കോട്ടയം : കോട്ടയത്ത് മുന്‍പ് നടന്ന അരുംകൊലകളുമായി പാറപ്പാടം കൊലപാതകത്തിനു സാമ്യം . കാര്‍ സഹിതം കാണാതായ ദമ്പതികളുടെ തിരോധാനവും ബന്ധപ്പെടുത്താന്‍ അന്വേഷണം . കാണാതായത് ഒരേ മോഡല്‍ കാറുകള്‍. പഴയ സംഭവങ്ങള്‍ പൊലീസ് പരിശോധിക്കുന്നു. താഴത്തങ്ങാടി അറുപുഴ ഒറ്റക്കണ്ടത്തില്‍ ഹാഷിം, ഭാര്യ ഹബീബ എന്നിവരെ കാണാതായതും പാറപ്പാടത്തെ സംഭവവും തമ്മില്‍ ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ഇന്നലെ സാലിയുടെ വീട്ടില്‍ നിന്ന് പൊലീസ് നായ ഓടിച്ചെന്നു നിന്നത് അറുപുഴയ്ക്കു സമീപമാണ്. പാറപ്പാടത്തും അറുപുഴയിലും വാഗണ്‍ആര്‍ കാറാണ് കാണാതായത്.
Read Also : താഴത്തങ്ങാടി വീട്ടമ്മയുടെ കൊലപാതകം; അടുപ്പക്കാരാകാമെന്ന നിഗമനത്തില്‍ പോലീസ്, തെളിവുകൾ വിരൽ ചൂണ്ടുന്നത്
2015ല്‍ പാറമ്പുഴയ്ക്കു സമീപം ഒരു കുടുംബത്തിലെ 3 പേരെ കൊലപ്പെടുത്തിയ കേസുമായും ഈ വധത്തിനു സാമ്യമുണ്ട്. പ്രതി വീട്ടിലെ ആയുധം ഉപയോഗിച്ചാണ് കൊല നടത്തിയത്. പാചകവാതകം തുറന്നുവിടുകയും ചെയ്തിരുന്നു. മൂലേപ്പറമ്പില്‍ ലാലസന്‍, പ്രസന്നകുമാരി, മകന്‍ പ്രവീണ്‍ ലാല്‍ എന്നിവരാണ് അന്നു കൊല്ലപ്പെട്ടത്.
2004ല്‍ പേരൂര്‍ പൂവത്തുംമൂടിനു സമീപം എടച്ചേരില്‍ ഇ.കെ.കുര്യന്‍, ഭാര്യ അന്നമ്മ എന്നിവരെ ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയത്. പാറപ്പാടം സംഭവത്തിലേതുപോലെ പ്രതികള്‍ വീടിനുള്ളിലെ അലമാരകള്‍ അലങ്കോലപ്പെടുത്തിയിരുന്നു. ഇവര്‍ക്കും റിപ്പര്‍ മോഡലില്‍ തലയ്ക്ക് അടിയേറ്റിരുന്നു.
പാറപ്പാടത്തെ ക്രൂരമായ കൊലപാതകത്തിനു ശേഷം അക്രമി ഗ്യാസ് സിലിണ്ടര്‍ തുറന്നുവച്ചത് വീടിനു തീയിട്ട് തെളിവു നശിപ്പിക്കാനാണെന്ന് പൊലീസിന് സംശയം. താഴത്തങ്ങാടി – ഇല്ലിക്കല്‍ റോഡില്‍ നിന്ന് 100 മീറ്റര്‍ മാത്രം അകലെയാണ് സാലിയുടെ വീട്. പ്രതി നടന്നാകണം എത്തിയത്. വീട്ടിലെത്തിയ പ്രതിയെ ഷീബയാകണം വാതില്‍ തുറന്ന് സ്വീകരിച്ചത്. വീട്ടില്‍ കയറി അധികം വൈകാതെ ഷീബയെ ആക്രമിച്ചു. ഷീബയുടെ മൃതദേഹം വാതിലിനോടു ചേര്‍ന്നാണു കിടന്നത്. പ്രതിയുടെ പക്കല്‍ ആയുധം ഉണ്ടായിരുന്നില്ലെന്നു പൊലീസ് കരുതുന്നു.
വീട്ടിലെ ടീപോയ് എടുത്ത് അടിച്ചു. തുടര്‍ന്ന് സാലിയും ആക്രമിക്കപ്പെട്ടു. ഇരുവരുടെയും കൈകാലുകള്‍ കെട്ടിയ ശേഷം വീട്ടിനുള്ളില്‍ കയറി പരിശോധന നടത്തിയ പ്രതി തിരിച്ചുവന്നു ഗ്യാസ് സിലിണ്ടര്‍ തുറന്നു വച്ചു. പിന്നിലെ വാതിലിലൂടെ ഇറങ്ങി പോര്‍ച്ചില്‍ കിടന്ന കാറില്‍ കയറി കടന്നുകളഞ്ഞു. ഇരുവരെയും അതിക്രൂരമായി ആക്രമിച്ചതിനാല്‍ മാനസികവൈകല്യമോ ക്രിമിനല്‍ പശ്ചാത്തലമോ ലഹരിമരുന്ന് ഉപയോഗമോ ഉള്ള ആള്‍ ആണ് ആക്രമണത്തിനു പിന്നിലെന്നു പൊലീസ് സംശയിക്കുന്നു
Post Your Comments