കൊച്ചി : സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിച്ചാല്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നതിനായി എറണാകുളം ജില്ലയില്‍ ഇതുവരെ 560 കെട്ടിടങ്ങള്‍ കണ്ടെത്തി. കൊവിഡ് സാഹചര്യം കൂടി പരിഗണിച്ചാണ് ഇക്കൊല്ലം ക്യാംപ് നടത്തിപ്പ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയാറാക്കിയിരിക്കുന്നത്. അടിയന്തര ഘട്ടത്തിൽ നാല് തരത്തിലുള്ള ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുക. ഇതിനായുള്ള കെട്ടിടങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് കണ്ടെത്തിയത്. നാല് തരം ക്യാമ്പുകള്‍ക്കും നമ്പര്‍ നൽകി തരം തിരിക്കും.
കെട്ടിടം ഒന്നിൽ പൊതുവായ ദുരിതാശ്വാസ ക്യാമ്പാണ് പ്രവര്‍ത്തിക്കുക. കെട്ടിടം രണ്ടിൽ 60 വയസിന് മുകളിൽ ഉള്ളവർ, കോവിഡ് ഇതര രോഗങ്ങൾ ഉള്ളവർ എന്നിവരെ താമസിപ്പിക്കും. കെട്ടിടം മൂന്ന് കോവിഡ് രോഗലക്ഷണങ്ങൾ ഉള്ളവരെ മാറ്റി താമസിപ്പിക്കുന്നതിനാണ് സജ്ജീകരിക്കുക. മുറിയോട് ചേർന്ന് ടോയ്‍ലെറ്റ് സംവിധാനങ്ങൾ ഉള്ള കെട്ടിടങ്ങളാണ് ഇതിനായി കണ്ടെത്തിയിട്ടുള്ളത്. കെട്ടിടം നാലിൽ ഹോം ക്വാറൻറീനിൽ കഴിയുന്നവരെ താമസിപ്പിക്കും.ഒപ്പം ക്യാമ്പിലെ അന്തേവാസികൾക്ക് മാനസിക സംഘർഷം ഒഴിവാക്കാൻ കൗൺസലിംഗ് സംവിധാനവും ഒരുക്കും.
എന്നാൽ കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ക്യാംപില്‍ കഴിയുന്നവര്‍ക്കും പ്രത്യേക നിര്‍ദ്ദേശങ്ങള്‍ ദുരന്ത നിവാരണ അതോറിറ്റി നല്‍കുന്നുണ്ട്. മുഴുവന്‍ സമയവും സുരക്ഷിതമായ മാസ്‌ക് ധരിക്കണമെന്നത് കര്‍ശന നിര്‍ദ്ദേശമാണ് . ആറ് മണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി മാസ്‌ക് ഉപയോഗിക്കരുത്. സോപ്പ് ഉപയോഗിച്ച് മാസ്‌കുകള്‍ ദിവസവും കഴുകി വെയിലില്‍ ഉണക്കിയതിനു ശേഷം മാത്രമേ വീണ്ടും ഉപയോഗിക്കാവൂ.ക്യാംപില്‍ സന്ദര്‍ശകരെ അനുവദിക്കില്ല. ക്യാംപിലെ മറ്റുള്ളവരുമായി അടുത്ത് ഇടപഴകാതിരിക്കാനും ശാരീരിക അകലം പാലിക്കാനും ശ്രദ്ധിക്കണം. സാധന സാമഗ്രികളും വസ്ത്രങ്ങളും ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും പരസ്പരം പങ്കിടാന്‍ അനുവദിക്കില്ല. അലക്ഷ്യമായി തുപ്പാനും അനുവാദമുണ്ടാകില്ല. ഇടക്കിടെ കൈകള്‍ സോപ്പു പയോഗിച്ച് കഴുകണം. ഭക്ഷണം കഴിക്കുന്നതിന് തിക്കും തിരക്കും ഒഴിവാക്കി പരമാവധി 20 പേരില്‍ കൂടാതെ ഭക്ഷണം കഴിക്കുകയും വേണം.
Post Your Comments