
കൊല്ലം • ജില്ലയില്‍ ഇന്നലെ(മെയ് 30) നാലു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കൊട്ടിയം സ്വദേശിയായ 45 കാരന്(ജ49) മെയ് 19 ന് മുംബൈ ഓഫ് ഷോറില്‍ നിന്നും എത്തിയ ആളാണ്. മുംബെയില്‍ നിന്നും വന്ന സ്വകാര്യ ബസിലെ 23 പേര് ഉള്‍പ്പെട്ട സംഘത്തിലെ ഒരാണ് ഇദ്ദേഹം.
രണ്ടാമത്തെയാള്‍ 24 ന് കോവിഡ് സ്ഥിരീകരിച്ച പുനലൂര്‍ സ്വദേശി എ ഐ-1906 സൗദി റിയാദ്-കോഴിക്കോട് ഫ്ളൈറ്റില്‍ എത്തിയ യുവതിയുടെ 37 വയസുള്ള ഭര്‍ത്താവാണ്(ജ50). മൂന്നാമന് തഴവ മണപ്പുറം സൗത്ത് സ്വദേശിയായ 44 വയസുള്ള യുവാവാണ്(ജ51). മെയ് 16ന് എത്തിയ ജെ-538 അബുദാബി-തിരുവനന്തപുരം ഫ്ളൈറ്റിലെ യാത്രികനായിരുന്നു. സെന്റിനല്‍ സര്‍വെയ്ലന്‍സിന്റെ ഭാഗമായി എല്ലാ യാത്രികരുടെയും സ്രവ പരിശോധന നടത്തിയിരുന്നു. കൊട്ടാരക്കരയില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന ഇദ്ദേഹത്തെ രോഗലക്ഷണങ്ങള്‍ പ്രകടമായതിനെത്തുടര്‍ന്ന് പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നാലാമത്തെയാള്‍ കൊല്ലം ശരവണ നഗര്‍ സ്വദേശിയായ യുവാവാണ്(ജ52). മെയ് 28 ന് കുവൈറ്റ്-തിരുവനന്തപുരം ഫ്ളൈറ്റില്‍ എത്തിയ 49 വയസുകാരനായ ഇദ്ദേഹത്തെ ശാരീരികമായ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതോടെ നിലവില്‍ 29 പോസിറ്റീവ് കേസുകളാണ് ആശുപത്രി പരിചരണത്തിലുള്ളത്.
പൊതുജനങ്ങള്‍ സാമൂഹിക അകലം പാലിക്കുകയും അത്യാവശ്യത്തിനല്ലാത്ത യാത്രകള്‍ ഒഴിവാക്കുകയും വേണം. കോവിഡ് നിയന്ത്രണത്തിന് മാസ്ക്കും സാനിറ്റൈസറും ശീലമാക്കുകയും കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ച് ഇടയ്ക്കിടെ കഴുകുകയും വേണം. സാമൂഹിക വ്യാപനം ചെറുക്കാന്‍ എല്ലാവരും ഒരുമിച്ച് പരിശ്രമിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര് ശ്രീലത അറിയിച്ചു.
Post Your Comments