂമി ക്ഷേത്രത്തിന് വിട്ടു നൽകണമെന്നും ഇ. എസ് ബിജു ആവശ്യപ്പെട്ടു.

പണം കെട്ടിവെച്ച് ഭൂമി ഏറ്റെടുക്കുന്ന സർക്കാർ നിലപാടിനെതിരെ സെക്രട്ടറിയേറ്റ് നടയിലും സംസ്ഥാനവ്യാപകമായും ഭൂരഹിത സംരക്ഷണ സംഘടനകളെ സംഘടിപ്പിച്ച് ഹിന്ദു ഐക്യവേദി പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും ഇ. എസ് ബിജു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button