KeralaLatest NewsNews

ക്ഷേത്ര കമ്മിറ്റിയുടെ ആവശ്യ പ്രകാരം മിന്നൽ മുരളി സിനിമയുടെ സെറ്റ് പൊളിച്ചു മാറ്റി

ആലുവ: ക്ഷേത്ര കമ്മിറ്റിയുടെ ആവശ്യ പ്രകാരം മിന്നൽ മുരളി സിനിമയുടെ സെറ്റ് പൊളിച്ചു മാറ്റി. കാലവർഷം തുടങ്ങിയതിനാൽ മണപ്പുറത്ത് വെള്ളം കയറാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി. ടൊവിനോ തോമസ് – ബേസിൽ ജോസഫ് ചിത്രം മിന്നൽ മുരളി സിനിമയുടെ ഷൂട്ടിം​ഗിനായി ആലുവ ക്ഷേത്രത്തിൻ്റെ സ്ഥലത്ത് പണിത ക്രിസ്ത്യന്‍ ദേവാലയത്തിന്റെ സെറ്റ് അഖില ഹിന്ദു പരിഷത്ത് പ്രവർത്തകർ തകർത്തത് വൻ വിവാദമായിരുന്നു.

ലോക്ഡൗൺ കാരണം സിനിമയുടെ ചിത്രീകരണം നടന്നിരുന്നില്ല. ഇതിനിടെയാണ് കഴിഞ്ഞ ദിവസം അഖില ഹിന്ദു പരിഷത്തിന്‍റെയും അവരുടെ യുവജന സംഘടനയായ ബംജ്റംഗദളിന്‍റെയും പ്രവര്‍ത്തകരെത്തി സെറ്റ് പൊളിച്ചത്. ​സംഭവത്തില്‍ മതസ്പർധ ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നത് ഉള്‍പ്പെടെ വിവിധ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയു ചെയ്തിരുന്നു.

വിവിധ സിനിമാ സംഘടനകളും മണപ്പുറത്ത് ഷൂട്ടിംഗിന് അനുമതി നല്‍കിയ മഹാശിവരാത്രി ആഘോഷ സമിതിയും നല്‍കിയ പരാതികളില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസിലെ മുഖ്യ പ്രതിയായ മലയാറ്റൂർ സ്വദേശി രതീഷ് കൊലപാതകം ഉൾപ്പെടെ 29 കേസുകളിലെ പ്രതിയാണ്.

മലയാള സിനിമാലോകം മുഴുവൻ ഈ അക്രമത്തെ ശക്തമായ ഭാഷയിലാണ് എതിർത്തത്. മുഖ്യമന്ത്രിയും അക്രമത്തെ ശക്തമായ ഭാഷയിൽ അപലപിച്ചിരുന്നു. സെറ്റ് നശിപ്പിച്ചതിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായതെന്ന് നിർമ്മാതാവ് സോഫിയ പോൾ പറഞ്ഞു. സെറ്റ് തകർത്തതിന് പിന്നിൽ വർഗീയ വാദികളാണെന്ന് ടൊവിനോ തോമസും പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button