തിരുവനന്തപുരം: സംസ്ഥാനത്തുനിന്ന് ഇതുവരെ 1,67,355 അതിഥി തൊഴിലാളികൾ സ്വന്തം നാടുകളിലേക്ക് മടങ്ങിപ്പോയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിരവധി അതിഥി തൊഴിലാളികൾ ഇവിടെത്തന്നെ കഴിയുന്നുണ്ട്. ജോലികൾ തുടങ്ങിയ സ്ഥിതിക്ക് അവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ തുടരണം. കൂട്ടമായി താമസിക്കുകയാണ് അവർ. ജോലിസ്ഥലത്ത് അവരെ കൊണ്ടുപോകുന്നതിന് പ്രോട്ടോകോൾ ഉണ്ടാക്കും. കരാറുകാരാണ് യാത്രയിലും മറ്റും സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്നുണ്ട് എന്ന് ഉറപ്പിക്കേണ്ടത്.
ചില റെയിൽവെ സ്റ്റേഷനുകളിൽ ഇറങ്ങിയാൽ വീട്ടിലേക്ക് പോകുന്നതിന് സൗകര്യം ലഭിക്കുന്നില്ല എന്ന പരാതിയിൽ ഇടപെടാൻ ജില്ലാ കലക്ടർമാർക്ക് ചുമതല നൽകി. അതിന് പ്രത്യേകമായി പൊലീസ് ഉദ്യോഗസ്ഥരുടെ സഹായവും ലഭ്യമാക്കും. ബസുകളും ഇതര വാഹനങ്ങളും വേണ്ടിവന്നാൽ ഏർപ്പെടുത്താനും അനുവാദം നൽകി.
കോവിഡിനു പുറമെ മറ്റു രോഗങ്ങൾ, പ്രത്യേകിച്ച് മഴക്കാലത്ത് വരുന്ന സാഹചര്യത്തിൽ തയ്യാറെടുപ്പ് നടത്തുന്നുണ്ട്. സ്വകാര്യ ആശുപത്രികളെ കൂടി ഇതിൽ ഭാഗഭാക്കാക്കാൻ ആരോഗ്യവകുപ്പിന് നിർദേശം നൽകി. ടെലി മെഡിസിൻ സൗകര്യം വ്യാപകമാക്കും. കോവിഡ്-കോവിഡിതര രോഗങ്ങളെ വേർതിരിച്ചു കണ്ടുള്ള ചികിത്സാസംവിധാനമാണ് ഒരുക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments