തിരുവനന്തപുരം • മദ്യവില്പനയുടെ ഓണ്‍ലൈന്‍ ടോക്കണ്‍ സംവിധാനം തുടര്‍ച്ചയായി രണ്ടാം ദിവസവും തകരാറിലായി. ഇന്നലെ രാത്രി ബുക്ക് ചെയ്യാന്‍ ശ്രമിച്ചവര്‍ക്ക് രാവിലെ ആറിനും ഉച്ചക്ക് ഒരുമണിക്കും ഇടയിലാണ് ടോക്കണ്‍ ബുക്ക് ചെയ്യാന്‍ സാധിക്കുക എന്ന സന്ദേശമാണ് ലഭിച്ചത്. എന്നാല്‍ രാവിലെ കയറിയവര്‍ക്ക് പുലര്‍ച്ചെ 3.45 മുതല്‍ രാവിലെ 9 വരെയാണ് ടോക്കണ്‍ എടുക്കാന്‍ സാധിക്കുക എന്ന സന്ദേശമാണ് ലഭിച്ചത്. അതോടെ, പലയിടത്തും വില്പന അനിശ്ചിതത്വത്തിലായി.
അതിനിടെ, ബെവ് ക്യൂ ആപ്പുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഫെയർ കോഡിന്റെ ഫേസ്ബുക്ക് പേജിൽ നിന്ന് നീക്കം ചെയ്തു. ബെവ്ക്യൂ ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കും നീക്കം ചെയ്തു. ആപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എല്ലാം ഫേസ്ബുക്ക് പേജിലൂടെയാണ് കമ്പനി അറിയിച്ചിരുന്നത്. വിവരങ്ങള്‍ നീക്കം ചെയ്തതിന്റെ കാരണം കമ്പനി വ്യക്തമാക്കിയിട്ടില്ല. ടെന്‍ണ്ടറില്‍ ഒന്നാമതെത്തിയ കമ്പനിയെ ഒഴിവാക്കിയാണ് ഫെയര്‍കോഡിന് ആപ്പ് നിര്‍മ്മിക്കാന്‍ കരാര്‍ നല്‍കിയതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
അതേസമയം, ബെവ്ക്യൂ ആപ്പ് തന്നെ ഒഴിവാക്കിയേക്കുമെന്നും സൂചനയുണ്ട്. ആപ്പ് തുടര്‍ച്ചായി പരാജയപ്പെടുന്ന സാഹചര്യത്തില്‍ എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്കു നടക്കുന്ന യോഗത്തിൽ ഐടി, എക്സൈസ്, ബവ്കോ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. ആപ് ഈ നിലയിൽ തുടരണോ പകരം സംവിധാനം ഏർപ്പെടുത്തണോ തുടങ്ങിയ കാര്യങ്ങൾ യോഗം ചർച്ച ചെയ്യുമെന്നറിയുന്നു.
Post Your Comments