ബീജിംഗ് : ചൈനയില്‍ കോവിഡിന് രണ്ടാം തരംഗം , ഇപ്പോള്‍ കണ്ടെത്തിയ വൈറസുകള്‍ക്ക് ചില പ്രത്യേകതകളെന്ന് ആരോഗ്യവിദഗ്ദ്ധരുടെ റിപ്പോര്‍ട്ട്. കോവിഡ് 19ന്റെ ഉത്ഭവ കേന്ദ്രമായ വുഹാനില്‍ നടത്തിയ ശക്തമായ പരിശോധനയുടെ റിപ്പോര്‍ട്ടാണ് അധികൃതര്‍ പുറത്തുവിട്ടിരിക്കുന്നത്. കോവിഡിന്റെ രണ്ടാം വരവ് തടയാനായാണ് വുഹാനില്‍ വ്യാപക കൊവിഡ് പരിശോധന നടത്താന്‍ തീരുമാനിച്ചത്. ആകെ 99 ലക്ഷം പേരെ പരിശോധനയ്ക്ക് വിധേയമാക്കിയതായും ഇതില്‍ 300 പേരില്‍ വൈറസ് സാന്നിദ്ധ്യം കണ്ടെത്താന്‍ കഴിഞ്ഞതായും ചൈനീസ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേ സമയം, ഇപ്പോള്‍ കൊറോണ വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിച്ചിരിക്കുന്ന ആര്‍ക്കും പുറമേ രോഗലക്ഷണങ്ങള്‍ ഇല്ല. അതു പോലെ തന്നെ രോഗലക്ഷണങ്ങള്‍ പ്രകടമല്ലാത്തവരെ ചൈന കൊവിഡ് രോഗികളായി കണക്കാക്കുന്നതുമില്ല.
വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയ 300 പേരില്‍ നിന്നും ആരിലേക്കും രോഗം പകര്‍ന്നിട്ടില്ലെന്നും ഇവര്‍ ഉപയോഗിച്ചിരുന്ന മാസ്‌ക്, ഫോണ്‍ തുടങ്ങിയ വസ്തുക്കളിലോ കരസ്പര്‍ശമേറ്റവയിലോ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ മാസമാണ് പുതിയ കേസുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വുഹാന്‍ നഗരത്തില്‍ എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചത്.
Post Your Comments