തൃശ്ശൂർ: തൃശ്ശൂരിൽ കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച ഡിന്നി ചാക്കോയുടെ മൃതദേഹം സംസ്ക്കരിക്കുന്നതിൽ ആശയക്കുഴപ്പം തുടരുന്നു. സെമിത്തേരി വളപ്പിൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം 12 അടി ആഴത്തിൽ കുഴിയെടുത്ത് സംസ്കാരം നടത്താനാകില്ലെന്നു വികാരിയും ഇടവകാംഗങ്ങളും അറിയിച്ചതോടെയാണ് സംസ്കാരം മുടങ്ങിയത്. കേരളത്തിലെ പതിനേഴാമത്തെ കോവിഡ് മരണമായിരുന്നു ഡിന്നി ചാക്കോയുടേത്.
ചാലക്കുടി തച്ചുടപ്പറമ്പ് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ സംസ്കാര ചടങ്ങു നടത്തണമെന്ന കുടുംബാംഗങ്ങളുടെ ആഗ്രഹം ഇടവകാംഗങ്ങളുടെ എതിർപ്പിനെ തുടർന്ന് സാധ്യമായില്ല. ജില്ലാ ഭരണകൂടത്തിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് കുടുംബം.
വെള്ളക്കെട്ടുള്ള പ്രദേശമായതിനാൽ സെമിത്തേരി വളപ്പിൽ 5 അടിയോളം താഴ്ത്തിയാൽ വെള്ളമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ക്കാരം തടഞ്ഞത്. പള്ളി സെമിത്തേരിയിൽ അറകളിൽ വച്ച് സംസ്കരിക്കുന്ന രീതിയാണുള്ളത്. കുഴിയെടുക്കാനുള്ള സൗകര്യമില്ലെന്നുകാണിച്ച് ഇടവകാംഗങ്ങൾ രംഗത്തെത്തി. തുടർന്ന് തഹസീൽദാർ ഉൾപ്പെട്ട സംഘം പള്ളിയിലെത്തി വികാരിയുമയും മറ്റു ഇടവക ഭാരവാഹികളുമായും ചർച്ച നടത്തിയെങ്കിലും എതിർപ്പ് തുടർന്നു.
45 പേർ ചേർന്നു എതിർപ്പ് അറിയിച്ചതോടെ തഹസീൽദാർ കലക്ടറെ സ്ഥിതിഗതികൾ അറിയിച്ചു. നഗരസഭാ ക്രിമിറ്റോറിയത്തിലോ മറ്റെവിടെങ്കിലുമോ ദഹിപ്പിച്ച ശേഷം ഭൗതികാവശിഷ്ടം നൽകിയാൽ ഇതു പള്ളി സെമിത്തേരിയിൽ അടക്കം ചെയ്യാമെന്നാണ് പള്ളി ഭാരവാഹികളുടെ നിലപാട്. ജില്ലാ ഭരണകൂടത്തിന്റെ തീരുമാനത്തിനു കാത്തിരിക്കുകയാണ് ഡിന്നിയുടെ കുടുംബാംഗങ്ങൾ.
മെയ് 16ന് മാലിദ്വീപില്‍ നിന്നുമെത്തിയ ഇദ്ദേഹത്തിന് ഗുരുതര വൃക്കരോഗവും ശ്വാസതടസവുമുണ്ടായിരുന്നു. വൃക്ക സ്തംഭനത്തെ തുടര്‍ന്ന് ഹീമോ ഡയാലിസിസിലും ശ്വാസ തടസത്തെ തുടര്‍ന്ന് വെന്റിലേറ്ററിലുമായിരുന്ന ഇദ്ദേഹം ഹൃദയസ്തംഭനത്തെ തുടര്‍ന്നാണാണ് മരണമടഞ്ഞത്. എട്ടാം തിയതി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചായിരുന്നു മരണം.
Post Your Comments