ജയ്‌പൂർ: രാജസ്ഥാനില്‍ ഭരണ കക്ഷി എംഎല്‍എ മാരെ സ്വാധീനിക്കാനും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ നടക്കുന്നതായി രാജസ്ഥാന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് മഹേഷ് ജോഷിയുടെ ആരോപണം. അതേസമയം എംഎല്‍എമാരെ കോണ്‍ഗ്രസ് ഒരു റിസോര്‍ട്ടിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ട്.
ജൂണ്‍ 19 ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി അശോക് ഗെലോട്ട് അദ്ദേഹത്തിന്റെ വസതിയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിനു ശേഷമാണ് എംഎല്‍എമാരെ ബസുകളില്‍ ഒരു ആഡംബര റിസോര്‍ട്ടിലേക്ക് കൊണ്ടുപോയത്. ഗെഹ്‌ലോട്ടും റിസോര്‍ട്ടില്‍ എത്തി എംഎല്‍എമാരുമായി ചര്‍ച്ച നടത്തി.രാജ്യസഭാ തിരഞ്ഞെടുപ്പിലേക്ക് രാജസ്ഥാനില്‍നിന്ന് കെ സി വേണുഗോപാലിനെയും നീരജ് ഡാംഗിയെയുമാണ് കോണ്‍ഗ്രസ് നാമനിര്‍ദ്ദേശം ചെയ്തത്. ബിജെപി രാജേന്ദ്ര ഗെലോട്ട്, ഓങ്കര്‍ സിങ്ങ് ലഖാവത്ത് എന്നിവരെയും നാമനിര്‍ദേശം ചെയ്തു.
200 അംഗ നിയമസഭയില്‍ 107 എംഎല്‍എമാരാണ് ഭരണകക്ഷിയായ കോണ്‍ഗ്രസിന്. കഴിഞ്ഞ വര്‍ഷം ബിഎസ്‌പിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ ആറ് എംഎല്‍എമാരും ഇതില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്തെ 13 സ്വതന്ത്ര എംഎല്‍എമാരില്‍ 12 പേരുടെ പിന്തുണയും കോണ്‍ഗ്രസ്സിനുണ്ട്. അതേസമയം അട്ടിമറി ശ്രമത്തെക്കുറിച്ച് രാജസ്ഥാന്‍ അഴിമതി വിരുദ്ധ വിഭാഗം ഡയറക്ടര്‍ ജനറലിന് മഹേഷ് ജോഷി പരാതി നല്‍കി.
“കര്‍ണാടകയിലും മദ്ധ്യപ്രദേശിലും സംഭവിച്ചത് പോലെ രാജസ്ഥാനിലും സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന കാര്യം ഞാന്‍ അറിഞ്ഞു,” എന്ന് മഹേഷ് ജോഷിയുടെ പരാതിയില്‍ പരാമര്‍ശിക്കുന്നു. എന്നാല്‍, ആരാണ് എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ ശ്രമം നടത്തുന്നതെന്ന് ചീഫ് വിപ്പിന്റെ പരാതിയില്‍ വ്യക്തമാക്കിയിട്ടില്ല.
Post Your Comments