തിരുവനന്തപുരം • സംസ്ഥാനത്ത് രൂപം കൊടുത്ത സാമൂഹിക സന്നദ്ധസേനയിലെ വളണ്ടിയർമാർ കോവിഡിനെതിരായ പോരാട്ടത്തിൽ അർപ്പണബോധത്തോടെ സജീവമായി രംഗത്തുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വളണ്ടിയർമാർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകാൻ കഴിയുമോ എന്നത് സർക്കാർ പരിശോധിക്കും.
പ്രാദേശിക തലത്തിൽ, പൊലീസിനൊപ്പം പട്രോളിങ്ങിലും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും സന്നദ്ധസേന ഇപ്പോൾ പങ്കാളികളാണ്. ജനങ്ങൾക്ക് അവശ്യ മരുന്നുകൾ എത്തിക്കുക, വീടുകളിൽ ക്വറന്റൈനിൽ കഴിയുന്നവരെ നിരീക്ഷിക്കുക മുതലായ സേവനങ്ങൾ ആരോഗ്യപ്രവർത്തകരോടൊപ്പം അവർ സ്തുത്യർഹമായി നിർവഹിച്ചുവരികയാണ്. വയോജനങ്ങളെ സഹായിക്കുന്ന വയോമിത്രം പദ്ധതിയുമായി ബന്ധപ്പെട്ടും വളണ്ടിയർമാർ പ്രവർത്തിക്കുന്നുണ്ട്.
ദുരന്ത പ്രതികരണത്തിൽ യുവജനശക്തിയെ ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വർഷം ആദ്യം സാമൂഹിക സന്നദ്ധസേന രൂപീകരിച്ചത്. ജനസംഖ്യയിലെ നൂറുപേർക്ക് ഒരു വളണ്ടിയർ എന്ന നിലയിൽ 3.4 ലക്ഷം പേരുടെ സേനയാണ് ലക്ഷ്യമിട്ടത്. ഇതിനകം 3.37 ലക്ഷം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മിക്കവാറും എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സാമൂഹിക സന്നദ്ധസേനയുടെ സാന്നിധ്യമുണ്ട്. കോവിഡ് പ്രതിരോധത്തിന് വാർഡ്തല സമിതികളുമായി വളണ്ടിയർമാർ ബന്ധപ്പെട്ട് പ്രവർത്തിക്കും. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങൾ ഇവരുടെ പ്രവർത്തനം ഏകോപിപ്പിക്കണം. ദുരന്തപ്രതികരണ രംഗത്ത് ഫയർ ആന്റ് റസ്‌ക്യൂ സേനയോടും പൊലീസിനോടും ഒപ്പം പ്രവർത്തിക്കും. ഈ രീതിയിൽ അവർക്ക് നല്ല പ്രായോഗിക പരിശീലനം ലഭിക്കും.
വളണ്ടിയർമാർക്ക് പരിശീലനം നൽകാൻ പദ്ധതി തയ്യാറായിട്ടുണ്ട്. കോവിഡ് 19ന്റെ ഭാഗമായുള്ള നിയന്ത്രണങ്ങൾ നിലനിൽക്കുന്നതുകൊണ്ട് ഓൺലൈൻ പരിശീലനമായിരിക്കും ആദ്യഘട്ടത്തിൽ. ജൂൺ 15നു മുമ്പ് 20,000 പേർക്ക് പരിശീലനം നൽകും. ജൂലൈ മാസം 80,000 പേർക്കും ആഗസ്റ്റിൽ ഒരു ലക്ഷം പേർക്കും പരിശീലനം നൽകും.
മഴക്കാലത്തെ കെടുതികൾ നേരിടുന്നതിനും വളണ്ടിയർ സേനയുടെ സേവനം ഉപയോഗിക്കും. ഞായറാഴ്ച ശുചീകരണദിനമായി ആചരിക്കുമ്പോൾ മറ്റു വിഭാഗങ്ങളോടൊപ്പം സന്നദ്ധസേന വളണ്ടിയർമാരും രംഗത്തുണ്ടാകും. കോവിഡ് 19 രോഗത്തിൽ നിന്ന് പ്രായമായവരെയും കുട്ടികളെയും മറ്റു രോഗങ്ങൾ ഉള്ളവരെയും സംരക്ഷിക്കുന്നതിലും സേനക്ക് നല്ല പങ്കുവഹിക്കാൻ കഴിയും.
2018ലെ മഹാപ്രളയത്തിലും 2019ലെ കാലവർഷക്കെടുതിയിലും ജനങ്ങളെ രക്ഷപ്പെടുത്താനും അവർക്ക് സഹായമെത്തിക്കാനും നമ്മുടെ യുവജനങ്ങൾ നടത്തിയ പ്രവർത്തനം ഏറെ പ്രശംസിക്കപ്പെട്ടതാണ്. ഈ അനുഭവത്തിന്റെ കൂടി വെളിച്ചത്തിലാണ് സാമൂഹിക സന്നദ്ധസേന എന്ന ആശയം കേരളം പ്രാവർത്തികമാക്കിയത്. സാമൂഹിക സന്നദ്ധ പ്രവർത്തനത്തിൽ കേരളത്തിന്റെ മാതൃകയായിരിക്കും ഈ സേനയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments