ദമ്മാം: കൊറോണ കാരണം ജീവിതം വഴിമുട്ടി നിൽക്കുന്ന ഈ ദുരിതകാലത്ത്, ഗൾഫിൽ മരണമടഞ്ഞ പ്രവാസികളുടെ നാട്ടിലുള്ള കുടുംബത്തിന്, അടിയന്തര ധനസഹായം പ്രഖ്യാപിയ്ക്കണമെന്ന് ആവശ്യപ്പെട്ട് നവയുഗം സാംസ്ക്കാരികവേദി മുഖ്യമന്ത്രി പിണറായി വിജയനും, നോർക്കയ്ക്കും നിവേദനം നൽകി.
കൊറോണ കാരണം കേരളത്തിൽ വെറും 6 പേർ മരണമടഞ്ഞപ്പോൾ, വിദേശരാജ്യങ്ങളിലായി 132 മലയാളി പ്രവാസികളാണ് മരണമടഞ്ഞത്. ഇത്തരത്തിൽ മരണമടഞ്ഞ പ്രവാസികളുടെ മൃതദേഹങ്ങൾ പോലും നാട്ടിലുള്ള ബന്ധുക്കൾക്ക് കാണാനാകാതെ, അതാത് രാജ്യങ്ങളിൽ സംസ്കരിയ്ക്കുകയാണ് ചെയ്തു വരുന്നത്. മരണമടഞ്ഞ പ്രവാസികളിൽ ഭൂരിപക്ഷവും താണവരുമാനക്കാരായ സാധാരണ പ്രവാസികൾ ആണ്. അവരെ ആശ്രയിച്ചു കഴിയുന്ന നാട്ടിലെ കുടുംബങ്ങൾ ഇതോടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. ഈ കുടുംബങ്ങളെ സഹായിയ്ക്കാനുള്ള ബാധ്യത കേരളസമൂഹത്തിനും സർക്കാരിനും ഉണ്ട്.
കൊറോണ കാരണം ജീവിതം വഴിമുട്ടി നിൽക്കുന്ന ഈ ദുരിതകാലത്ത്, വിദേശത്ത് മരണമടഞ്ഞ പ്രവാസികളുടെ നാട്ടിലുള്ള കുടുംബത്തിന് കേരളസർക്കാർ അടിയന്തര ധനസഹായം പ്രഖ്യാപിയ്ക്കണമെന്നും, നോർക്ക വഴി അത് ഉടനെ അവർക്ക് കൈമാറണമെന്നും നവയുഗം നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
അതോടൊപ്പം അത്തരം പാവപ്പെട്ട കുടുംബങ്ങൾക്ക് ഭാവി ജീവിതം കരുപ്പിടിപ്പിയ്ക്കാനായുള്ള സംവിധാനം ഒരുക്കാൻ വേണ്ടി, പ്രായോഗികമായ പദ്ധതികൾ നോർക്ക വഴി തയ്യാറാക്കി നടപ്പിലാക്കണമെന്നും നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസി മോഹനും, ജനറൽ സെക്രട്ടറി എം.എ.വാഹിദും നിവേദനത്തിലൂടെ അഭ്യർത്ഥിച്ചു.
Post Your Comments