തിരുവനന്തപുരം: കേരളത്തിൽ സമ്പർക്കത്തിലൂടെയുള്ള കോവിഡ് വ്യാപനത്തിൽ വൻ വർദ്ധനവ്. കഴിഞ്ഞ 11 ദിവസത്തിനിടെ 93 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതിൽ ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നു. സമ്പർക്കത്തിലൂടെയുള്ള കോവിഡ് വ്യാപനം കുതിച്ചുയരുന്നതിൽ കടുത്ത ആശങ്കയിലാണ് ആരോഗ്യ വകുപ്പ്.
വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ളവരുടെ മടങ്ങിവരവ് ശക്തമായ സാഹചര്യത്തിൽ രോഗവ്യാപന തോത് കൂടുമെന്ന് ആരോഗ്യവിദഗ്ധർ തന്നെ കണക്കുകൂട്ടിയിരുന്നു. കഴിഞ്ഞ പതിനൊന്ന് ദിവസങ്ങളിൽ ഒരു ദിവസമൊഴികെ ബാക്കി എല്ലാ ദിവസവും എൺപതിന് മുകളിൽ രോഗികളുണ്ട്.
പക്ഷെ, സമ്പർക്കത്തിലൂടെയുള്ള രോഗബാധ കൂടുന്നതിലാണ് ആശങ്ക. ഇതിനിടയിൽ ധ്രുത പരിശോധനയിൽ ഇരുപത് പേർക്ക് ഇതിനകം കൊവിഡ് സ്ഥിരീകരിച്ചു എന്നുള്ള അനൗദ്യോഗിക വിവരം കൂടി പുറത്തുവരുന്നുണ്ട്. ധ്രുത പരിശോധനയുടെ ഫലം പിന്നീടാണ് സർക്കാർ ഔദ്യോഗികമായി പുറത്തുവിടുക. ഈ കണക്കുകൂടി ചേരുമ്പോൾ പത്ത് ദിവസത്തെ സമ്പർക്കത്തിലൂടെയുള്ള രോഗബാധ നൂറിന് മുകളിലെത്തും. ഈ സാഹചര്യത്തിൽ പരിശോധനയും റിവേഴ്സ് ക്വാറന്റീനും ശക്തമാക്കാനാണ് സർക്കാർ തീരുമാനം.
ഇന്നലെ സംസ്ഥാനത്ത് 83 പേര്‍ക്ക് കൊവിഡ് വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. 62 പേര്‍ രോഗമുക്തി നേടി. കൊവിഡ് സ്ഥിരീകരിച്ചവരില്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകരുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 27 പേർ വിദേശത്ത് നിന്നും 37 മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. ഇന്നലെ മാത്രം സമ്പർക്കം മൂലം 14 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. തൃശ്ശൂരിൽ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതിൽ നാല് പേർ കോർപ്പറേഷനിലെ ശുചീകരണത്തൊഴിലാളികളാണ്. നാല് പേർ വെയർ ഹൗസിൽ ഹെഡ് ലോഡിംഗ് തൊഴിലാളികളുമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ശുചീകരണത്തൊഴിലാളികള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതും വളരെ ആശങ്കയോടെയാണ് സര്‍ക്കാര്‍ കാണുന്നത്.
Post Your Comments