Latest NewsKeralaNews

വ്യാജവാർത്തകൾ ചമയ്ക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : വ്യാജവാർത്തകൾ ചമയ്ക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഗൾഫിൽ നിന്ന് മടങ്ങിയെത്തിയ ചിലർ ക്വാറന്റൈനിൽ കഴിയാതെ പുറത്തിറങ്ങി നടക്കുന്നതായി കാണിച്ച് അവരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് വ്യാജവാർത്ത പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ജനങ്ങളെ തെറ്റിധരിപ്പിക്കാൻ മനഃപ്പൂർവ്വം ചെയ്യുന്ന ഇത്തരം പ്രവൃത്തികൾ അനുവദിക്കില്ല.

വ്യാജവാർത്തകൾ പരിശോധിച്ച് നടപടി സ്വീകരിക്കാൻ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന സൈബർ ഡോമുകൾക്ക് നിർദ്ദേശം നൽകി. കോവിഡിനെക്കുറിച്ച് പരിഭ്രാന്തി സൃഷ്ടിക്കുന്ന തരത്തിൽ വ്യാജവാർത്തകൾ ചമയ്ക്കുന്നവർക്കെതിരെ ജാമ്യമില്ലാവകുപ്പുകൾ ചുമത്തി നടപടി എടുക്കും. മാസ്‌ക് ധരിക്കാത്ത 3251 സംഭവങ്ങൾ സംസ്ഥാനത്ത് കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തു. ക്വാറന്റൈൻ ലംഘിച്ച ആറുപേർക്കെതിരെ കേസെടുത്തു. ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ നിർത്തിവെച്ച വിദേശമദ്യ വിൽപന പുനരാരംഭിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങൾ പാലിച്ച് ബെവ്ക്യൂ മൊബൈൽ ആപ്ലിക്കേഷൻ വഴി വെർച്വൽ ക്യൂ മാനേജ്മെന്റ് സംവിധാനത്തിലൂടെയാണ് വിൽപന.

Also read ; എം പി വീരേന്ദ്രകുമാർ അന്തരിച്ചു

ആദ്യദിവസം 2.25 ലക്ഷത്തോളം പേരാണ് ബെവ്ക്യൂ വഴിയുള്ള ടോക്കൺ സേവനം ഉപയോഗപ്പെടുത്തിയത്. ആദ്യദിവസമുണ്ടായ ചില സാങ്കേതികതടസ്സങ്ങൾ പരിഹരിച്ച് വെർച്വൽ ക്യൂ സംവിധാനം തടസ്സങ്ങളില്ലാതെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് വിദേശമദ്യവിൽപ്പന പുനരാരംഭിച്ചത്. ബെവ്കോയുടെ ആപ്പ് നിലവിൽ വരുന്നതിനു മുമ്പുതന്നെ വ്യാജആപ്പ് പ്ലേസ്റ്റോറിൽ ലഭ്യമായത് സംബന്ധിച്ച് അന്വേഷണം നടത്താൻ പൊലീസ് ആസ്ഥാനത്തെ ഹൈടെക് ക്രൈം എൻക്വയറി സെല്ലിനെ ചുമതലപ്പെടുത്തി. ഇത്തരം സംഭവങ്ങളിൽ കുറ്റക്കാരെന്ന് കാണുന്നവർക്കെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി കേസ് എടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button