Latest NewsKeralaNews

വീണ്ടും പറക്കാന്‍ തയ്യാര്‍… വനിതാ പൈലറ്റ് ഡിസ്ചാര്‍ജ് ആയി

തിരുവനന്തപുരം: കോവിഡ്-19 സ്ഥിരീകരിച്ച് എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന എയര്‍ ഇന്ത്യ വനിത പൈലറ്റ് ബിന്ദു സെബാസ്റ്റ്യനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. വിദഗ്ധ ചികിത്സയ്ക്ക് ശേഷം രണ്ട് പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ് ആയി രോഗമുക്തി നേടിയതിനെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ് ചെയ്തത്. പ്രവാസികളെ വിദേശ രാജ്യങ്ങളില്‍ നിന്നും കൊണ്ടുവരുന്ന വന്ദേ ഭാരത് മിഷന്റെ ഭാഗമായിരുന്നു എറണാകുളം തേവര സ്വദേശിയായ ഈ വനിത പൈലറ്റ്. ഏറ്റവും മികച്ച ചികിത്സയാണ് എറണാകുളം മെഡിക്കല്‍ കോളേജില്‍ നിന്നും ലഭിച്ചതെന്ന് ബിന്ദു സെബാസ്റ്റ്യന്‍ പറഞ്ഞു. മികച്ച ചികിത്സയും പരിചരണവും നല്‍കിയ ആരോഗ്യ വകുപ്പിനും എറണാകുളം മെഡിക്കല്‍ കോളേജിനും നന്ദി പറയുന്നു. എന്തെങ്കിലും ചെറിയ രോഗലക്ഷണങ്ങളുണ്ടായാല്‍ ഉടന്‍ തന്നെ എല്ലാവരും ചികിത്സ തേടേണ്ടതാണ്. പ്രവാസികളെ കൊണ്ടുവരാനുള്ള ദൗത്യത്തില്‍ ഇനിയും പങ്കാളിയാകുമെന്നും ബിന്ദു സെബാസ്റ്റ്യന്‍ വ്യക്തമാക്കി.

യു.എ.ഇ.യില്‍ നിന്നും കേരളത്തിലേക്ക് പ്രവാസികളെ കൊണ്ടുവരാനുള്ള മിഷനില്‍ ബിന്ദു സെബാസ്റ്റ്യനും പങ്കെടുത്തിരുന്നു. അതിന് ശേഷം നടന്ന സ്രവ പരിശോധനയിലാണ് കഴിഞ്ഞ ഞായറാഴ്ച ബിന്ദു സെബാസ്റ്റ്യന് രോഗം സ്ഥിരീകരിച്ചത്. ഉടന്‍ തന്നെ എറണാകുളം മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ അഡ്മിറ്റാക്കുകയും മികച്ച ചികിത്സ നല്‍കുകയും ചെയ്തു.

പ്രവാസികളെ കൊണ്ടുവരാനായി വിമാന ജീവനക്കാര്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. മറ്റുള്ളവരെ എത്തിക്കുന്നതിനിടെ അവരുടെ സുരക്ഷയും വളരെ പ്രധാനമാണ്. സംസ്ഥാനത്ത് നിന്നും പോകുന്ന വിമാന ജീവനക്കാര്‍ക്ക് കോവിഡിനെ പ്രതിരോധിക്കാന്‍ മികച്ച പരിശീലനമാണ് നല്‍കുന്നത്. ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. പ്രവാസികളെ കൊണ്ടു വരാനുള്ള ദൗത്യത്തില്‍ പങ്ക് ചേര്‍ന്ന ബിന്ദു സെബാസ്റ്റ്യന്‍ ഉള്‍പ്പെടെയുള്ളവര്‍ കേരളത്തിന് അഭിമാനമാണ്. രോഗമുക്തി നേടിയ ബിന്ദു സെബാസ്റ്റ്യന് അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

എറണാകുളം മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പലും പള്‍മണറി മെഡിസിന്‍ വിഭാഗം മേധാവിയുമായ ഡോ. ഫത്താഹുദ്ദീന്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. പീറ്റര്‍ വാഴയില്‍, ആര്‍.എം.ഒ. ഡോ.ഗണേശ് മോഹന്‍, മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ. ജേക്കബ് കെ. ജേക്കബ്, അസോ. പ്രൊഫ. ഡോ. ബി. റെനിമോള്‍, നഴ്‌സിംഗ് സൂപ്രണ്ട് സാന്റി അഗസ്റ്റിന്‍ എന്നിവരാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button