KeralaLatest NewsNews

ലോക്ഡൗണിൽ കുടുങ്ങിയവർക്ക് മിസോറം രാജ്ഭവനില്‍ ഭക്ഷണവും താമസവും ഒരുക്കി ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള

കോഴിക്കോട് : ലോക്ഡൗണിൽ മിസോറമിൽ അകപ്പെട്ട മലയാളികൾക്കും മറ്റ് സംസ്ഥാനക്കാർക്കും  അഭയകേന്ദ്രമായി മാറുകയാണ് മിസോറം രാജ്ഭവൻ. ഗവർണർ പി.എസ്. ശ്രീധരൻപിള്ളയുടെ കരുതൽസ്പർശത്തിൽ മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർഥികകൾക്കും അധ്യാപകർക്കും  ആഴ്ചകളായി ഭക്ഷണവും താമസവും ഒരുക്കുന്നത് രാജ്ഭവനാണ്.

കേന്ദ്രസർക്കാരിന്റെ ജേണലിസം ഇൻസ്റ്റിറ്റ്യൂട്ടായ ഐ.ഐ. എം.സി.യിലെ ഏഴ് വിദ്യാർഥികൾ നാട്ടിൽ പോവാൻ കഴിയാതെ മാസങ്ങളായി ഇൻസ്റ്റിറ്റ്യൂട്ടിൽ കഴിയുകയായിരുന്നു. മാർച്ച് 23-ന് പരീക്ഷ കഴിഞ്ഞു. കോഴ്സും പൂർത്തിയായി. ലോക്ഡൗൺ നീട്ടുകയും ഹോസ്റ്റൽ അടയ്ക്കുകയും ചെയ്തതോടെ മലപ്പുറം അരീക്കോട് സ്വദേശിയായ കെ.ടി. നിവേദിത വിവരം രാജ്ഭവനിൽ വിളിച്ചറിയിച്ചു. തുടർന്ന് ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഇവർക്ക് സംരക്ഷണം നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

നിവേദിത ഉൾപ്പെടെ മൂന്ന് മലയാളിവിദ്യാർഥികളാണ് സംഘത്തിലുള്ളത്. ഇവർ താമസിച്ചിരുന്ന സ്ഥലമായ ത്വഹരിലിലേക്ക് രാജ്ഭവന്റെ വാഹനത്തിൽ ദിവസവും ഭക്ഷണം എത്തിച്ചുനൽകി. രാജ്ഭവനിൽനിന്ന് 18 കിലോമീറ്റർ ദൂരമുണ്ട് താമസസ്ഥലത്തേക്ക്. ഷിത് ലാങ് പുയി എന്ന സ്ഥലത്തെ ജവഹർ നവോദയ വിദ്യാലയയിലെ അധ്യാപകരായ നാലുപേർ ഇതേപോലെ നാട്ടിലേക്ക് മടങ്ങാനാവാതെ കുടുങ്ങിയിരുന്നു. ഇവർക്ക് താമസവും ഭക്ഷണവും നൽകി ഗവർണർ ശ്രീധരൻപിള്ള അഭയം നൽകി. പിന്നീടുള്ള രണ്ടുപേർ ഇതരസംസ്ഥാനക്കാരാണ്. ആഭ്യന്തരവിമാനസർവീസ് ആരംഭിച്ച സാഹചര്യത്തിൽ ഇവർക്ക് അടുത്തദിവസം നാട്ടിലേക്ക് മടങ്ങാനാവും.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഗവർണർ ശ്രീധരൻപിള്ള നേരിട്ടെത്തി രാജ്ഭവനിൽ കഴിയുന്ന ഇവർക്കെല്ലാം വിരുന്നുനൽകുകയും വിശേഷങ്ങൾ ചോദിച്ചറിയുകയും ചെയ്തിരുന്നു. ഒപ്പം ഗവർണറും ഭാര്യ അഡ്വ. കെ. റീത്തയും ഇവരോടൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കഴിയുന്ന നിരവധി പേരാണ് സഹായത്തിനായി മിസോറം ഗവർണറെ വിളിക്കുന്നത്. ഇവർക്കെല്ലാം ആശ്വാസം പകരാനുള്ള  തിരക്കിലാണ് ഇപ്പോൾ ഗവർണർ ശ്രീധരൻപിള്ള.

shortlink

Related Articles

Post Your Comments

Related Articles


Back to top button