പ്രശസ്ത സംഗീത സംവിധായകന്‍ ഇളയ രാജയുടെ മകനും സംഗീത സംവിധായകനുമായ യുവന്‍ ശങ്കര്‍രാജ മതം മാറിയതിൽ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ താൻ മതപരിവര്‍ത്തനം നടത്തിയതിന്റെ കാരണം സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് യുവന്‍. തന്നെ നിര്‍ബന്ധിച്ച് മതം മാറ്റിയതാണ് എന്നുള്ള ആരോപണങ്ങള്‍ക്കാണ് താരം മറുപടി നൽകിയിരിക്കുന്നത്.
യുവന്‍ ശങ്കര്‍രാജ യുടെ വാക്കുകള്‍ ഇങ്ങനെ ;
‘ഞാന്‍ ഇസ്‌ലാം മതം സ്വീകരിച്ചതിനു പിന്നിലുള്ള കാരണമെന്താണെന്ന് നിരവധി പേര്‍ ചോദിക്കുന്നു. അതില്‍ ഒരു കാര്യം മാത്രമായി എനിക്ക് ചൂണ്ടിക്കാണിക്കാനാവില്ല, കാരണം അതൊരു യാത്രയായിരുന്നു. ഞാന്‍ ഇസ്‌ലാം മതം സ്വീകരിക്കുന്നതിനു മുമ്പ്, ലോകാവസാനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വന്ന സമയത്ത്, എന്റെ അമ്മ ജീവിച്ചിരുന്ന സമയമത്ത് ഇസ്‌ലാം മതത്തില്‍ എന്താണ് ഇതിനെക്കുറിച്ചെല്ലാം പറഞ്ഞിരിക്കുന്നതെന്ന് പഠിക്കുകയായിരുന്നു ഞാന്‍. കാരണം ഞാന്‍ പഠിച്ചിരുന്നത് ആംഗ്ലോ ഇന്ത്യന്‍ സ്‌കൂളിലായിരുന്നു. അതായിരുന്നു തുടക്കം.
ഞാനിവിടെ സത്യം തുറന്നു പറയുകയാണ് എനിക്കത് കഠിനമായാണ് അനുഭവപ്പെട്ടത്. പിന്നീട് എന്റെ അമ്മ മരിച്ച സമയത്ത്, എന്റെ ഒരു സുഹൃത്ത് മക്കയില്‍ നിന്നും ഒരു നിസ്‌കാരപ്പായ കൊണ്ടുവന്നു നല്‍കി. എപ്പോഴൊക്കെ മനസിനു ഭാരമനുഭവപ്പെടുന്നുവോ അപ്പോഴെല്ലാം ആ പായ വിരിച്ച് അതിലിരിക്കാന്‍ സുഹൃത്ത് ആവശ്യപ്പെട്ടു.
ഒരിക്കല്‍ എന്റെ ഒരു കസിന്‍ വീട്ടില്‍ വരികയും അമ്മയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. അപ്പോള്‍ എനിക്കു വല്ലാത്ത മനോവിഷമം തോന്നി. എന്റെ മുഖം കഴുകുമ്പോള്‍ യഥാര്‍ഥത്തില്‍ ഞാന്‍ കരയുകയായിരുന്നു. അതുവരെ ആ നിസ്‌കാരപ്പായയെകുറിച്ച് ഞാന്‍ ചിന്തിച്ചിരുന്നില്ല. അന്ന് എന്റെ മുറിയില്‍ കയറിയപ്പോള്‍ ഞാന്‍ ആദ്യം കണ്ടത് ആ പായയാണ്.
അന്ന് വളരെ അപ്രതീക്ഷിതമായി എനിക്കൊരു സുഹൃത്തിന്റെ സന്ദേശവും ലഭിച്ചു. ഒരു ചിത്രത്തില്‍ ‘മനോഹരമായ ആകാശം’ എന്നെഴുതിയ സന്ദേശമായിരുന്നു അത്. ഇസ്‌ലാം മതവിശ്വാസികളായ ധാരാളം സുഹൃത്തുക്കള്‍ എനിക്കുണ്ട്. അവരില്‍ ഒരാള്‍ക്ക് ഈ സന്ദേശം കൈമാറിയ ശേഷം അതില്‍ എന്തെങ്കിലും കാണാന്‍ സാധിക്കുന്നുണ്ടോ എന്നു ഞാന്‍ ചോദിച്ചു. ‘അത് അല്ലാഹു’ ആണ് എന്നായിരുന്നു അവന്റെ മറുപടി. ആ ചിത്രത്തിലെ മേഘക്കൂട്ടങ്ങള്‍ അറബി ഭാഷയില്‍ ‘അല്ലാഹു’ എന്നെഴുതി വച്ചതു പോലെയാണെന്ന് അവന്‍ എനിക്ക് വിശദീകരിച്ചു തന്നു. അതു കേട്ടപ്പോള്‍ എനിക്ക് അദ്ഭുതം തോന്നി.
ഞാന്‍ നിസ്‌കാരപ്പായ വിരിച്ച് അതിലിരുന്നു. എന്റെ അമ്മയെ നഷ്ടപ്പെട്ടതിന്റെ വല്ലാത്ത മാനസികാവസ്ഥയിലായിരുന്നു ഞാനപ്പോള്‍. എന്റെ നെറ്റി പായയില്‍ മുട്ടിയപ്പോള്‍ ഞാന്‍ കരഞ്ഞുകൊണ്ട് പറഞ്ഞു ‘എന്റെ പാപങ്ങള്‍ പൊറുക്കണേ അള്ളാ’ എന്ന്. അതാണ് എന്റെ ജീവിതത്തിലെ വഴിത്തിരിവ്. ആ രാത്രി ഞാന്‍ എന്റെ ഫോണില്‍ ഖുറാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തു. അന്ന് എനിക്കതു കഠിനമായി അനുഭവപ്പെട്ടുവെങ്കിലും പിന്നീട് ഞാനതിനെ ഇഷ്ടപ്പെട്ടു. വിശ്വത്തിന്റെ സൃഷ്ടാവ് വിശുദ്ധ ഗ്രന്ഥങ്ങളിലൂടെ ആളുകളുമായി സംസാരിക്കുമ്പോള്‍ അത് കഠിനമായി തന്നെ അനുഭവപ്പെടേണ്ടതാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. കാരണം നമുക്കറിയാത്ത എത്രയോ കാര്യങ്ങള്‍ ഈ പ്രപഞ്ചത്തിലുണ്ട്’
Post Your Comments