തിരുവനന്തപുരം: അട്ടപ്പാടി ഉള്‍പ്പെടെ 11 ഐ.സി.ഡി.എസ്. പ്രോജക്ടുകളില്‍ നടന്നുവരുന്ന ആദ്യ 1000 ദിന പരിപാടി നടപ്പാക്കുന്നതിന് വനിത ശിശുവികസന വകുപ്പ് 66 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഗര്‍ഭാവസ്ഥയിലെ 9 മാസം മുതല്‍ കുട്ടിയ്ക്ക് 2 വയസ് തികയുന്നതുവരെയുള്ള ആദ്യ ആയിരം ദിനങ്ങള്‍ കുട്ടിയുടെ സമഗ്ര വളര്‍ച്ചയില്‍ അതീവ പ്രാധാന്യമുള്ളതും കുട്ടിയുടെ ശരിയായ വളര്‍ച്ചയ്ക്കും വികാസത്തിനും ആദ്യ ആയിരം ദിനങ്ങളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടതുമുണ്ട്. ഇത് മുന്നില്‍ കണ്ടാണ് ആദ്യ 1000 ദിന പരിപാടി ആവിഷ്‌ക്കരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
അട്ടപ്പാടി മേഖലയില്‍ മാത്രം ഉണ്ടായിരുന്ന പദ്ധതി ഈ സര്‍ക്കാര്‍ വന്ന ശേഷം 2018-19 സാമ്പത്തിക വര്‍ഷം മുതല്‍ എസ്.സി./എസ്.ടി. ജനസംഖ്യ, മത്സ്യത്തൊഴിലാളി ജനസംഖ്യ, തൂക്കക്കുറവുള്ള കുട്ടികളുടെ എണ്ണം എന്നിങ്ങനെയുള്ള പ്രധാനപ്പെട്ട ഘടകങ്ങള്‍ കണക്കിലെടുത്ത് 10 ഐ.സി.ഡി.എസ്. പ്രോജക്ടുകളില്‍ കൂടി പദ്ധതി നടപ്പിലാക്കി വരുന്നു. ഐ.സി.ഡി.എസ്. വെള്ളനാട് (തിരുവനന്തപുരം), റാന്നി അഡീഷണല്‍ (പത്തനംതിട്ട), മുതുകുളം (ആലപ്പുഴ), ദേവികുളം അഡീഷണല്‍ (ഇടുക്കി), ഈരാറ്റുപേട്ട (കോട്ടയം), തളിക്കുളം (തൃശൂര്‍) നിലമ്പൂര്‍ അഡീഷണല്‍ (മലപ്പറം), മാനന്തവാടി (വയനാട്), ഇരിട്ടി (കണ്ണൂര്‍), കാസര്‍ഗോഡ് അഡീഷണല്‍ (കാസര്‍ഗോഡ്) എന്നിവിടങ്ങളില്‍ 2019-20 സാമ്പത്തിക വര്‍ഷം മുതല്‍ ഗര്‍ഭിണികള്‍ക്ക് മെഡിക്കല്‍ ക്യാമ്പ്, ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും തെറാപ്യൂട്ടിക് ഫുഡ് വിതരണം തുടങ്ങിയ പരിപാടികളും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കി വരുന്നു.
Post Your Comments