യുഎഇ: ഗൾഫ് രാജ്യങ്ങളിൽ നിന്ന് ചാർട്ടേഡ് വിമാനങ്ങൾ ഉടൻ കേരളത്തിലേക്ക് എത്തിയേക്കുമെന്ന് സൂചനകൾ പുറത്ത്. ഇതിനായി വിവിധസംഘടനകൾ നടപടിക്രമങ്ങൾ തുടങ്ങി. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ, കേന്ദ്രസിവിൽ വ്യോമയാന മന്ത്രാലയം പുറപ്പെടുവിച്ചു. യുഎഇ, ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്ന് ഉടൻ ചാർട്ടേഡ് വിമാനങ്ങൾ കേരളത്തിലേക്കു പറക്കുമെന്നാണ് ലഭിക്കുന്ന വിവരം.
എംബസിയിൽ പേര് റജിസ്റ്റർ ചെയ്തവർക്കു മാത്രമേ ചാർട്ടേഡ് വിമാനത്തിൽ പോകാനാകൂ. വിമാനം ഏർപ്പെടുത്തുന്ന സംഘടനകൾ നിശ്ചിത മാതൃകയിൽ യാത്രക്കാരുടെ പേരുവിവരം കോൺസുലേറ്റിനു കൈമാറണം. ചാർട്ടേഡ് വിമാനങ്ങൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട അവ്യക്തതകൾ നീക്കിയാണ് കേന്ദ്രസിവിൽ വ്യോമയാന മന്ത്രാലയം ചട്ടം പുറപ്പെടുവിച്ചത്. ഇതിന് അനുബന്ധമായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ് അധികൃതരും നിർദേശം പ്രസിദ്ധീകരിച്ചു.
ഏതു സംസ്ഥാനത്തേക്കാണോ വിമാനസർവീസ് നടത്താനുദ്ദേശിക്കുന്നത് ആ സംസ്ഥാനസർക്കാരിൻറെ അനുമതിയും സംഘാടകർ വാങ്ങണം. കേന്ദ്രസർക്കാരിന്റെ അനുമതിക്ക് ശേഷം ഫ്ലൈറ്റ് ഓപ്പറേറ്റർമാർ സിവിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറലിന്റെ അനുമതി നേടണം. ടിക്കറ്റ് ബുക്കിങ് അനുമതി ലഭിക്കുന്ന വിവരം കോൺസുലേറ്റിന്റെയോ എംബസ്സിയുടെയോ വെബ്സൈറ്റിലും സമൂഹ മാധ്യമങ്ങളിലും പ്രസദ്ധീകരിക്കും. ഇതിനു ശേഷമേ യാത്രക്കാർ ടിക്കറ്റ് ബുക്ക് ചെയ്യാൻ പണം നൽകാവൂ എന്നും കോൺസുലേറ്റ് അധികൃതർ വ്യക്തമാക്കുന്നു.
നാട്ടിൽ ക്വാറന്റീനുള്ള ചെലവ് ഉൾപ്പടെയാണ് ടിക്കറ്റ് ചാർജ്. ടിക്കറ്റ് നിരക്ക് സംഘാടകർക്ക് നിശ്ചയിക്കാം. കോവിഡ് ലക്ഷണമുള്ള ആളെ പ്രത്യേകം മാറ്റി സമ്പർക്ക രഹിതമായി ഇരുത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. യുഎഇയിൽ നിന്ന് കെഎംസിസി, ഷാർജ ഇന്ത്യൻ അസോസിയേഷൻ, യുഎഇ പിആർഒ അസോസിയേഷൻ, അൽമദീന ഗ്രൂപ്പ് തുടങ്ങിയവരാണ് നിലവിൽ ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പെടുത്താൻ നീക്കങ്ങൾ നടത്തുന്നത്. ബഹ്റൈൻ കേരളീയ സമാജം, ഖത്തർ ഇൻകാസ്, കുവൈത്തിലെ ചില സ്വകാര്യകമ്പനികൾ എന്നിവരും കേരളത്തിലേക്കടക്കം ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്.
Post Your Comments