Latest NewsKeralaNews

എന്തു മാന്ത്രികവടിയാണ് വിഎസിന്റെ കയ്യില്‍ ഉണ്ടായിരുന്നതെന്ന് വെളിപ്പെടുത്താമോ? വിമർശനവുമായി ഉമ്മൻചാണ്ടി

തിരുവനന്തപുരം: വിക്ടേഴ്സ് ചാനലിനു തുടക്കമിട്ടതുമായി ബന്ധപ്പെട്ട് ഉയരുന്ന ചർച്ചകളിൽ വി.എസ്.അച്യുതാനന്ദന് മറുപടിയുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.എല്ലാ നടപടിക്രമങ്ങളും യുഡിഎഫ് പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിനു കാത്തിരുന്ന വിക്ടേഴ്‌സിന്റെ അടുത്ത ഘട്ടമാണ് വിഎസ് ഉദ്ഘാടനം ചെയ്തത്. 2006 മേയ് 18ന് ഇടതു സര്‍ക്കാര്‍ അധികാരത്തിലേറുകയും 2006 ഓഗസ്റ്റ് 3ന് വിക്ടേഴ്‌സ് ചാനലിന്റെ നോണ്‍ ഇന്റര്‍ ആക്ടീവ് മോഡ് വിഎസ് ഉദ്ഘാടനം ചെയ്യുകയുമാണ് ഉണ്ടായതെന്ന് ഉമ്മൻ ചാണ്ടി ഫേസ്ബുക്കിലൂടെ വ്യക്തമാക്കുന്നു.

Read also: അറബിക്കടലിൽ രൂപം കൊണ്ട നിസർഗ ചുഴലിക്കാറ്റ് ഉടൻ തീവ്ര ചുഴലിയായി മാറും; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

വിക്ടേഴ്‌സ് ചാനലുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദര്‍ ഫേസ് ബുക്കില്‍ എഴുതിയ കുറിപ്പ് വായിക്കാനിടയായി. വിക്ടേഴ്‌സ് ചാനല്‍ ആരു തുടങ്ങി എന്നതു സംബന്ധിച്ചാണല്ലോ തര്‍ക്കം.

ഇതു സംബന്ധിച്ച ഏറ്റവും ആധികാരികമായി പറയാന്‍ കഴിയുന്നത് വിക്ടേഴ്‌സ് ചാനല്‍ ഉള്‍പ്പെടെയുള്ള ഐടി സാങ്കേതികവിദ്യാഭ്യാസത്തിന്റെ നടത്തിപ്പുകാരായ Kerala Infrasructure and Technology for Education (KITE) ന് ആണല്ലോ. അവര്‍ വ്യക്തമായി പറയുന്നൂ, വിക്ടേഴ്‌സ് ഉദ്ഘാടനം ചെയ്തത് 2005 ജൂലൈ 28ന് രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം ആണെന്ന്. അതാണു ഞാനും നേരത്തെ ചൂണ്ടിക്കാട്ടിയത്. അന്ന് എല്ലാ മാധ്യമങ്ങളും ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതില്‍ ഇനി തര്‍ക്കമില്ല.

Kite ല്‍ പറയുന്ന മറ്റൊരു കാര്യം വിക്ടേഴ്‌സ് ചാനലിന് രണ്ടു ഭാഗങ്ങളുണ്ട് എന്നാണ്. ആദ്യത്തേത് രാഷ്ട്രപതി ഉദ്ഘാടനം ചെയ്ത ഇന്‍ര്‍ ആക്ടീവ് മോഡും രണ്ടാമത്തേത് വിഎസ് മുഖ്യമന്ത്രിയായി രണ്ടര മാസം കഴിഞ്ഞ് ഉദ്ഘാടനം ചെയ്ത നോണ്‍ ഇന്റര്‍ ആക്ടീവ് മോഡും.

ഇന്റര്‍ ആക്ടീവ് മോഡില്‍ പരിമിതമായ തോതിലാണ് വിക്ടേഴ്‌സ പ്രവര്‍ത്തിച്ചിരുന്നത് എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ അതിനെ നോണ്‍ ഇന്റര്‍ ആക്ടീവ് മോഡിലാക്കി 1000 സ്‌കൂളുകളില്‍ എത്തിക്കാനുള്ള നടപടി യുഡിഎഫാണ് സ്വീകരിച്ചത്. കേന്ദ്രാനുമതി ലഭ്യമാക്കുക, ബാന്‍ഡ് വിഡ്ത്ത് കൂട്ടുക, ആന്റിനകളും സെറ്റപ്പ് ബോക്‌സുകളും ലഭ്യമാക്കുക തുടങ്ങിയ സന്നാഹങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 2006 മാര്‍ച്ച് ഒന്നിന് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നു. എല്ലാ നടപടിക്രമങ്ങളും യുഡിഎഫ് പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിനു കാത്തിരുന്ന വിക്ടേഴ്‌സിന്റെ അടുത്ത ഘട്ടമാണ് വിഎസ് ഉദ്ഘാടനം ചെയ്തത്.

2006 മെയ് 18ന് ഇടതു സര്‍ക്കാര്‍ അധികാരത്തിലേറുകയും 2006 ഓഗസ്റ്റ് 3ന് വിക്ടേഴ്‌സ് ചാനലിന്റെ നോണ്‍ ഇന്റര്‍ ആക്ടീവ് മോഡ് വിഎസ് ഉദ്ഘാടനം ചെയ്യുകയുമാണ് ഉണ്ടായത്. വെറും രണ്ടരമാസത്തിനുള്ളില്‍ വിക്ടേഴ്‌സ് ചാനലിനെ വലിയ സന്നാഹമുള്ള നോണ്‍ ഇന്റര്‍ആക്ടീവ് മോഡിലാക്കാനുള്ള എന്തു മാന്ത്രികവടിയാണ് വിഎസിന്റെ കയ്യില്‍ ഉണ്ടായിരുന്നതെന്നു വെളിപ്പെടുത്താമോ?

ഐടി അധിഷ്ഠിത സാങ്കേതികവിദ്യയ്‌ക്കെതിരേ ഉറഞ്ഞുതുള്ളിയശേഷം വിക്ടേഴ്‌സ് ചാനലിനെ വെട്ടിനിരത്തിയില്ല എന്നതില്‍ തീര്‍ച്ചയായും എല്‍ഡിഎഫ് സര്‍ക്കാരിന് അഭിമാനിക്കാം. ‘തൊഴില്‍ തിന്നുന്ന ബകന്‍’ എന്ന പേരില്‍ കമ്പ്യൂട്ടര്‍വത്കരണത്തിനെതിരേ ചിന്ത വാരിക പ്രസിദ്ധീകരിച്ച പുസ്തകം ഇപ്പോഴും ഇടതുപക്ഷക്കാരുടെ കയ്യില്‍ കാണുമല്ലോ.

യുഡിഎഫ് പൂര്‍ത്തിയാക്കിയ കൊച്ചി മെട്രോയും കണ്ണൂര്‍വിമാനത്താവളവും മറ്റും ഉദ്ഘാടനം ചെയ്ത് എല്‍ഡിഎഫ് തനിക്കാക്കിയതിന്റെ മറ്റൊരു പകര്‍പ്പായി മാത്രമേ വിക്ടേഴ്‌സ് ചാനല്‍ സംബന്ധിച്ച് വിഎസിന്റെ നിലപാടിനെയും കാണുന്നുള്ളു.

shortlink

Related Articles

Post Your Comments

Related Articles


Back to top button