കോട്ടയം : ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് കോട്ടയം ജില്ലാ ആശുപത്രിയിൽ നഴ്സുമാരുടെ അഭിമുഖം. ആയിരത്തിലേറെ പേരാണ് ആശുപത്രി മതിൽക്കെട്ടിന് അകത്തും പുറത്തുമായി നിന്നിരുന്നത്. ഇവർ സാമൂഹിക അകലം പോലും പാലിച്ചിരുന്നില്ല.
റോഡിലേക്ക് ക്യൂ നീണ്ടതോടെ സ്ഥലത്ത് ആംബുലൻസുകൾക്ക് പോലും കടന്നുപോകാൻ സാധിക്കാത്ത നിലയായി. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഗതാഗതം നിയന്ത്രിക്കാനാണ് മുൻഗണന നൽകിയത്. കോട്ടയത്തെ കൊവിഡ് ആശുപത്രിയാണ് ജില്ലാ ആശുപത്രി. ഇവിടെ ഇപ്പോൾ രോഗികളില്ലെന്നാണ് വിവരം.
ആശുപത്രിയിൽ ഒരു മാസത്തെ താത്കാലിക ഒഴിവിലേക്കാണ് അഭിമുഖം നടത്തിയത്. 21 ഒഴിവുകളാണ് ഉണ്ടായിരുന്നത്. നേരത്തെ നിശ്ചയിച്ച അഭിമുഖമായിരുന്നു. ഇത്രയധികം പേർ വരുമെന്ന് കരുതിയിരുന്നില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ജേക്കബ് വർഗീസ് പറഞ്ഞു. ആളുകളെ എങ്ങനെ നിയന്ത്രിക്കുമെന്ന് പൊലീസിനും ആശയക്കുഴപ്പമുണ്ടായി. രാവിലെ വിളിച്ച് അഭിമുഖം ഉണ്ടെന്ന് അറിയിച്ചിരുന്നു എങ്കിലും ഇത്രയധികം ആളുകൾ എത്തുമെന്ന് പൊലീസും കരുതിയിരുന്നില്ല. അതുകൊണ്ട് തന്നെ കുറച്ച് പൊലീസുകാരെ മാത്രമേ ഡ്യൂട്ടിക്ക് നിയമിച്ചുണ്ടായിരുന്നുള്ളൂ എന്ന്. കോട്ടയം ഡിവൈഎസ്പി ശ്രീകുമാർ മാധ്യമങ്ങളോട് പറഞ്ഞു. ഇതേ തുടർന്ന് അഭിമുഖം മറ്റൊരു ദിവസത്തിലേക്ക് മാറ്റിവച്ചുവെന്നും ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചു.
Post Your Comments