ആരാധനാലയങ്ങള്‍ തുറക്കണമെന്ന ആവശ്യത്തിനെതിരെ പ്രതികരണവുമായി ഡോ. നെല്‍സണ്‍ ജോസഫ്. ഈ സാഹചര്യത്തില്‍ ഒരിക്കലും ആരാധനാലയങ്ങള്‍ തുറക്കരുതെന്നും അതിന്റെ കാരണങ്ങളും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നുണ്ട്. ഈ അവസരത്തില്‍ തുറക്കണോ വേണ്ടയോ എന്ന ചോദ്യത്തിന്റെ ഉത്തരം വളരെ ലളിതമാണ്. തുറക്കേണ്ട എന്ന് തന്നെ. ഒന്നിലധികം കാരണങ്ങൾ ഇതിന് പിന്നിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
Read also: ഇന്ത്യയിൽ കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഞാനൊരു ക്രിസ്ത്യാനിയാണ്
ഒരു കോണ്‍ഗ്രസുകാരനുമാണ്.
അത് രണ്ടും ആദ്യമേ പറയുന്നതിനു കാരണമുണ്ട്
യുക്തിവാദികളോ ഇടതുപക്ഷക്കാരോ പറഞ്ഞാല്‍ ഒരുപക്ഷേ പറയുന്ന അഭിപ്രായത്തിന്റെ മെറിറ്റ് നോക്കാതെ രാഷ്ട്രീയവും മതവും വച്ച് വിധി പറയാന്‍ സാദ്ധ്യതയുള്ള ഒരു വിഷയം പറയണം എന്നുള്ളതുകൊണ്ടുതന്നെ.
ഊഹിച്ചത് ശരിയാണ്. ആരാധനാലയങ്ങള്‍ തുറക്കുന്നതിനെക്കുറിച്ച് തന്നെയാണ്. ഈ അവസരത്തില്‍ തുറക്കണോ വേണ്ടയോ എന്ന ചോദ്യത്തിന്റെ ഉത്തരം വളരെ ലളിതമാണ്. തുറക്കേണ്ട എന്ന് തന്നെ.
ഒന്നിലധികം കാരണങ്ങളാണുള്ളത്.
1. ഈ സമയത്ത് നമ്മുടെ രാജ്യത്ത് നിലവിലുള്ള കേസുകളുടെ എണ്ണം നോക്കാം. ഈ കുറിപ്പ് എഴുതുന്ന നിമിഷം 1.9 ലക്ഷം കേസുകളിലധികമുണ്ട്. ഒന്നര ലക്ഷം എത്തിയത് മെയ് 26 നായിരുന്നു എന്നുകൂടി ഓര്മ വേണം.
രാജ്യത്തെ കേസുകളുടെ എണ്ണം അതിവേഗം വര്‍ദ്ധിക്കുകയാണ്. എന്തുകൊണ്ട് സംസ്ഥാനത്തിന്റെ എണ്ണം നോക്കാതെ രാജ്യത്തെ കേസുകള്‍ നോക്കി?
ഉത്തരം നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുമ്ബോള്‍ നിലവിലുള്ളത്ര സ്ട്രിക്റ്റായി നിരീക്ഷണം നടക്കാനുള്ള ബുദ്ധിമുട്ട് എന്ന സാദ്ധ്യത കൂടി എടുത്താണ്.
2. അത്രയും കേസുകള്‍ ഇല്ലാതെയിരുന്ന ഒരു സാഹചര്യമുണ്ടായിരുന്നു.. ഇവിടെയല്ല, അങ്ങ് സൗത്ത് കൊറിയയില്‍.
കേസുകള്‍ ആകെ മൂവായിരമോ നാലായിരമോ ഉണ്ടായിരുന്ന സമയത്ത് അതിലെ 60% ആളുകളും അവിടത്തെ ഒരു ആരാധനാലയത്തിലെ ചടങ്ങില്‍ സംബന്ധിച്ചവരായിരുന്നു എന്ന വാര്‍ത്ത വന്നിരുന്നു.
അതെത്തുടര്‍ന്ന് അവിടത്തെ പാസ്റ്റര്‍ രാജ്യത്തോട് പരസ്യമായി മാപ്പ് പറഞ്ഞ സംഭവവും വാര്‍ത്തകളിലൂടി അറിഞ്ഞതാണ്.
3. ഇനി, ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ പള്ളികള്‍ തുറന്നിരുന്നു ഇക്കഴിഞ്ഞ മാസം.
അതെത്തുടര്‍ന്ന് അവിടെ ഒരു പള്ളിയിലെ പ്രാര്‍ഥനയില്‍ സംബന്ധിച്ചവരില്‍ 107 പേരോളം പോസിറ്റീവായതായും വാര്‍ത്ത വന്നിരുന്നു.
അങ്ങനെയുള്ള സംഭവങ്ങള്‍ ഇവിടെ ആവര്‍ത്തിച്ച് സ്ഥിതി നിയന്ത്രണാതീതമായാല്‍ നമ്മുടെ ആരോഗ്യരംഗം ഒരുപക്ഷേ താങ്ങിയെന്ന് വരില്ല.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ടാവുന്ന കാര്യമല്ല, സമൂഹവ്യാപനമുണ്ടായാല്‍ എന്തുണ്ടാവുമെന്നാണ് ആലോചിച്ചത്
4. കേരളത്തില്‍ കേസുകള്‍ ഇത്ര കുറവായിരിക്കാന്‍ കാരണം ഒരു വ്യക്തിക്ക് രോഗം വന്നാല്‍ അയാളുമായി സമ്ബര്‍ക്കത്തില്‍ വരാനിടയുള്ള എല്ലാവരെയും ട്രേസ് ചെയ്ത്, ഐസൊലേറ്റ് ചെയ്ത് അവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് പകരാനുള്ള സാദ്ധ്യത പൂര്‍ണമായും ഒഴിവാക്കാന്‍ ശ്രമിച്ചതുകൊണ്ടുകൂടിയാണ്.
