തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. അടുത്ത അഞ്ചു ദിവസവും മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഇന്ന് അഞ്ചു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ മെയ് 31 നോട് കൂടി ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ 9 ജില്ലകളിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിവിധയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയും ചില നേരങ്ങളില്‍ പൊടുന്നനെ വീശിയടിക്കുന്ന കാറ്റും ഉണ്ടായേക്കും. ഒറ്റപ്പെട്ടയിടങ്ങളില്‍ അടുത്ത 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
മെയ് 31 നോടുകൂടി തെക്ക് കിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള മധ്യ-കിഴക്കന്‍ അറബിക്കടലിലുമായി ഒരു ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
കേരളത്തില്‍ നിന്ന് മല്‍സ്യബന്ധനത്തിന് പോകുന്ന മല്‍സ്യ തൊഴിലാളികള്‍ മെയ് 31 മുതല്‍ ജൂണ്‍ 4 വരെ യാതൊരു കാരണവശാലും കടലില്‍ പോകാന്‍ പാടുള്ളതല്ല. സ്ഥിതിഗതികള്‍ സൂക്ഷ്‌മമായി നിരീക്ഷിച്ചു വരികയാണെന്നും ജാഗ്രത പുലര്‍ത്തണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
Post Your Comments