കൊല്ലം • ലോകമെമ്പാടും സര്‍വനാശം വിതച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ ദേവിയായി കണ്ട് ആരാധിക്കുന്ന കേന്ദ്രം കേരളത്തിലും. കൊല്ലം കടയ്ക്കൽ ചിതറ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മുഹൂർത്തം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ അനിലൻ തന്റെ വസതിയോടു ചേർന്നുള്ള വിശാലമായ പൂജാമുറിയിലാണ് ‘കൊറോണാ ദേവി ‘യെ പൂജിക്കുന്നത്. വൈറസിന്റെ മാതൃകയുണ്ടാക്കി ദേവിയായി സങ്കല്പിച്ചാണ് പൂജ.
പ്രതിഷ്ഠ നടത്തിയ അനിലൻ കൊറോണാദേവിയെ ആരാധിക്കാനുള്ള തീരുമാനത്തെ കുറിച്ചു പറയുന്നതിങ്ങനെ,
“ലോക രാഷ്ട്രങ്ങളെയും ഭരണാധികാരികളെയും ശാസ്ത്രലോകത്തെയും ഭീതിയുടെ മുൾമുനയിൽ നിർത്തിയിരിക്കുന്ന ഈ വൈറസിനെ ദേവിയായി സങ്കൽപ്പിച്ച് ആരാധിക്കുന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന ആരാധനാ സ്വാതന്ത്ര്യം മുൻനിർത്തിയാണ്. കല്ലിലും മണ്ണിലും തൂണിലും തുരുമ്പിലും ദൈവത്തെ ദർശിക്കാൻ പഠിക്കുന്ന ഹൈന്ദവ സങ്കൽപ്പ പ്രകാരം കൊറോണ ദേവിയുടെ ആരാധന ലോകത്തിനു മുഴുവൻ സുഖവും ക്ഷേമവും ഐശ്വര്യവും ഭവിക്കാൻ വേണ്ടിയാണ്.
മഹാവ്യാധിയുടെ കാലത്ത് ആരോഗ്യ പ്രവർത്തകർ, പ്രതിരോധ വാക്സിൻ കണ്ടെത്താൻ ശ്രമിക്കുന്ന ശാസ്ത്രജ്ഞന്മാർ, പോലീസ് -ഫയർ & റെസ്ക്യൂ ഓഫീസേഴ്സ് അടക്കമുള്ള ഇതരസേനാ വിഭാഗങ്ങൾ, വിവരങ്ങൾ യഥാസമയം റിപ്പോർട്ടു ചെയ്ത് അധികാരികളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധയിൽ പെടുത്തുന്ന മാധ്യമ പ്രവർത്തകർ, പ്രവാസികൾ… എന്നിങ്ങനെ സമസ്ത മേഖലയിലും പ്രവർത്തിക്കുന്ന മനുഷ്യ സ്നേഹികളുടെ നന്മക്കു വേണ്ടിയാണ് കൊറോണാദേവിയെ പൂജിക്കുന്നതും ആരാധിക്കുന്നതും.”
അതിലുപരി – ലോകജനതയെ വിഴുങ്ങാൻ മുമ്പിലെത്തി നിൽക്കുന്ന ഈ അദൃശ്യ വൈറസിനെ ചെറുത്തു തോൽപ്പിക്കുന്നതു വരെ ലോകത്തിലെ ഭരണ – പ്രതിപക്ഷ കക്ഷികൾ തെരഞ്ഞെടുപ്പു മുമ്പിൽ കണ്ടു കൊണ്ടുള്ള ‘മുതലെടുപ്പു രാഷ്ട്രീയം’ അവസാനിപ്പിക്കാൻ വേണ്ടിയുള്ള പ്രാർത്ഥനയാണ് കൊറോണ ദേവിക്കു വേണ്ടി ഭക്തജനങ്ങൾക്കു സ്വഭവനത്തിലിരുന്ന ചെയ്യാവുന്ന ഏറ്റവും വലിയ ആത്മപൂജയെന്നും അനിലന്‍ പറയുന്നു.
അതേസമയം, കോവിഡ്:19 വൈറസിനെതിരെയുള്ള വാക്സിൻ കണ്ടെത്തേണ്ടതു മെഡിക്കൽ വിദഗ്ദരാണ്. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും രോഗലക്ഷണങ്ങൾ കണ്ടാലുടൻ ആശുപത്രി അധികൃതരെ ബന്ധപ്പെടെണമെന്ന മുന്നറിയിപ്പും അനിലന്‍ നല്‍കുന്നുണ്ട്.
Post Your Comments