ആരാധനാലയങ്ങള്‍ തുറന്നാല്‍ എത്രയധികം പേര് എത്ര പേരുമായി സമ്ബര്‍ക്കത്തില്‍ വരാനുള്ള സാഹചര്യമുണ്ടെന്ന് ഒന്ന് ആലോചിച്ചാല്‍ മതി.
ആരാധനാലയങ്ങളില്‍ സാമൂഹ്യ അകലം പാലിക്കുന്നതും അത് ഉറപ്പ് വരുത്തുന്നതും എത്രത്തോളം പ്രായോഗികമാവുമെന്ന് നല്ല സംശയമുണ്ട്.
5. ആരാധനാലയങ്ങള്‍ അവശ്യ സേവനമാണെന്ന് കടുത്ത വിശ്വാസികള്‍ പോലും വാദിക്കുമോയെന്ന് സംശയമാണ്. പ്രാര്‍ഥനയ്ക്ക് അത്ര അത്യാവശ്യമുള്ളവര്‍ക്ക് വീട്ടിലിരുന്നും ആവാമല്ലോ.
6. ആരോഗ്യമുള്ളവരെ ആരാധനാലയങ്ങളില്‍ പോവാന്‍ അനുവദിച്ചുകൂടേ എന്നും ചോദിക്കാം. പക്ഷേ അവര്‍ തിരികെ വീട്ടില്‍ വന്ന് കുഞ്ഞുങ്ങളുമായും പ്രായം ചെന്നവരുമായും രോഗികളുമായും ഇടപെടില്ല എന്നത് എങ്ങനെ ഉറപ്പാക്കും? അതും പ്രായോഗികമാവണമെന്നില്ല.
7. പ്രതിപക്ഷ നേതാവിന്റെയും മറ്റ് രാഷ്ട്രീയനേതാക്കളുടെയും പ്രസ്താവനകള്‍ കണ്ടിരുന്നു. അവര്‍ പറഞ്ഞാലൊന്നും കൊറോണ വൈറസ് പള്ളിയിലും അമ്ബലത്തിലും കയറാതിരിക്കുമെന്ന് തോന്നുന്നില്ല.
ആരാധനാലയങ്ങള്‍ തുറക്കേണ്ടത് ഈ ഘട്ടത്തില്‍ യാതൊരു രീതിയിലും അത്യാവശ്യമുള്ള ഒന്നാണെന്ന് കരുതാന്‍ കഴിയില്ല.
ഇനി ബൈബിളിലെ കാര്യം തന്നെ കേട്ടാലേ മതിയാവൂ എന്നുണ്ടെങ്കില്‍ അവിടെത്തന്നെ പറഞ്ഞിരിക്കുന്നത് ‘ സാബത്ത് മനുഷ്യനു വേണ്ടിയാണ്, മനുഷ്യന് സാബത്തിനു വേണ്ടിയല്ല ‘ എന്നാണ്.
ഞാന്‍ അതിനെ മനസിലാക്കിയെടുക്കുന്നത് ഇങ്ങനെയാണ്..
ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിക്കണം എന്ന് നിര്‍ബന്ധം പിടിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കാന്‍ ഞാന്‍ ആരോടും പറഞ്ഞിട്ടില്ലെടാ ഉവ്വേ എന്ന്.
അതുകൊണ്ട്, തല്ക്കാലം വീട്ടിലിരുന്ന് പ്രാര്‍ഥിക്കൂ..
തൂണിലും തുരുമ്ബിലുമുള്ള ദൈവം കേട്ടോളും.
(ഡാനുവിന്റെ മാമ്മോദീസയുടെ അന്നത്തെ ഫോട്ടോയെക്കാള്‍ അനുയോജ്യമായ ഒരു ഫോട്ടോ ഇതിനു പറ്റിയതുണ്ടെന്ന് തോന്നിയില്ല)
PS : ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് ജോലികള്‍ ചെയ്ത് കഴിയുന്ന ഒട്ടേറെപ്പേരെക്കുറിച്ച് കമന്റില്‍ സൂചിപ്പിക്കുകയുണ്ടായി. എല്ലാ മേഖലകളിലും തൊഴില്‍ നഷ്ടം ഉണ്ടായിട്ടുണ്ട്. ആരാധനാലയങ്ങളോട് അടുത്തുളളവര്‍ക്ക് മാത്രമല്ല.
അവര്‍ക്ക് താല്‍ക്കാലിക സഹായം നല്കുവാനോ മറ്റ് മേഖലകളിലുള്ളവരെ പുനരധിവസിപ്പിക്കുന്ന മാതൃകകളിലോ സഹായം നല്കുവാന് ബന്ധപ്പെട്ട വകുപ്പുകളോ അധികാരികളോ ആണ് ശ്രദ്ധിക്കേണ്ടത്.
Post Your Comments