തൃക്കാക്കര : പ്രളയഫണ്ട് തട്ടിപ്പിനെക്കുറിച്ച് നടത്തിയ ആഭ്യന്തര അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ എസ് സുഹാസ് ജോയിന്റ് ലാന്‍ഡ് കമ്മീഷണര്‍ എ.കൗശിക്കിന് കൈമാറി. കൗശിക്കിന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ കളക്ടറേറ്റിലെത്തിയ സംഘം കളക്ടര്‍ എസ് സുഹാസ്,ഫിനാന്‍സ് ഓഫീസര്‍ ഹരികുമാര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. ഫണ്ട് തട്ടിപ്പ് കൈകാര്യം ചെയ്തതില്‍ മുന്‍ ജൂനിയര്‍ സൂപ്രണ്ട് അടക്കമുളളവരുടെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്നലെ ഏറെ വൈകിയും പരിഹാരം സെല്ലിലെ ജീവനക്കാരെ സര്‍ക്കാരിന്റെ പ്രത്യേകസംഘം ചോദ്യം ചെയ്തു. ഫയലുകള്‍ കൈകാര്യം ചെയ്ത രീതികളാണ് പ്രധാനമായും ചോദിച്ചറിഞ്ഞത്. നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കുന്നതടക്കം ജില്ലാ ഭരണകൂടം കൈക്കൊണ്ട നടപടികളെക്കുറിച്ചുള്ളതാണ് റിപ്പോര്‍ട്ട്. പണം വീണ്ടെടുക്കുന്നതിനായി വിഷ്ണുപ്രസാദിന്റെ ഒന്നരക്കോടി രൂപയുടെ സ്വത്ത് പിടിച്ചെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. വിഷ്ണു പ്രസാദിനൊപ്പം നഷ്ടപരിഹാരം സ്പെഷ്യല്‍ സെല്ലില്‍ ജോലിചെയ്ത ഉദ്യോഗസ്ഥരുടെ വിശദീകരണത്തില്‍ കളക്ടര്‍ക്ക് അതൃപ്തിയുണ്ടെന്നും സൂചനയുണ്ട്.
അതേസമയം വിഷ്‌ണുപ്രസാദ് കലക്‌ടറേറ്റിലെ വിവിധ വകുപ്പുകളിലെ രഹസ്യവിവരങ്ങള്‍ ചോര്‍ത്താന്‍ ചാരന്മാരെ നിയോഗിച്ചിരുന്നതായി അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. മാസം 10000 രൂപ പ്രതിഫലം നല്‍കിയായിരുന്നു ഇത്. ചാരന്മാരില്‍ ഒരാള്‍ കലക്‌ടറേറ്റിലെ ദിവസവേതനക്കാരനും മറ്റൊരാള്‍ പി.ആര്‍.ഡിയില്‍നിന്നു സ്വീപ്പറായി വിരമിച്ച സ്‌ത്രീയുടെ മകനും.പ്രളയ ദുരിതാശ്വാസഫണ്ട് വിതരണത്തിനായി സോഫ്‌റ്റ്‌വേര്‍ വികസിപ്പിച്ച നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്ററില്‍നിന്നു രഹസ്യംചോര്‍ത്താനാണ് ഒരാളെ വച്ചത്.
മറ്റൊരാള്‍ ദുരന്തനിവാരണ വിഭാഗത്തിലും മറ്റു സെക്‌ഷനുകളിലും കറങ്ങി രഹസ്യങ്ങള്‍ ചോര്‍ത്തിനല്‍കി. വിഷ്‌ണുപ്രസാദ് അറസ്‌റ്റിലായി റിമാന്‍ഡിലായശേഷവും സെക്‌ഷനുകളിലെല്‍നീക്കങ്ങള്‍ ഇവര്‍ കൃത്യമായി നിരീക്ഷിച്ചിരുന്നു. .നാഷണല്‍ ഇന്‍ഫോമാടിക്‌സ് സെന്ററിലെ തകരാറുകൊണ്ടാണ് ദുരിതബാധിതരുടെ അക്കൗണ്ടിലേക്ക് ഒന്നിലേറെത്തവണ പണം എത്തിയതെന്ന് വിഷ്‌ണുപ്രസാദ് മുന്‍ കലക്‌ടര്‍ മുഹമ്മദ് സഫറുള്ളയെ വിശ്വസിപ്പിച്ചിരുന്നു. സോഫ്‌റ്റ്‌വേര്‍ തകരാറെന്ന് വരുത്തി പണം അപഹരിക്കുകയായിരുന്നു ലക്ഷ്യം.
എന്നാല്‍ സോഫ്‌റ്റ്‌വേര്‍ തകരാറില്ലെന്ന് എന്‍.ഐ.സി അന്നുതന്നെ കലക്‌ടറെ അറിയിച്ചു.
എന്നിട്ടും വിഷ്‌ണുപ്രസാദിനെ വിശ്വസ്‌തനായി കണ്ട കലക്‌ടര്‍ ഫണ്ട് വിതരണത്തിന്റെ പൂര്‍ണചുമതല ഏല്‍പ്പിച്ചതാണ് പഴുതായത്. ഇതോടെ സെക്‌ഷനിലെ മേലുദ്യോഗസ്‌ഥരോടുപോലും ആലോചിക്കാതെ ഇയാള്‍ ഫണ്ട് കൈകാര്യം ചെയ്‌തു.
രഹസ്യസ്വഭാവമുള്ള പ്രധാന ഫയലുകള്‍ കലക്‌ടറേറ്റിലെ ദുരന്തനിവാരണ വിഭാഗത്തില്‍നിന്നു കാണാതായതിനു പിന്നില്‍ ചാരന്മാരാണോയെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.സംഘം ഇന്നും കളക്ടറേറ്റില്‍ എത്തുന്നുണ്ട്.
Post Your Comments