ന്യൂഡല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം, പ്രതികരണവുമായി കരസേനാ മേധാവി. അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് കരസേനാ മേധാവി ജനറല്‍ എം.എം.നരവനെ അറിയിച്ചു. സേനാ കമാന്‍ഡര്‍മാര്‍ നടത്തിയ വിവിധ ചര്‍ച്ചകളെ തുടര്‍ന്ന് ഇരുഭാഗത്തെയും സൈനികസംഘങ്ങള്‍ അതിര്‍ത്തിയില്‍ നിന്ന് ഒരുപരിധി വരെ പിന്മാറിയിട്ടുണ്ട്. അഭിപ്രായവ്യത്യാസങ്ങള്‍ സംബന്ധിച്ച് വിവിധ തലത്തിലുള്ള കമാന്‍ഡര്‍മാര്‍ ഇനിയും ചര്‍ച്ച ചെയ്യുമെന്നും നരവനെ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
കിഴക്കന്‍ ലഡാക്കിന്റെ ചില മേഖലകളില്‍ ഇന്ത്യ, ചൈന സൈനികര്‍ മുഖാമുഖം നില്‍ക്കുന്നതില്‍ നിന്നു പിന്‍വാങ്ങിയതിനു ശേഷം ആദ്യമായാണ് കരസേന മേധാവിയുടെ പ്രതികരണം. മേയ് തുടക്കത്തില്‍ പാംഗോങ് ട്‌സോ മേഖലയില്‍ ഇരുരാജ്യങ്ങളും പരസ്പരം ഏറ്റുമുട്ടിയതോടെയാണ് ഇന്ത്യ-ചൈന സംഘര്‍ഷം രൂക്ഷമായത്. യഥാര്‍ഥ നിയന്ത്രണ രേഖയിലുള്ള (എല്‍എസി) ഗല്‍വാന്‍, ഹോട് സ്പ്രിങ്‌സ് എന്നിവിടങ്ങളില്‍നിന്ന് ചൊവ്വാഴ്ച പിന്നോട്ടു മാറിയിരുന്നെങ്കിലും പാംഗോങ് ട്‌സോയിലെ മലനിരകളില്‍ ചൈനീസ് സേന ഇപ്പോഴും നിലയുറപ്പിച്ചിരിക്കുകയാണ്.
ബ്രിഗേഡ് തലത്തില്‍ കമാന്‍ഡര്‍മാര്‍ വെള്ളിയാഴ്ച ചര്‍ച്ച നടത്തിയെങ്കിലും പ്രശ്‌നത്തിനു പരിഹാരമായിട്ടില്ല. ചൈനയുമായി നടത്തുന്ന അഞ്ചാം റൗണ്ട് ചര്‍ച്ചയായിരുന്നു ഇത്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, സേനാ മേധാവികള്‍, സംയുക്ത സേനാ മേധാവി എന്നിവര്‍ യോഗം ചേര്‍ന്നു. സംഘര്‍ഷം നിലനില്‍ക്കുന്ന കിഴക്കന്‍ ലഡാക്കിനു പുറമേ, ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന അരുണാചല്‍പ്രദേശ്, സിക്കിം, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും ഇന്ത്യന്‍ സൈന്യം അതീവ ജാഗ്രതയിലാണ്
Post Your Comments