ഹൈന്ദവ ഭവനങ്ങളിൽ നിലവിളക്ക് കത്തിയ്ക്കുന്നത് ഒരു പതിവ് കാഴ്ച്ചയാണ്. സന്ധ്യാദീപം എന്നാണ് ഇതിനെ പറയുന്നതെങ്കിലും പ്രഭാതത്തിലും ശുഭകാര്യങ്ങള്‍ക്കും വിളക്കു തെളിയിക്കാറുണ്ട്. വിളക്കിന്റെ തിരി തെളിയിക്കുന്ന ദിക്കു മുതല്‍ തിരിയുടെ എണ്ണത്തിൽ വരെ ചില ചിട്ടകൾ പാലിച്ചിരിക്കണം.ഇവ കൃത്യമായി പാലിക്കാതെ , വേണ്ട രീതിയില്‍ വിളക്കു തെളിയിക്കാതിരുന്നാൽ ദോഷ ഫലമുണ്ടാകുമെന്നാണ് വിശ്വാസം. അതിനാൽ നില വിളക്ക് കത്തിക്കുമ്പോൾ പാലിക്കേണ്ട കാര്യങ്ങളെ കുറിച്ചുള്ള വിവരങ്ങൾ അറിയാം.
നിലവിളക്ക് ദേവിയുടെ പ്രതിരൂപമായി കണക്കാക്കുന്നതിനാൽ അര്‍ഹിക്കുന്ന പ്രാധാന്യത്തോടു കൂടി നിലവിളക്ക് കൊളുത്തണം. വെറും നിലത്ത് വെയ്ക്കാതെ പീഠത്തിന് മുകളിലോ മറ്റോ വെയ്ക്കുന്നതാണ് ഉത്തമം. രാവിലെ സൂര്യന്‍ ഉദിച്ചു വരുമ്പോഴും സന്ധ്യക്കു സൂര്യന്‍ അസ്തമിച്ചു തുടങ്ങുമ്പോഴുമാണ് വിളക്ക് കൊളുത്തേണ്ടത്. വെളിച്ചത്തില്‍ നിന്നും ഇരുട്ടിലേയ്ക്കും,ഇരുട്ടില്‍ നിന്നും വെളിച്ചത്തേയ്ക്കും ഭുമി കടക്കുമ്പോഴുള്ള മുഹൂര്‍ത്തങ്ങളിലാണു വിളക്കു തെളിയിക്കേണ്ടത്. സൂര്യന്‍ പൂര്‍ണമായി ഉദിക്കാനും അസ്തമിക്കാനും കാത്തു നില്‍ക്കേണ്ടതില്ല. സൂര്യോദയത്തിനു മുന്‍പു കൊളുത്തുന്ന വിളക്ക് സൂര്യോദയശേഷവും അസ്തമയത്തിനു കൊളുത്തുന്നത് അസ്തമയശേഷവുമാണ് കെടുത്തേണ്ടത്.
രാവില കിഴക്കു ദിശയിലേക്കും വൈകീട്ട് പടിഞ്ഞാറു ദിശയിലേയ്ക്കും വിളക്ക് തെളിയിക്കുക. ദുഖങ്ങളും ദുരിതങ്ങളും മാറ്റുന്നതിനാണ് കിഴക്ക് ദിശയിൽ തിരി കൊളുത്തുന്നതെന്നും, കടം മാറി ധനം വരുന്നതിനാണ് പടിഞ്ഞാറ് ദിശയിൽ തിരി കൊളുത്തുന്നതെന്നുമാണ് വിശ്വാസം. വടക്കു ദിശയിൽ തിരി കൊളുത്തുന്നത് അപ്രതീക്ഷിത ധനലാഭം ലഭിക്കാൻ കാരണമാകുമെന്നും പറയപ്പെടുന്നു. അതേസമയം തെക്കു ദിക്ക് ദിശയിലുള്ള തിരി മരണത്തെയും ദുശകുനത്തെയും സൂചിപ്പിക്കുന്നു.
കൂടുതല്‍ തിരികള്‍ ഇട്ടിരിയ്ക്കുന്ന വിളക്ക് വടക്കു ദിക്കു തൊട്ടാണ് കത്തിച്ച് വരേണ്ടത്. ഇത് കഴിയുന്നതിന് മുന്‍പ് പ്രദക്ഷിണം പാടില്ല. കത്തിച്ച ശേഷം അതേ ദിക്കിലൂടെ തിരിച്ചു വരണം. രണ്ടു തിരിയോ അല്ലെങ്കിൽ അഞ്ചു തിരിയോ വിളക്ക് തെളിയാക്കാനായി ഉപയോഗിക്കാവുന്നതാണ്. അഞ്ചു തിരിയെങ്കില്‍ കിഴക്ക്,പടിഞ്ഞാറ്, തെക്ക്, വടക്ക്, കിഴക്കു വടക്കുമൂല എന്നിങ്ങനെയും രണ്ടു തിരിയെങ്കില്‍ കിഴക്കും പടിഞ്ഞാറുമാണ് ഇടേണ്ടത്. ഒറ്റത്തിരി ഇടാൻ പാടുള്ളതല്ല. ഇരട്ടത്തിരിയായി വിളക്ക് കത്തിക്കുക വിളക്ക് കൊളുത്തിയ ഉടന്‍ കെടുത്താൻ പാടുള്ളതല്ല. വിളക്ക് തെളിയിച്ച ശേഷമുള്ള തീ ഉടൻ കെടുത്തണം. ഊതിക്കെടുത്തരുത്. കരിന്തിരി കത്തുകയുമരുത്. വിളക്കു തിരി എണ്ണയിലേയ്ക്ക് താഴ്ത്തി ഇറക്കിയ ശേഷം കെടുത്തുക. അതോടപ്പം തന്നെ ഒരു തവണ കത്തിച്ച തിരി വീണ്ടും ഉപയോഗിക്കരുത്. പുതിയ തിരിയും പുതിയ എണ്ണയും ഉപയോഗിക്കുക.
Post Your Comments