ജോഹന്നസ്ബര്‍ഗ്: മരുന്നിനും ആഭരണങ്ങള്‍ക്കുമായി ദക്ഷിണാഫ്രിക്കയില്‍ വന്‍തോതില്‍ സിംഹങ്ങളെ കൊന്നൊടുക്കുന്നതായി വിവരം. രാജ്യ തലസ്ഥാനമായ ജോഹന്നസ്ബര്‍ഗില്‍ ഇത്തരത്തില്‍ 333 ഫാമുകള്‍ പ്രവര്‍ത്തിക്കുന്നതായി ബ്രിട്ടനിലെ രാഷ്ട്രീയ പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ മുന്‍ ഡെപ്യൂട്ടി ചെയര്‍മാനായ ലോര്‍ഡ് ആഷ്‌ക്രോഫ്റ്റ്(മൈക്കള്‍ ആഷ്‌ക്രോഫ്റ്റ്) പറയുന്നു.333 ഫാമുകളിലായി 12,000ത്തോളം സിംഹങ്ങളെ വളര്‍ത്തുന്നുണ്ടെന്നാണ് ആഷ്‌ക്രോഫ്റ്റ് പറയുന്നത്.
അതേസമയം കാടുകളില്‍ വെറും 3000ത്തോളം സിംഹങ്ങള്‍ മാത്രമാണ് ഉള്ളതെന്നാണ് വിവരം. എല്ലുകള്‍ക്ക് വേണ്ടിയാണ് സിംഹങ്ങളെ ഫാം ഉടമകള്‍ വളര്‍ത്തുന്നത്. സിംഹത്തിന്റെ എല്ലുകള്‍ക്ക് തെക്ക് കിഴക്കന്‍ ഏഷ്യയില്‍ കാര്യമായ ഡിമാന്റുണ്ട്.ചൈനയാണ് ഈ എല്ലുകള്‍ ഏറ്റവും കൂടുതലായി വാങ്ങുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മോശം സാഹചര്യങ്ങളില്‍ വളര്‍ത്തപ്പെടുന്ന സിംഹങ്ങളെ വന്‍ തോതില്‍ പണമെറിഞ്ഞ് ചിലര്‍ വിനോദത്തിനായി വേട്ടയാടാറുണ്ടെന്നും അദ്ദേഹം പറയുന്നു.
എല്ലുകളുടെ വില്‍പ്പന വഴിയും മറ്റും കോടിക്കണക്കിനു പണമാണ് ഈ ഫാമുകളിലേക്ക് ഒഴുകിയെത്തുന്നത്. ആഭരണങ്ങള്‍ ഉണ്ടാക്കാനും അശാസ്ത്രീമായ ലൈംഗിക ഉത്തേജക മരുന്നുകള്‍ ഉണ്ടാക്കാനാണ് സിംഹത്തിന്റെ എല്ലുകള്‍ പ്രധാനമായും ഉപയോഗിക്കുന്നത്. എന്നാല്‍ വൃത്തിഹീനമായ സാഹചര്യങ്ങളില്‍ വളര്‍ത്തപ്പെടുന്ന ഈ സിംഹങ്ങള്‍ ഗുരുതര രോഗങ്ങള്‍ വരുത്തി വയ്ക്കാമെന്നും അത് കൊവിഡ് രോഗം പോലെത്തന്നെ ലോകമാകമാനം പടരാമെന്നും മുന്നറിയിപ്പ് നല്‍കുന്നു.
മനുഷ്യരുടെ നാഡീവ്യൂഹത്തെ ബാധിക്കുന്ന ബോട്ടുലിസമാണ് ഇതില്‍ ഏറ്റവും മാരകമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.ഈ അസുഖം ബാധിച്ച് മരിച്ച മൃഗങ്ങളെ ഫാം ഉടമകള്‍ സംസ്കരിക്കാറില്ലെന്നും പകരം അവയുടെ എല്ലുകള്‍ കൂടി ശേഖരിക്കാറാണ് പതിവെന്നും അദ്ദേഹം പറയുന്നു. ചൈനയിലെ ‘വെറ്റ് മാര്‍ക്കറ്റുകളില്‍’ നിന്നും കൊവിഡ് രോഗം ഉദ്ഭവിച്ചത് പോലെ മറ്റൊരു ഭയാനകമായ മഹാമാരിയും പൊട്ടിപ്പുറപ്പെടാനുള്ള സാദ്ധ്യത വളരെ കൂടുതലാണെന്നും ലോര്‍ഡ് ആഷ്‌ക്രോഫ്റ്റ് പറയുന്നു.
Post Your Comments