മലപ്പുറം: കേരളത്തിലെ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് രംഗത്ത്. ഷോപ്പുകളും ബസ് സര്‍വീസുകളും ആരംഭിച്ച സ്ഥിതിക്ക് മുന്‍കരുതല്‍ ഉറപ്പാക്കിയും ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിച്ചും ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് ആവശ്യപ്പെട്ടത്.
ഷോപ്പുകളും ബസ് സര്‍വിസും ഇതിനകം ആരംഭിച്ചുകഴിഞ്ഞു. ഇത്രകാലവും എല്ലാ നിര്‍ദേശങ്ങളും പാലിച്ച ബോധമുള്ള ആരാധനാലയ അധികാരികളെ വിശ്വാസത്തിലെടുത്ത് സുരക്ഷ മുന്‍കരുതല്‍ സ്വീകരിച്ച് അവ തുറക്കാന്‍ അനുവദിക്കണം. ഭരണകൂടങ്ങളുടെ നിര്‍ദേശങ്ങള്‍ പാലിച്ച് എല്ലാ ആരാധനാലയങ്ങളും മാസങ്ങളായി അടച്ചിട്ട് സഹകരിച്ചിട്ടുണ്ട്. ദുഃഖവെള്ളിയും ഈസ്റ്ററും വിഷുവും വിശുദ്ധ റമദാനും പെരുന്നാള്‍ ദിനത്തിലുമെല്ലാം ആരാധനാലയങ്ങളിലെ പ്രത്യേക പ്രാര്‍ഥനകള്‍ ഒഴിവാക്കി വിശ്വാസികള്‍ വീടുകളില്‍ പ്രാര്‍ഥന നിര്‍ഭരമാവുകയായിരുന്നു. വിദ്യാര്‍ഥികള്‍ക്കുപോലും പുറത്തിറങ്ങാനാവുന്ന രീതിയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായതായി സര്‍ക്കാര്‍ തന്നെ പറയുന്നു.
ലോക്ഡൗണ്‍ നിര്‍ദേശങ്ങളില്‍ ആരാധനാലയങ്ങള്‍ക്കും ഇളവുനല്‍കി വിശ്വാസി സമൂഹത്തിന്റെ ഒന്നിച്ചുള്ള പ്രാര്‍ഥനകള്‍ക്കുള്ള ആവശ്യവും സര്‍ക്കാര്‍ പരിഗണിക്കണം. സാമൂഹിക അകലം ഉറപ്പാക്കി ആരാധനാലയങ്ങളില്‍ പ്രാര്‍ഥന നടത്തുന്നതിന് അനുവാദം നല്‍കണമെന്നും മജീദ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. അതേസമയം കേരളത്തില്‍ കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പളളികള്‍ പെട്ടെന്ന് തുറക്കാന്‍ ആവശ്യപ്പെടുന്നത് കൂടുതല്‍ ആപത്തുണ്ടാക്കുമെന്ന് കോഴിക്കോട് പാളയം ജുമാമസ്ജിദ് ചീഫ് ഇമാം ഡോ. ഹുസൈന് മടവൂര്‍ പറഞ്ഞു.
Post Your Comments