രണ്ടാഴ്ചയായി സോഷ്യല്‍ മീഡിയ ഉള്‍പ്പടെയുള്ള മാധ്യമങ്ങളില്‍ തരംഗമായി മാറിയ ഒന്നായിരുന്നു പച്ചമുട്ട. മലപ്പുറത്തു നിന്നായിരുന്നു ഈ പുതുമ നിറഞ്ഞ വാര്‍ത്ത വന്നത്. മേയ് 10നാണ് മലപ്പുറം ഒതുക്കുങ്ങലിലെ ഷിഹാബുദീന്റെ കോഴികള്‍ പച്ച മുട്ടയിടുന്ന കഥ മാധ്യമങ്ങളിലൂടെ പുറംലോകം അറിയുന്നത്. വാട്സാപ്പിലും മറ്റും അതിവേഗം പ്രചരിച്ച വാര്‍ത്തകള്‍ക്കു പിന്നാലെ മുട്ടയെപറ്റിയും, അതു ഭക്ഷിക്കുന്നതിലെ സുരക്ഷയെപ്പറ്റിയും അനവധി ചോദ്യങ്ങള്‍ വന്നിരുന്നു. മുട്ടയുടെ മഞ്ഞക്കരുവിന്റെ സ്വാഭാവിക നിറം മഞ്ഞയും, അത് പരമാവധി ഓറഞ്ചു നിറം വരെയുമാകാമെന്ന് സര്‍വകലാശാല തുടക്കം മുതല്‍ വ്യക്തമാക്കിയിരുന്നു.
പച്ച മുട്ടയിടുന്ന 6 കോഴികളും, രണ്ടു പൂവനും കുറച്ചു കോഴിക്കുഞ്ഞുങ്ങളും മാത്രമാണ് നിലവില്‍ അദ്ദേഹത്തിനുണ്ടായിരുന്നത്. തുടക്കം മുതല്‍ ഞങ്ങളുടെ അന്വേഷണങ്ങളോടു പൂര്‍ണമായും സഹകരിച്ചിരുന്നു ഷിഹാബുദീന്‍. തീറ്റയിലൂടെ മാത്രമാണ് മഞ്ഞക്കരുവിന്റെ നിറം മാറ്റത്തിന് സാധ്യത. എന്നാല്‍ ഷിഹാബുദീന്‍ അത്തരത്തിലുള്ള സാധ്യതകള്‍ തള്ളിക്കളഞ്ഞതിനാല്‍ വിശദമായി പഠിക്കാന്‍ സര്‍വകലാശാലാതലത്തില്‍ തീരുമാനിക്കുകയായിരുന്നു. ഭക്ഷണത്തില്‍ വരുന്ന മാറ്റമാണെന്നുറപ്പിക്കാന്‍ പകുതി കോഴികള്‍ക്ക് സര്‍വകലാശാലയില്‍ നിര്‍മിച്ച സാന്ദീകൃത തീറ്റ നല്‍കാനും, ബാക്കി പകുതിക്കു നിലവിലെ ഭക്ഷണ രീതി തുടരുവാനും നിര്‍ദേശിച്ചു.
രണ്ടാഴ്ച പിന്നിട്ടപ്പോള്‍ തന്നെ മുട്ടകള്‍ ഏതാണ്ട് മഞ്ഞ നിറമായെന്നും, തീറ്റയിലൂടെ തന്നെയാണ് ഈ മാറ്റമെന്ന് ഉറപ്പായെന്നും, ജനിതക വ്യതിയാനമൊക്കെ ആകുമെന്ന ആശകള്‍ അസ്ഥാനത്തായെന്നും ശിഹാബുദീന് പറഞ്ഞു. തുടര്‍ന്ന് പഠന സംഘം സര്‍വകലാശാലയില്‍ പാര്‍പ്പിച്ചിരുന്ന കോഴികളുടെ മുട്ടകള്‍ കൂടി പൊട്ടിച്ചു നോക്കി നിറം മാറ്റം ഉറപ്പിക്കുകയും ചെയ്തു.
1930കളില്‍ തന്നെ കൊഴുപ്പില്‍ അലിയുന്ന നിറങ്ങള്‍ മൂലം മുട്ടയുടെ ഉണ്ണിയുടെ നിറം പച്ചയാകുമെന്ന ശാസ്ത്ര ലേഖനങ്ങള്‍ വന്നിട്ടുണ്ട്. കൂടാതെ ചില ചെടികള്‍, ഗ്രീന്‍ പീസ്, പരുത്തിക്കുരു എന്നിവ കഴിക്കുന്നത് മൂലവും വിവിധ കാഠിന്യത്തിലുള്ള പച്ചനിറങ്ങള്‍ മുട്ടയുടെ ഉണ്ണിയില്‍ വന്നിട്ടുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ ഷിഹാബുദീന്റെ വീട്ടില്‍ ഇതിലേതാണ് ഇത്തരത്തില്‍ നിറം മാറ്റത്തിന് കാരണമായതെന്ന് മാത്രമാണ് ഇനി കണ്ടെത്താനുള്ളത്.
Post Your Comments