Latest NewsIndia

ബോധ്ഗയ സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരനായ ഭീകരൻ ബംഗാളിൽ അറസ്റ്റിൽ

പൊലീസ് തിരച്ചില്‍ ശക്തമാക്കിയതോടെ കുടിയേറ്റ തൊഴിലാളികള്‍ക്കൊപ്പം ബംഗാളിലേക്ക് മടങ്ങുകയായിരുന്നു.

കൊല്‍ക്കത്ത: 2018ലെ ബോധ്ഗയ, ബര്‍ദ്വാന്‍ സ്ഫോടങ്ങളുടെ മുഖ്യ സൂത്രധാരന്‍ അബ്ദുള്‍ കരീം പിടിയില്‍. ജമാ അത്തുല്‍ മുജാഹിദ്ദീന്‍ നേതാവായ ഇയാളെ കൊല്‍ക്കത്ത പൊലീസിന്റെ പ്രത്യേക ദൗത്യ സംഘമാണ് അറസ്റ്റ് ചെയ്തത്. കര്‍ണ്ണാടകയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാള്‍, പൊലീസ് തിരച്ചില്‍ ശക്തമാക്കിയതോടെ കുടിയേറ്റ തൊഴിലാളികള്‍ക്കൊപ്പം ബംഗാളിലേക്ക് മടങ്ങുകയായിരുന്നു. മുര്‍ഷിദാബാദിലെ ഷംഷേര്‍ഗഞ്ജ് സ്വദേശിയാണ് ഇയാള്‍.

കരീമിന്റെ വരവിനെക്കുറിച്ച്‌ രഹസ്യ വിവരം ലഭിച്ച പൊലീസ് തന്ത്രപരമായ നീക്കത്തിലൂടെ ഇയാളെ കുടുക്കുകയായിരുന്നു. 2018 ജനുവരി 19ന് ബോധ്ഗയയിലെ മഹാബോധി ക്ഷേത്രത്തില്‍ നടന്ന സ്ഫോടനത്തില്‍ അബ്ദുള്‍ കരീമിന് പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ടിബറ്റന്‍ ആത്മീയ നേതാവ് ദലൈ ലാമ ക്ഷേത്രത്തില്‍ ആരാധന നടത്തിയതിന് തൊട്ടു പിന്നാലെയായിരുന്ന് സ്ഫോടനം. കേസുമായി ബന്ധപ്പെട്ട് എന്‍ ഐ എ ഇതുവരെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ജമാ അത്തുല്‍ മുജാഹിദ്ദീന്റെ ഉന്നത നേതാക്കള്‍ക്ക് സന്ദേശങ്ങള്‍ കൈമാറുന്നതിലെ മുഖ്യ കണ്ണിയാണ് കരീം. ബംഗ്ലാദേശില്‍ പിടിയിലായ ജമാ അത്തുല്‍ മുജാഹിദ്ദീന്‍ തീവ്രവാദികളില്‍ നിന്ന് ഇയാളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിരുന്നു.2018ല്‍ ഇയാളുടെ താവളത്തില്‍ നിന്നും വലിയ തോതില്‍ സ്ഫോടക വസ്തുക്കളും ലഘുലേഖകളും പൊലീസ് പിടികൂടിയിരുന്നു. ഇയാളുടെ അനുയായിയായ ഛോട്ടാ കരീമിനെ നേരത്തെ എന്‍ ഐ എ അറസ്റ്റ് ചെയ്തിരുന്നു.

shortlink

Post Your Comments


Back to top button