തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സ്വര്‍ണം, നിലവിളക്ക് വില്‍പ്പന , മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റ് വാര്‍ത്തകള്‍ വളച്ചൊടിച്ചുവെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു. ദേവസ്വം ബോര്‍ഡിന്റെ സ്ട്രോംഗ്റൂമുകളില്‍ സൂക്ഷിച്ചിട്ടുള്ള നിത്യോപയോഗത്തിലില്ലാത്ത സ്വര്‍ണ്ണം ബാങ്കുകളില്‍ ഏല്‍പ്പിക്കുന്നത് സംബന്ധിച്ചും വിവിധ ക്ഷേത്രങ്ങളില്‍ നടവരവായി ലഭിച്ചിട്ടുള്ളതും ഉപയോഗത്തിലില്ലാത്തതുമായ വിളക്കുകള്‍,പഴയ ഓട്ടുപാത്രങ്ങള്‍ എന്നിവയുടെ ലേലം സംബന്ധിച്ചും വന്ന വാര്‍ത്ത അവ്യക്തവും തെറ്റിദ്ധാരണാജനകവുമാണ്. ദേവസ്വം ബോര്‍ഡിന്റെ തീരുമാനത്തെ കുറിച്ച് അദ്ദേഹം പറഞ്ഞത് ങ്ങനെ,
ബോര്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ വരുമാന മാര്‍ഗ്ഗങ്ങളെ സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ സമിതിയെ നിയോഗിച്ചിരുന്നു. സ്ട്രോംഗ്റൂമുകളില്‍ സൂക്ഷിച്ചിട്ടുള്ളതും, ആചാരപരമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ടത് അല്ലാത്തതുമായ സ്വര്‍ണ്ണത്തിന്റെ സ്റ്റോക്ക് തിട്ടപ്പെടുത്തി റിസര്‍വ്വ് ബാങ്ക് പദ്ധതി പ്രകാരം ബാങ്കിലേല്പ്പിച്ചാല് പലിശ ലഭിക്കുമെന്ന് സമിതി ശുപാര്‍ശ ചെയ്തു.വിവിധ ദേവസ്വങ്ങളിലായി ഭക്തര്‍ നടക്കുവെയ്ക്കുന്ന വിളക്കുകള്‍ വലിയതോതില്‍ അതാത് ദേവസ്വങ്ങളില്‍ കെട്ടിക്കിടക്കുകയാണ്.ഇവ സൂക്ഷിക്കുവാനുള്ള സൗകര്യം ഒട്ടുമിക്ക ദേവസ്വങ്ങളിലും ഇല്ല. വര്‍ഷങ്ങളായി കുമിഞ്ഞു കൂടിക്കിടക്കുന്ന വിളക്കുകളില്‍ ഒരുഭാഗം കാലാകാലങ്ങളായി ഉപയോഗശൂന്യമായിക്കൊണ്ടിരിക്കുകയാണെന്നും ബോര്‍ഡ് വിലയിരുത്തി.അവയും ക്ഷേത്രങ്ങളില്‍ ഉപയോഗശൂന്യമായിക്കിടക്കുന്ന പഴയ ഓട്ടുപാത്രങ്ങളും മറ്റും സ്റ്റോക്ക് തിട്ടപ്പെടുത്തി ലേലം ചെയ്യണമെന്നും സമിതി ശുപാര്‍ശ ചെയ്തിരുന്നു.
കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രണ്ടുമാസത്തിലധികമായി ശബരിമലയുള്‍പ്പെടെ എല്ലാക്ഷേത്രങ്ങളും അടഞ്ഞുകിടക്കുകയാണ്.ഇതുമൂലം വരുമാനം പൂര്‍ണ്ണമായി നിലച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പഠനസമിതിയുടെ ശുപാര്‍ശ ബോര്‍ഡ് അംഗീകരിക്കുകയും ബോര്‍ഡിന്റെ വകയായുള്ള സ്വര്‍ണ്ണത്തിന്റെയും,വിളക്കുകള്‍,പഴയ ഓട്ടുപാത്രങ്ങള്‍ എന്നിവയുടെയും കണക്കെടുക്കുവാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കുകയുമുണ്ടായി.ആ പ്രക്രിയയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. കണക്കെടുപ്പ് പൂര്‍ത്തിയായശേഷം ഹൈക്കോടതിയുടെ അനുമതി ലഭിച്ചാല്‍ മാത്രമെ ലേല നടപടികളിലേക്ക് കടക്കൂ.വസ്തുത ഇതായിരിക്കെ ഭക്തജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുംവിധം വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചത് നിര്‍ഭാഗ്യകരമാണെന്നും ദേവസ്വംബോര്‍ഡ് പുറത്തിരക്കിയ വാര്‍ത്താ കുറുപ്പില്‍ പറയുന്നു.
Post Your Comments