ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിൽ ഡൽഹി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. കോവിഡ് രോഗികളുടെ സ്ഥിതി മൃഗങ്ങളേക്കാൾ മോശവും പരിതാപകരവുമാണെന്നും ,കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ മാലിന്യ കൂമ്പാരത്തില്‍ നിന്നുവരെ കണ്ടെടുക്കുന്ന സാഹചര്യം ഉണ്ടായെന്നും സുപ്രീം കോടതി പറഞ്ഞു.
കോവിഡ് രോഗികളുടെ മൃതദേഹം കൈകാര്യം ചെയ്യുന്നതിലുള്ള അനാദരവ് ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേ ആണ് സുപ്രീം കോടതിയുടെ പരാമര്‍ശം. സംസ്ഥാനത്തെ സ്ഥിതി ഭയാനകമാണെന്നും രോഗികളുടെ എണ്ണം വർധിക്കുമ്പോൾ കോവിഡ് പരിശോധന കുറച്ചത് എന്തിനാണെന്നു കോടതി ചോദിച്ചു. കോവിഡ് രോഗികളുടെ മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഹർജിയിൽ വാദം കേൾക്കുമ്പോഴാണ് സുപ്രീം കോടതിയുടെ വിമർശനം. മാധ്യമവാർത്തകൾ ചൂണ്ടിക്കാണിച്ചാണ് ഡൽഹിയിലെ സ്ഥിതി സുപ്രീം കോടതി ചോദ്യം ചെയ്‌തത്.
കോവിഡ് രോഗികളെ ചിത്സിക്കുന്ന ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രികളുടെ സ്ഥിതി ദയനീയം ആണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. മാധ്യമങ്ങള്‍ കാണിച്ച ചില ദൃശ്യങ്ങള്‍ ഭയാനകം ആണ്. ആശുപത്രിയില്‍ പ്രവേശനത്തിന് ആയി രോഗികള്‍ പരക്കം പായുകയാണ്. എന്നാല്‍ ചില ആശുപത്രികളില്‍ കിടക്കകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. അവിടെ രോഗികള്‍ക്ക് പ്രവേശനം ലഭിക്കുന്നില്ല. കോവിഡിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ സ്ഥിതി ഗുരുതരം ആണെന്നും ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, സഞ്ജയ് കിഷന്‍ കൗള്‍, എം.ആര്‍.ഷാ എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.
Post Your Comments