KeralaLatest NewsNews

കോവിഡ് കാലത്തെ ക്ഷേത്ര പ്രവേശനം; ഹിന്ദു സംഘടനകള്‍ പിണറായി സര്‍ക്കാരുമായി ഇടയുന്നു

തിരുവനന്തപുരം: കോവിഡ് വ്യാപന കാലത്ത് ക്ഷേത്രങ്ങള്‍ ദര്‍ശനത്തിനായി തുറന്നുകൊടുക്കുന്നതിനെച്ചൊല്ലി വിവിധ ഹിന്ദു സംഘടനകള്‍ പിണറായി സര്‍ക്കാരുമായി ഇടയുന്നു. ശബരിമല യുവതീപ്രവേശന വിവാദം കെട്ടടങ്ങാതെ കിടക്കുമ്പോഴാണ് വീണ്ടുമൊരു ഏറ്റുമുട്ടലിനു കളമൊരുങ്ങിയത്‌.

ആരോഗ്യ സുരക്ഷാ മുന്‍കരുതലുകളോടെ ആരാധനാലയങ്ങള്‍ ഇന്നുമുതല്‍ തുറക്കാന്‍ അനുമതിയുണ്ടെങ്കിലും കോവിഡ്‌ രോഗികളുടെ എണ്ണം കൂടുന്ന നിലയ്‌ക്ക്‌ ആരാധനാലയങ്ങള്‍ തല്‍ക്കാലം വിശ്വാസികള്‍ക്കായി തുറക്കേണ്ടെന്നാണു നിരവധി ക്രിസ്‌ത്യന്‍, മുസ്ലിം വിഭാഗങ്ങളുടെ തീരുമാനം.

എന്നാല്‍, ക്ഷേത്രങ്ങള്‍ ഇന്നു തുറക്കുമെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും വിവിധ ദേവസ്വം ബോര്‍ഡുകളും പ്രഖ്യാപിച്ചതു പൊട്ടിത്തെറിയിലേക്കു നീങ്ങുകയാണ്‌. തങ്ങളുടെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങള്‍ തുറക്കില്ലെന്നു കേരള ക്ഷേത്ര സംരക്ഷണ സമിതിയും വിശ്വ ഹിന്ദു പരിഷത്തുമടക്കമുള്ള സംഘടനകള്‍ അറിയിച്ചു. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം, തളിപ്പറമ്ബ്‌ രാജരാജേശ്വര ക്ഷേത്രം, തൃച്ചംബരം ശ്രീകൃഷ്‌ണക്ഷേത്രം, കാഞ്ഞിരങ്ങാട്‌ വൈദ്യനാഥ ക്ഷേത്രം, മള്ളിയൂര്‍ മഹാഗണപതിക്ഷേത്രം, ആറ്റുകാല്‍ ദേവീക്ഷേത്രം തുടങ്ങിയ പ്രമുഖ ക്ഷേത്രങ്ങളും ദര്‍ശനത്തിനായി തുറക്കില്ല.

ക്ഷേത്രാചാര ചടങ്ങുകള്‍ പതിവുപോലെ തുടരും. 30 വരെയെങ്കിലും കാക്കാനാണു തീരുമാനം. നായര്‍ സര്‍വീസ്‌ സൊസൈറ്റിയുടെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ നിത്യപൂജ മാത്രമേ ഉണ്ടാകൂ എന്നും ഭക്‌തര്‍ക്കു ദര്‍ശനം ഉണ്ടായിരിക്കില്ലെന്നും എന്‍.എസ്‌.എസ്‌. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. എന്നാല്‍, സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ച്‌ എസ്‌.എന്‍.ഡി.പി. യോഗത്തിന്റെ അധീനതയിലുള്ള ക്ഷേത്രങ്ങള്‍ തുറക്കുമെന്ന്‌ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അറിയിച്ചു.

ഗുരുവായൂര്‍ ശ്രീകൃഷ്‌ണ സ്വാമിക്ഷേത്രം അടക്കം ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങള്‍ ഇന്നു തുറക്കും. മാസപൂജയ്‌ക്കായി ശബരിമല ക്ഷേത്രം തുറക്കാനാണു തീരുമാനമെങ്കിലും പന്തളം കൊട്ടാരം വിയോജിപ്പ്‌ അറിയിച്ചിട്ടുണ്ട്‌. ശബരിമലയില്‍ അടുത്തയാഴ്‌ച ഉത്സവം നടക്കാനിരിക്കെ ഭക്‌തരെ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുമെന്ന്‌ പന്തളം കൊട്ടാരം നിര്‍വാഹക സംഘം സെക്രട്ടറി പി.എന്‍. നാരായണവര്‍മ്മ പറഞ്ഞു.

ക്ഷേത്രങ്ങളുടെ വരുമാനത്തിലാണു കണ്ണെന്ന ആക്ഷേപം സര്‍ക്കാരും ദേവസ്വം ബോര്‍ഡുകളും തള്ളിയെങ്കിലും കാണിക്കവഞ്ചികളുമായി “സാമൂഹിക അകലം” പാലിക്കണമെന്നും ക്ഷേത്രദര്‍ശനം ഒഴിവാക്കണമെന്നുമുള്ള പ്രചാരണം സാമൂഹിക മാധ്യമങ്ങളില്‍ പടര്‍ന്നുപിടിക്കുന്നു. ക്ഷേത്രങ്ങള്‍ തുറക്കുന്നതിനു പകരം പ്രതിസന്ധിയിലായ ക്ഷേത്രങ്ങളെ സഹായിക്കാനാണു സര്‍ക്കാര്‍ നടപടിയെടുക്കേണ്ടതെന്നു ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button