മുംബൈ: രാജ്യത്തു പണലഭ്യത ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമായി റിസര്‍വ് ബാങ്ക് റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ 0.4 ശതമാനം കുറച്ചു. കോവിഡ് ആഗോളമാന്ദ്യത്തിനു വഴിയൊരുക്കിയിരിക്കെ, രാജ്യത്തിന്റെ മൊത്ത വരുമാന (ജി.ഡി.പി) വളര്‍ച്ച നെഗറ്റീവാകാനുള്ള സാധ്യത കൂടി മുന്നില്‍ക്കണ്ടാണു നടപടി. റിസര്‍വ് ബാങ്കില്‍നിന്നു വാണിജ്യ ബാങ്കുകള്‍ക്കു കൂടുതല്‍ പണം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ മാര്‍ജിനല്‍ സ്‌റ്റാന്‍ഡിങ് ഫെസിലിറ്റി (എം.എസ്.എഫ്), ബാങ്ക് നിരക്ക് എന്നിവയും 0.4 ശതമാനം കുറച്ചു.വായ്‌പാ തിരിച്ചടവിന് ഏര്‍പ്പെടുത്തിയ മൊറട്ടോറിയം മൂന്നു മാസം നീട്ടുകയാണെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്‌തികാന്ത ദാസ് അറിയിച്ചു.
ബാങ്കുകള്‍ക്കു നല്‍കുന്ന വായ്‌പകള്‍ക്ക് ആര്‍.ബി.ഐ. ഇടാക്കുന്ന പലിശ (റിപ്പോ) നിരക്ക് 4.4 ശതമാനത്തില്‍നിന്നു നാലായാണു കുറച്ചത്. ബാങ്കുകളുടെ നിക്ഷേപത്തിന് ആര്‍.ബി.ഐ. നല്‍കേണ്ട പലിശ (റിവേഴ്‌സ് റിപ്പോ) 3.75 ശതമാനത്തില്‍നിന്ന് 3.35 ആയി കുറച്ചു. 4.25 ശതമാനമാണ് പുതിയ എം.എസ്.എഫ്, ബാങ്ക് നിരക്ക്. റിപ്പോ നിരക്ക് കുറച്ചതോടെ ഭവനവായ്‌പയും വാഹനവായ്‌പയും ഉള്‍പ്പെടെയുള്ളവയുടെ പ്രതിമാസ തിരിച്ചടവ് കുറയും. ബാങ്കിലെ നിക്ഷേപങ്ങളുടെ പലിശയും കുറയും.
ബാങ്ക് നിക്ഷേപം കൂടുകയും വായ്‌പയ്‌ക്ക് ആവശ്യക്കാര്‍ കുറയുകയും ചെയ്‌ത നിലയ്‌ക്ക് പലിശ ഇനിയും കുറഞ്ഞേക്കാം. വായ്‌പകള്‍ക്കു നേരത്തേ ഏര്‍പ്പെടുത്തിയ മൂന്നു മാസത്തെ മൊറട്ടോറിയം 31-ന് അവസാനിക്കുന്ന നിലയ്‌ക്കാണ് ഓഗസ്‌റ്റ് 31 വരെ, മൂന്നു മാസത്തേക്കു കൂടി നീട്ടാന്‍ തീരുമാനിച്ചത്. മൊറട്ടോറിയം തെരഞ്ഞെടുക്കുന്നവരുടെ പ്രതിമാസ തിരിച്ചടവ് ഓഗസ്‌റ്റ് ഒന്നിനു ശേഷമേ പുനരാരംഭിക്കൂ. വായ്‌പത്തുകയ്‌ക്ക് മൊറട്ടോറിയം സമയത്തെ പലിശകൂടി നല്‍കേണ്ടിവരും.
Post Your Comments