വാറങ്കല്‍: വാറങ്കലിൽ കിണറ്റിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ 9 പേരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. കിണറ്റിലേക്ക് വീഴുന്നതിനു മുന്‍പ് ഒന്‍പതില്‍ ഏഴു പേര്‍ക്കും ജീവനുണ്ടായിരുന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ടു പേര്‍ ഉറങ്ങുകയോ അല്ലെങ്കില്‍ അതിനോടകം മരിച്ചിട്ടുണ്ടാകുകയോ ചെയ്യാം. ഈ സാഹചര്യത്തിലാണ് ഇവര്‍ കഴിച്ച ഭക്ഷണത്തിന്റെ സാംപിളുകള്‍ പരിശോധിക്കുന്നത്. വിഷാംശമുണ്ടോയെന്നു തിരിച്ചറിയുകയാണു ലക്ഷ്യം.എന്നാല്‍ ഇവരുടെ കൂട്ട മരണത്തിലേക്ക് വിരല്‍ ചൂണ്ടുന്ന തെളിവുകള്‍ ഒന്നും ഇതുവരെ ലഭിച്ചില്ല.
മുഹമ്മദ് മഖ്‌സൂദ് അസ്ലം, ഭാര്യ നിഷ, മക്കളായ ഷാബാസ്, സൊഹൈല്‍, മകള്‍ ബുസ്‌റ, ബുസ്‌റയുടെ മൂന്നു വയസ്സുള്ള മകന്‍ എന്നിവര്‍ ബംഗാളില്‍നിന്ന് തൊഴില്‍തേടി തെലങ്കാനയിലെത്തിയവരാണ്. 20 വര്‍ഷമായി മഖ്‌സൂദ് തെലങ്കാനയിലുണ്ട്. ഒപ്പം മരിച്ച നിലയില്‍ കണ്ടെത്തിയ മറ്റു മൂന്നു പേരില്‍ ശ്യാം, ശ്രീറാം എന്നിവര്‍ ബിഹാറില്‍നിന്നുള്ള തൊഴിലാളികള്‍ ആണ്. ഷക്കീല്‍ പ്രദേശവാസിയായ ട്രാക്ടര്‍ ഡ്രൈവറും. മഖ്‌സൂദിന്റെ പേരക്കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തിനാവാം ഷക്കീലിനെ ഇവിടേക്കു വിളിച്ചു വരുത്തിയതെന്നാണ് പൊലീസ് നിഗമനം.
ശീതളപാനീയവും ഭക്ഷ്യവസ്തുക്കളും വീട്ടുപരിസരത്തുനിന്നു കണ്ടെത്തിയത് വിരുന്നിന്റെ സൂചനയാണു നല്‍കുന്നത്. ആരെങ്കിലും ഭക്ഷണത്തില്‍ വിഷം കലര്‍ത്തി മൃതദേഹങ്ങള്‍ കിണറ്റിലേക്കു വലിച്ചെറിയാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.മെയ് 20ന് ബുധനാഴ്ച രാത്രി താമസസ്ഥലത്തേക്ക് ഷക്കീലിനെ മഖ്‌സൂദ് വിളിച്ചുവരുത്തിയതായി ഫോണ്‍ രേഖകളിലുണ്ട്. ഇക്കാര്യം ഷക്കീലിന്റെ ഭാര്യയും സ്ഥിരീകരിച്ചു.
ഈ സാഹചര്യത്തില്‍ മരിച്ചവരുടെ മൊബൈല്‍ ഫോണ്‍ രേഖകള്‍ കേന്ദ്രീകരിച്ച് അന്വേഷണവുമായി മുന്നോട്ടു പോകുകയാണ് പൊലീസ്.മരിച്ച ഒന്‍പതു പേരുടെയും ഫോണ്‍ ബുധനാഴ്ച രാത്രി ഒന്‍പതു മുതല്‍ വ്യാഴം രാവിലെ ആറു വരെ ഒരേ സ്ഥലത്തായിരുന്നെന്നു കണ്ടെത്തിയിട്ടുണ്ട്. മൂന്നു വയസ്സുകാരന്‍ പേരക്കുട്ടിയുടെ പിറന്നാള്‍ ആഘോഷിക്കാനാണ് മഖ്‌സൂദ് സുഹൃത്തുക്കളെ വീട്ടിലേക്കു വിളിച്ചതെന്നാണു സൂചന.
Post Your Comments