കോഴിക്കോട്: കാവിവത്കരണത്തിനുള്ളതല്ല കാലിക്കറ്റ് വാഴ്സിറ്റി, സംഘ്പരിവാർ വി സിയെ അനുവദിക്കില്ല എന്ന തലക്കെട്ടിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വി.സി നിയമനവുമായി ബന്ധപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലേക്കും, വടകര കാലിക്കറ്റ് യൂണിവേഴ്സിറ്റി സബ്സെന്ററിലേക്കും ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം മുജാഹിദ് മേപ്പയൂർ വടകര മാർച്ച് ഉദ്‌ഘാടനം ചെയ്ത് സംസാരിച്ചു.
സംഘ്പരിവാറിന്റെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി വി സി നിയമനം നടത്താനുള്ള ഗവർണ്ണറുടെ നീക്കങ്ങളെ ശക്തമായ ജനാധിപത്യ പ്രതിരോധങ്ങളിലൂടെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ചെറുക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതിഷേധമായി ജില്ലയിലെ പ്രവർത്തകർ ഗവർണ്ണർക്ക് കത്തുകളയച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മുനീബ് ഉദ്‌ഘാടനം നിർവഹിച്ചു. സംഘ് പരിവാർ രാജ്യ വ്യാപകമായി നടപ്പാക്കുന്ന അക്കാദമിക് ഹിന്ദുത്വയുടെ ഭാഗമാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി നിയമനവുമെന്ന് പ്രതിഷേധങ്ങളുടെ ഭാഗമായി വിദ്യാർഥികളെ ഓണ്ലൈനിലൂടെ അഭിസംബോധനം ചെയ്ത് സംസാരിച്ച ജെ എൻ യു വിദ്യാർത്ഥി നേതാവ് സിദ്ധീഖ് റഷീദ് പറഞ്ഞു. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. നുഅ്‌മാൻ കോട്ടപ്പള്ളി, മൻസൂർ പൈങ്ങോട്ടായി എന്നിവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.
Post Your Comments