ദോഹ : ഖത്തറിൽ കോവിഡ് ബാധിച്ച് ശനിയാഴ്ച രണ്ടു പേർ കൂടി മരിച്ചു. 55 ഉം 38 ഉം വയസുള്ളവരാണ് മരണമടഞ്ഞത്. മരണമടഞ്ഞവര്‍ പ്രവാസികളാണോ സ്വദേശികളാണോ എന്നത് വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,732 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 21ഉം, രോഗബാധിതരുടെ എണ്ണം 42,213ഉം ആയതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 620 പേര്‍ സുഖം പ്രാപിച്ചതോടെ രോഗ വിമുക്തരുടെ എണ്ണം 8,513 ആയി ഉയർന്നു. നിലവിൽ 33,679 പേരാണ് ചികിത്സയിലുള്ളത്. 177 പേര്‍ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നു. 1,694 പേരാണ് ആശുപത്രി ഐസലേഷനിലുള്ളത്. കോവിഡ് പരിശോധനക്ക് വിധേയമായവരുടെ എണ്ണം 1,84,794ആയി ഉയര്‍ന്നു.
ഒമാനിൽ ശനിയാഴ്ച 463 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 253 പേർ വിദേശികളാണ്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 7257 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 1848 ആയി ഉയർന്നു. 5375 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. പുതിയ രോഗികളിൽ 347 പേരും മസ്കത്ത് ഗവർണറേറ്റിൽ നിന്നുള്ളവരാണ്. ഇതോടെഇവിടെ കോവിഡ് ബാധിതരുടെ എണ്ണം 5520 ആയി. മസ്കറ്റിൽ അസുഖം സുഖപ്പെട്ടവർ 908. ചികിത്സയിലായിരുന്ന രണ്ട് മലയാളികളടക്കം 34 പേർ ഇതുവരെ മരണപ്പെട്ടു.
Also read : കോവിഡ് : ഗൾഫിൽ ചികിത്സയിലായിരുന്ന രണ്ടു മലയാളികൾ കൂടി മരണപ്പെട്ടു
സൗദിയിൽ 15പേർ കൂടി ശനിയാഴ്ച്ച കോവിഡ് ബാധിച്ച് മരിച്ചു. മക്ക, റിയാദ്, ദമ്മാം, ബീഷ എന്നിവിടങ്ങളിലായി മൂന്ന് സ്വദേശി പൗരന്മാരും 12 വിദേശികളുമാണ് മരിച്ചത്. 2442 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 70161ഉം മരണസംഖ്യ 379ഉം ആയതായി അധികൃതർ അറിയിച്ചു. 2233 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 41236 ആയി ഉയര്‍ന്നു. നിലവിൽ രാജ്യത്തെ വിവിധ ആശുപത്രികളിലായി 8546 പേരെ ചികിത്സയിലുള്ളൂ. ഇതിൽ 339 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
ബഹ്‌റൈനിൽ കോവിഡ് ബാധിതരുടെ എണ്ണം 8000പിന്നിട്ടു. പുതുതായി 360 പേർക്ക് കൂടി ശനിയാഴ്ച രോഗം സ്ഥിരീകരിച്ചു. ഇവരിൽ 220 പേർ വിദേശി തൊഴിലാളികളാണ്. 140 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 8774ആയി ഉയർന്നു. 366 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 4462ആയി ഉയർന്നു. നിലവിൽ 4300 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 28 പേർക്കാണ് മരുന്നുകൾ നൽകുന്നത്. എട്ടുപേരുടെ നില ഗുരുതരമാണ്. 12പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.
Post Your Comments