
കൊല്ലം : കൊല്ലം അഞ്ചലില്‍ ദമ്പതികള്‍ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍. അമ്മയും അച്ഛനും മരിച്ചതറിയാതെ അമ്മയുടെ മൃതദേഹത്തില്‍ മുലപ്പാല്‍ നുണഞ്ഞ കരയുകയായിരുന്നു മൂന്നുവയസ്സുള്ള പിഞ്ചുകുഞ്ഞ്. അഞ്ചല്‍ ഇടമുളയ്ക്കലായിരുന്നു സംഭവം. ഇടമുളയ്ക്കല്‍ അമൃത് ഭവനില്‍ സുനില്‍ (34), ഭാര്യ സുജിനി (24) എന്നിവരാണ് മരിച്ചത്. സുനില്‍ വീടിന്റെ കഴുക്കോലില്‍ തൂങ്ങിയനിലയിലും സുജിനി തറയില്‍ പായയില്‍ മരിച്ചനിലയിലുമായിരുന്നു.
മേസ്തിരി പണിക്കാരനാണ് സുനില്‍.കുടുംബപ്രശ്നങ്ങളാണ് ഇരുവരുടെയും മരണത്തില്‍ കലാശിച്ചതെന്ന് കരുതുന്നു. സുജിനിയെ കൊലപ്പെടുത്തിയശേഷം സുനില്‍ ആത്മഹത്യ ചെയ്തതാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. ഇന്നലെ പുലര്‍ച്ചെ സുനില്‍ സ്വന്തം വീട്ടില്‍ വിളിച്ച് തനിക്കു സുഖമില്ലെന്നും പെട്ടെന്ന് വീട്ടില്‍ എത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. സുനിലിന്റെ അമ്മ സുജിനിയുടെ അച്ഛനെ വിവരമറിയിച്ചു. രാവിലെ അദ്ദേഹം വന്ന് വിളിച്ചപ്പോള്‍ വാതില്‍ തുറന്നില്ല.
എന്നാല്‍, വീട്ടിനുള്ളില്‍നിന്ന് കുഞ്ഞിന്റെ കരച്ചില്‍കേട്ടു. തുടര്‍ന്ന് സമീപത്തെ വീട്ടില്‍നിന്ന് വെട്ടുകത്തിവാങ്ങി ജനല്‍പ്പാളി പൊളിച്ച് നോക്കിയപ്പോഴാണ് സുനിലിും സുജിനിയും മരിച്ച് കിടക്കുന്നത് കണ്ടത്. കുഞ്ഞ് അമ്മയുടെ മുലപ്പാല്‍ കുടിച്ച് കരയുകയായിരുന്നു.മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
Post Your Comments