കൊച്ചി : ഓട്ടോയില്‍ യാത്രക്കാരൻ മറന്ന് വെച്ച പണം ഉടമയെ കണ്ടെത്തി തിരികെ നൽകി സമൂഹത്തിന് മാതൃകയായിരിക്കുകയാണ് കൊച്ചി പള്ളുരുത്തി തങ്ങൾ നഗർ ചോയിസ് ജങ്ഷനിൽ താമസിക്കുന്ന ഡ്രൈവറായ റഹീം. ബുധനാഴ്ച വൈകീട്ടാണ് പള്ളുരുത്തി കെ.എം.പി നഗറിൽ താമസിക്കുന്ന കാഞ്ഞിരപറമ്പിൽ കെ.എ കമറുദ്ദീൻ എന്ന യാത്രക്കാരൻ റഹീമിന്റെ ഓട്ടോയിൽ ഒരു ലക്ഷത്തി ഇരുപത്തിയെണ്ണായിരം രൂപയടങ്ങുന്ന പൊതിയുമായി കയറുന്നത്.
.തോപ്പുംപടി ഫിഷറീസ് ഹാർബറിൽ നിന്ന് മത്സ്യം മൊത്തമായി എടുക്കുന്നയാളുടെ കീഴിൽ ജോലി ചെയ്യുകയാണ് കമറുദ്ദീൻ. മത്സ്യം മാർക്കറ്റുകളിൽ എത്തിച്ച് വിൽപന നടത്തുകയാണ് കമറുദ്ദീന്‍റെ ജോലി. മീൻ വിറ്റ പണവുമായി ഹാർബറിലേക്ക് പോകാനാണ് ഓട്ടോയിൽ കയറിയത്. ഹാർബറിൽ എത്തിയ കമറുദ്ദീൻ പണം എടുക്കാൻ മറന്ന് ഇറങ്ങി പോകുകയായിരുന്നു. തിരിച്ചെത്തി അന്വേഷിച്ചെങ്കിലും അപ്പോഴേക്കും ഓട്ടോ പോയിരുന്നു.
എന്ത് ചെയ്യണമെന്നറിയാതെ തോപ്പുംപടി സ്റ്റേഷനിൽ പരാതി നൽകി മടങ്ങി. രാത്രി മുഴുവൻ അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല.എന്നാൽ രാവിലെ വണ്ടി തുടക്കുന്നതിനായി റഹീം എത്തിയപ്പോഴാണ്
പണമടങ്ങിയ പൊതി കാണുന്നത്. ഉടൻ പൊതിയിൽ കണ്ട ബില്ലിലെ നമ്പറിൽ വിളിച്ചു. അവിടെ നിന്ന് കമറുദ്ദീന്‍റെ സഹോദരന്‍റെ നമ്പര്‍ ലഭിക്കുകയും വിവരം വിളിച്ചറിയിക്കുകയുമായിരുന്നു. തോപ്പുംപടി സ്റ്റേഷനിൽ സബ് ഇൻസ്പെക്ടർ എം.ഡി അഭിലാഷിന്‍റെ സാന്നിധ്യത്തിൽ പണം റഹീം കമറുദ്ദീന് കൈമാറുകയും ചെയ്തു.
മൂന്ന് മാസമായി വണ്ടിയോടിയിട്ടെങ്കിലും കഷ്‌ടപ്പാടുകളുണ്ടെങ്കിലും അര്‍ഹതയില്ലാത്തത് ആഗ്രഹിക്കാന്‍ പാടില്ലന്നാണ് റഹീമിൻ പറയുന്നത്. പണം തിരിച്ച് കിട്ടിയില്ലെങ്കില്‍ ഒരു പക്ഷെ ആത്മഹത്യ ചെയ്‌തേനെയെന്നും രണ്ട് മാസമായി വാടക പോലും നല്‍കാന്‍ കഴിയാത്ത തനിക്ക് ഒരിക്കലും പണം ഉടമക്ക് തിരികെ നല്‍കാന്‍ കഴിയിലായിരുന്നേനെയെന്നും കമറുദ്ദീന്‍ പറഞ്ഞു.
Post Your Comments